മറാഠി സാമ്പാറും പേര്‍ഷ്യന്‍ അച്ചാറും ഹിന്ദി പപ്പടവും! മലയാളിയുടെ സദ്യയില്‍ എത്ര ഭാഷകള്‍

മറാഠി സാമ്പാറും പേര്‍ഷ്യന്‍ അച്ചാറും ഹിന്ദി പപ്പടവും! മലയാളിയുടെ സ്ദ്യയില്‍ എത്ര ഭാഷകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സാമ്പാറില്ലാതെ മലയാളിക്ക് എന്തു സദ്യ? എന്നാല്‍ ഈ സാമ്പാര്‍ അത്ര മലയാളി അല്ലെന്ന കാര്യം എത്ര പേര്‍ക്ക് അറിയാം? പല പച്ചക്കറികള്‍ സംഭരിക്കുന്നതിനാല്‍ സാമ്പാര്‍ എന്ന വാക്കു വന്നെന്നു ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും അതു മലയാളമല്ലെന്ന വാദത്തിന് തന്നെയാണ് ബലം കൂടുതല്‍. 

ചാമ്പാരം എന്ന തമിഴ്പദത്തില്‍നിന്നാണ് സാമ്പാറിന്റെ വരവെന്നാണ് ഒരു വാദം. സാമ്പോള്‍ എന്ന സിംഹള പദത്തില്‍നിന്നാണെ ന്നു മറ്റു ചിലര്‍. തഞ്ചാവൂര്‍ ഭരിച്ചിരുന്ന മറാത്താ രാജാവ് ഷാഹുജിഛത്രപതി ശിവജിയുടെ മകന്‍സാംബാജിക്ക് നല്‍കിയ വിരുന്നിലാണ് ആദ്യമായി ഈ കറിയുണ്ടാക്കിയതെന്നും സാംബാജിയുടെ പേരില്‍ അത് അറിയപ്പെട്ടെന്നും വേറൊരു കഥ. അങ്ങനെ സാമ്പാര്‍ മറാത്തിയാണെന്ന വാദത്തിന് ഇത്തിരി എരിവും പുളിയും കൂടുതല്‍ തന്നെ.

സാമ്പാര്‍ മറാത്തിയാണെങ്കില്‍ അച്ചാര്‍ പക്ഷേ, ഇന്ത്യന്‍ പോലുമല്ല. പേര്‍ഷ്യനില്‍നിന്നാണത്രെ അതിന്റെ വരവ്. അച്ചാര്‍ മാത്രമല്ല ചപ്പാത്തിയും പേര്‍ഷ്യന്‍ വാക്കാണ്. അബ്കാരി, ഉറുമാല്‍, കാക്കി, കാനേഷുമാരി, ജമീന്ദാര്‍, ദര്‍ബാര്‍, പേഷ്‌കാര്‍, മേനാവ്, സര്‍ദാര്‍ ഒക്കെ മലയാളത്തില്‍ പ്രചാരത്തിലുള്ള പേര്‍ഷ്യന്‍ വാക്കുകളാണ്. ഇപ്പോള്‍ സമര രംഗത്ത് ചൂടോടെ കേള്‍ക്കുന്ന ആസാദിയും പേര്‍ഷ്യന്‍ വാക്കു തന്നെ. 

അറബി വാക്കുകളും കുറവല്ല നമ്മുടെ നിത്യോപയോഗ ഭാഷയില്‍. ഇന്‍ക്വിലാബ് ആണ് അതില്‍ ഒന്നാമന്‍. താലൂക്കും ജില്ലയുമെല്ലാം അറബിയാണ്. അദാലത്ത്, അമ്പാരി, ഉസ്താദ്, കബര്‍, കാപ്പിരി, ചുക്കാന്‍, തര്‍ജമ, ദുനിയാവ്, മഹസ്സര്‍, മുന്‍സിഫ്, ഹര്‍ജി, ജനാബ്, സുല്‍ത്താന്‍, കസബ എന്നിവയും അറബിയിയില്‍നിന്നു വന്നവ.

അലമാര മലയാളത്തില്‍ എത്തിയത് പോര്‍ച്ചുഗീസില്‍ നിന്നാണ്. അലമാരയ്ക്കു പുറമേ മേശയും കസേരയും ജനലുമെല്ലാം വന്നത് പോര്‍ച്ചുഗീസില്‍നിന്ന്. ആയ, ഇസ്തിരി, കുരിശ്, തൂവാല, പട്ടാളം, പാതിരി, പേന, റാന്തല്‍, വരാന്ത, കുശിനി, ചാവി ഒക്കെ പോര്‍ട്ടുഗലിന്റെ സംഭാവനകളാണ്.

നാളികേരം നമ്മുടെ സ്വന്തമെങ്കിലും കൊപ്ര ഹിന്ദി വന്നത് ഹിന്ദിയില്‍നിന്നാണ്. നാളീകേരം അരച്ചുള്ള ചട്‌നിയും ഹിന്ദി വാക്കെന്ന് എത്ര പേര്‍ക്കറിയാം? ഇനി പപ്പടം എടുത്താലോ, അതും ഹിന്ദി തന്നെ. ഡപ്പി, പാറാവ്, പങ്ക, പട്ടാണി, ബംഗ്ലാവ്, ബന്ദ്, സാരി, റൊട്ടി, ചട്ടി, പൈസ, ചൂള എന്നിവയും മലയാളത്തില്‍ പ്രചാരത്തിലുള്ള ഹിന്ദി വാക്കുകളാണ്. 

അശോകം, അനുരാഗം, ഹിതം, ശംഖ്, ദണ്ഡം തുടങ്ങിയ നിരവധി പദങ്ങള്‍ സംസ്‌കൃത ഭാഷയില്‍നിന്ന് നമ്മള്‍ ്വീകരിച്ചിട്ടുണ്ട്. സൂപ്രണ്ട്, സര്‍ക്കുലര്‍, ചെക്ക്, ബോണ്ട് തുടങ്ങിയവയവയൊക്കം ഇംഗ്ലീഷില്‍നിന്നു നേരിട്ട് എടുത്തവ. അങ്ങനെയൊക്കെയാണ് നമ്മുടെ മലയാളം വളര്‍ന്നു വളര്‍ന്നു പോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com