അടുക്കളയിലെ ഹീറോ പ്രഷർകുക്കർ തന്നെയാണ്. ഉപകാരിയാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടൻ പണി തരും. പാചകവാതക സിലിണ്ടറുകളെ പോലെ തന്നെ പ്രഷര്‍ കുക്കര്‍ കൈകാര്യം ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം.
കുക്കർ അടയ്ക്കുന്നതിനു മുൻപ് മൂടിയിലുള്ള റബ്ബർ ഗാസ്കറ്റിൽ വിള്ളൽ വീണിട്ടുണ്ടോ എന്ന് പരിശോധിക്കണം. സേഫ്റ്റി വാൽവിന് തകരാർ ഉണ്ടെങ്കിൽ പിന്നീട് അത് ഉപയോഗിക്കരുത്.
കൃത്യമായ ഇടവേളകളിൽ കുക്കറിന്റെ സേഫ്റ്റി വാൽവുകൾ മാറ്റുന്നതാണ് സുരക്ഷിതം. ഏതു കമ്പനിയുടെ കുക്കറാണോ അതേ കമ്പനിയുടെ തന്നെ സേഫ്റ്റി വാൽവുകൾ ഉപയോഗിക്കുക.
കുക്കർ വൃത്തിയായി കഴുകി ഉപയോഗിക്കണം. മൂടിയിലുള്ള ഗാസ്കറ്റുകൾ നീക്കി പ്രത്യേകം കഴുകണം. ഇവ കഴുകിയുണക്കിയതിനു ശേഷം മാത്രമേ മൂടിയിലേക്ക് തിരികെയിടാവൂ. വാൽവ് വുഡൺ ടൂത്ത് പിക്കോ മറ്റോ ഉപയോഗിച്ച് വൃത്തിയാക്കാം.
കുക്കർ നിറഞ്ഞു പോകുന്നതു പോലെ സാധനങ്ങൾ വേവിക്കാൻ വെക്കരുത്, അത് പൊട്ടിത്തെറിക്കാനുള്ള സാധ്യത ഉണ്ടാക്കും. വേവുന്നതിനനുസരിച്ച് വികസിക്കുന്ന പയറുവർഗങ്ങൾ കുക്കറിന്റെ പകുതി വരെ മാത്രമേ ഇടാവു. വേവുന്നതിന് ആവശ്യമായ വെള്ളമുണ്ടെന്ന് ഉറപ്പാക്കണം.
ഭക്ഷണ പദാർഥത്തെപ്പറ്റിയും വേവാനായി ഒഴിക്കേണ്ട വെള്ളത്തിന്റെ അളവിനെപ്പറ്റിയും കൃത്യമായി അറിഞ്ഞിരിക്കണം. ചില ആഹാരപദാർഥങ്ങൾ വേവിക്കുമ്പോൾ പതഞ്ഞുപൊങ്ങാറുണ്ട്. കുക്കറിലെ ആവി പോകാനുള്ള വാൽവ് വഴിയാണ് പതഞ്ഞുപുറത്തേക്ക് വരുന്നത്. ഇത് വാൽവ് അടയാൻ സാധ്യതയുണ്ട്.
അടുപ്പിലെ ചൂടില്‍ നിന്ന് കുക്കര്‍ മാറ്റിവെച്ച് പ്രഷര്‍ തനിയെ പോകാന്‍ വെയ്ക്കുകയാണ് പ്രഷര്‍ റിലീസ് ചെയ്യാനുള്ള സുരക്ഷിതമായ മാര്‍ഗം. കുക്കറിലെ മൂടിക്ക് മുകളിലൂടെ തണുത്തവെള്ളം ഒഴിച്ച് പ്രഷര്‍ റിലീസ് ചെയ്യിക്കുകയാണ് മറ്റൊരു രീതി.
പ്രതീക്ഷിക്കുന്ന സമയം കഴിഞ്ഞ് പ്രഷര്‍ റിലീസ് ആവുന്ന ശബ്ദം കേള്‍ക്കുന്നില്ലെങ്കില്‍ ശ്രദ്ധിക്കണം. സ്റ്റൗ ഓഫാക്കി സുരക്ഷിതമായ അകലം പാലിച്ചശേഷമേ പരിശോധന പാടുള്ളു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക