പാകിസ്ഥാന്‍ എത്തുന്നത് ഇംഗ്ലണ്ടിന്റെ കശാപ്പുശാലയിലേക്ക്; തിരിച്ചു വരാന്‍ പാകിസ്ഥാന്‍ വിയര്‍ക്കും

ഏകദിനത്തിലെ ഏറ്റവും കൂറ്റന്‍ സ്‌കോര്‍ രണ്ട് വട്ടം ഇംഗ്ലണ്ട് കുറിച്ച മൈതാനമാണിത്
പാകിസ്ഥാന്‍ എത്തുന്നത് ഇംഗ്ലണ്ടിന്റെ കശാപ്പുശാലയിലേക്ക്; തിരിച്ചു വരാന്‍ പാകിസ്ഥാന്‍ വിയര്‍ക്കും

ആയുധത്തിന് മൂര്‍ച്ച കൂട്ടാനുറച്ച് ഇംഗ്ലണ്ടും, തിരിച്ചു വരവിനായി പാകിസ്ഥാനും ഇന്നിറങ്ങും. ബാറ്റ്‌സ്മാന്മാരെ തുണയ്ക്കുന്ന ട്രെന്റ് ബ്രിഡ്ജിലാണ് പോരാട്ടം. ഏകദിനത്തിലെ ഏറ്റവും കൂറ്റന്‍ സ്‌കോര്‍ രണ്ട് വട്ടം ഇംഗ്ലണ്ട് കുറിച്ച മൈതാനമാണിത്. 

2016ല്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാനെതിരെ തന്നെയാണ് അവര്‍ 444 റണ്‍സ് അടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് അടിച്ചു പറത്തിയ 481 റണ്‍സ് പിറന്നതും ട്രെന്റ് ബ്രിഡ്ജില്‍ തന്നെ. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ പാകിസ്ഥാന് വലിയ ഭീഷണിയാണ് ട്രെന്റ് ബ്രിഡ്ജില്‍ ഇംഗ്ലണ്ട് ഉയര്‍ത്തുന്നത്.

വിന്‍ഡിസ് ബൗളിങ്ങ് നിരയ്ക്ക് മുന്‍പില്‍ പാകിസ്ഥാന്‍ വിറച്ചത് മുന്നില്‍ കണ്ട് ജോഫ്ര ആര്‍ച്ചര്‍ക്കൊപ്പം മാര്‍ക്ക് വുഡിനേയും ഇംഗ്ലണ്ട് ബൗളിങ്ങിലേക്ക് കൊണ്ടുവന്നേക്കും. ഷോര്‍ട്ട് ബോളില്‍ പാക് ബാറ്റ്‌സ്മാന്മാര്‍ പരുങ്ങിയത് മുന്നില്‍ കണ്ടാണിത്. ലോകകപ്പിന് തൊട്ടുമുന്‍പ് അവസാനിച്ച പരമ്പരയില്‍ 4-0നാണ് പാകിസ്ഥാനെ ഇംഗ്ലണ്ട് തകര്‍ത്തത്. സ്‌കോര്‍ ബോര്‍ഡ് 500 കടത്തുക എന്നത് അപ്രാപ്യമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് എങ്കിലും പാകിസ്ഥാനെതിരെ ഇംഗ്ലണ്ട് ട്രെന്റ് ബ്രിഡ്ജില്‍ ഇറങ്ങുമ്പോള്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 

പാകിസ്ഥാന് പ്രതീക്ഷ നല്‍കുന്നത് മുഹമ്മദ് അമീറിന്റെ ബൗളിങ്ങാണ്. വിന്‍ഡിസിനെതിരെ ഗെയില്‍, ഷായ് ഹോപ്പ് എന്നിവരുടെ അടക്കം മൂന്ന് വിക്കറ്റ് വീഴ്ത്തി അമീര്‍ മികവ് കാട്ടിയിരുന്നു. ജാസന്‍ റോ, ജോ റൂട്ട്, മോര്‍ഗന്‍, ബട്ട്‌ലര്‍ എന്നിവരെ എത്രമാത്രം പാക് ബൗളര്‍മാര്‍ക്ക് പിടിച്ചുകെട്ടാന്‍ സാധിക്കും എന്നതാശ്രയിച്ചിരിക്കും പാകിസ്ഥാന്റെ കളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com