ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഇന്ന് ബംഗ്ലാദേശിനെതിരെ ; ഡുപ്ലസിക്കും സംഘത്തിനും വിജയം അനിവാര്യം

ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ അപേക്ഷിച്ച് ദുര്‍ബലരാണെങ്കിലും, തങ്ങളുടേതായ ദിവസം ആരെയും അട്ടിമറിക്കാനുള്ള കരുത്ത് ബംഗ്ലാ കടുവകള്‍ക്കുണ്ട്
ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഇന്ന് ബംഗ്ലാദേശിനെതിരെ ; ഡുപ്ലസിക്കും സംഘത്തിനും വിജയം അനിവാര്യം

കെന്നിംഗ്ടണ്‍ ഓവല്‍ : ലോകകപ്പില്‍ കരുത്തരായ ദക്ഷിണാഫ്രിക്ക ഇന്ന് ബംഗ്ലാദേശിനെ നേരിടും. ആദ്യമല്‍സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോട് തോറ്റതിന്റെ  സമ്മര്‍ദ്ദത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം. ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ അപേക്ഷിച്ച് ദുര്‍ബലരാണെങ്കിലും, തങ്ങളുടേതായ ദിവസം ആരെയും അട്ടിമറിക്കാനുള്ള കരുത്ത് ബംഗ്ലാ കടുവകള്‍ക്കുണ്ട്. 

ഇംഗ്ലണ്ടിനെതിരെ ആദ്യ ഓവറില്‍ ബെയര്‍സ്‌റ്റോയുടെ വിക്കറ്റെടുത്തെങ്കിലും, പിന്നീട് നിയന്ത്രണം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ കൈയില്‍ നിന്ന് വിട്ടുപോകുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് വന്‍ സ്‌കോര്‍ നേടുന്നത് തടയാന്‍ സാധിച്ചില്ല. ബാറ്റിംഗ് നിര പ്രതീക്ഷിച്ചപോലെ ശോഭിച്ചുമില്ല. ആദ്യ കളിയിലെ തെറ്റുകള്‍ തിരുത്തി ഡുപ്ലെസിയും സംഘവും ഇന്ന് തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

തമീം ഇഖ്ബാല്‍, ഷാകിബ് അല്‍ ഹസന്‍, മുഷ്‌റഫ് മൊര്‍ത്താസെ എന്നിവരുടെ പരിചയസമ്പത്താണ് ബംഗ്ലാദേശിന്റെ കരുത്ത്. പിടിച്ചുനിന്നാല്‍ എതിരാളികള്‍ക്ക് തലവേദനയുണ്ടാക്കാന്‍ കെല്‍പ്പുള്ള താരമാണ് തമീം ഇഖ്ബാല്‍. മികച്ച ഓള്‍റൗണ്ടര്‍ കൂടിയാണ് ഷാകിബ്. 

ഓവലിലെ പിച്ച് സ്ലോ ബൗളര്‍മാരെ തുണയ്ക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. രണ്ടാമത് ബാറ്റ് ചെയ്തിട്ടുള്ളവരാണ് ഇവിടെ കൂടുതലും വിജയിച്ചിട്ടുള്ളത്. തുടക്കത്തില്‍ പേസര്‍മാരെ സഹായിച്ചേക്കാമെങ്കിലും പിന്നീട് ബാറ്റിംഗ് എളുപ്പമാകുമെന്നാണ് ഗ്രൗണ്ട് സ്റ്റാഫ് അഭിപ്രായപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com