ഗാവസ്‌കറിന്റെ 36 റണ്‍സ്, രവി ശാസ്ത്രിയുടെ മെല്ലെപ്പോക്ക്; ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണിങ് മത്സരങ്ങള്‍ കൗതുകകരമാണ്‌

1999ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കളിച്ച ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റിരുന്നു...
ഗാവസ്‌കറിന്റെ 36 റണ്‍സ്, രവി ശാസ്ത്രിയുടെ മെല്ലെപ്പോക്ക്; ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണിങ് മത്സരങ്ങള്‍ കൗതുകകരമാണ്‌

ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടങ്ങളില്‍ ഇന്ത്യയ്ക്കുള്ള റെക്കോര്‍ഡ് എങ്ങനെയെന്നതും സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ആരാധകരും ക്രിക്കറ്റ് വിദഗ്ധരും കണക്കു കൂട്ടുന്നുണ്ടാവും...ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അഞ്ച് ജയങ്ങളാണ് ഇന്ത്യ നേടിയത്...തോറ്റത് ആറ് മത്സരങ്ങളിലും.

2011 മുതല്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റിട്ടില്ല. 1999ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കളിച്ച ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റിരുന്നു...

1975ലെ തോല്‍വി

1975 ലോകകപ്പ് ഇംഗ്ലണ്ടിനോടായിരുന്നു ഇന്ത്യ ആദ്യ മത്സരത്തില്‍ തോറ്റത്. അന്നായിരുന്നു 174 പന്തില്‍ നിന്നും ഗാവസ്‌കറിന്റെ 36 റണ്‍സ് പ്രകടനം വരുന്നത്. 334 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 60 ഓവറില്‍ നേടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ്. 

1975ല്‍ ഇന്ത്യ സെമിയിലും എത്തിയില്ല. ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരെ മാത്രമാണ് ഇന്ത്യ അന്ന് ജയിച്ചത്. 

1979ലും ആദ്യ മത്സരത്തില്‍ തോല്‍വി

നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡിസിന് എതിരെയാണ് ഇന്ത്യ 1979 ലോകകപ്പില്‍ ആദ്യ മത്സരം കളിക്കാനിറങ്ങിയത്. അന്ന് വിന്‍ഡിസിന്റെ പേസ് ത്രയങ്ങളായ മൈക്കല്‍ ഹോള്‍ഡിങ്, ജോയല്‍ ഗാര്‍നര്‍, ആന്‍ഡി റോബര്‍ട്‌സ്, കോളിന്‍ ക്രോഫ്റ്റ് എന്നിവര്‍ക്ക് മുന്നില്‍ ഇന്ത്യ തകര്‍ന്നു. 53 ഓവറില്‍ ഇന്ത്യ കണ്ടെത്തിയത് 190 റണ്‍സ്. 52 ഓവറില്‍ വിന്‍ഡിസ് അത് മറികടന്നു. 

1983ലെ ലോകകപ്പില്‍ വിന്‍ഡിസിനെ തകര്‍ത്താണ് തുടങ്ങിയത്

1983ലെ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡിസിനെ ഓപ്പണിങ് മത്സരത്തില്‍ തകര്‍ത്താണ് ഇന്ത്യ തുടങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 262 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡിസിന് 228 റണ്‍സ് കണ്ടെത്താനെ സാധിച്ചുള്ളു. രവി ശാസ്ത്രിയുടേയും, റോജര്‍ ബിന്നിയുടേയും ബൗളിങ്ങാണ് അന്ന് ഇന്ത്യയ്ക്ക് തുണയായത്. 

1987ല്‍ ഒരു റണ്‍സിന് ഓസീസിനോട്

1987 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായി എത്തിയ ഇന്ത്യ 1 റണ്‍സിന് ഓസ്‌ട്രേലിയയോട് തോറ്റാണ് തുടങ്ങിയത്. 50 ഓവറില്‍ ഓസീസ് ഉയര്‍ത്തിയത് 270 റണ്‍സ് വിജയ ലക്ഷ്യം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഗാവസ്‌കറിന്റേയും, ശ്രീകാന്തിന്റേയും ബാറ്റിങ് ബലത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് എന്നിടത്തേക്കെത്തി. എന്നാല്‍ പിന്നീടങ്ങോട്ട് കൂട്ടത്തകര്‍ച്ചയിലേക്കാണ് ഇന്ത്യ വീണത്. 229-3 എന്ന നിലയില്‍ നിന്ന് 269 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി. 

1992ല്‍ രവി ശാസ്ത്രിയുടെ മെല്ലെപ്പോക്ക് വില്ലനായി

ഇംഗ്ലണ്ടായിരുന്നു അന്ന് ഇന്ത്യയുടെ ആദ്യ എതിരാളി. 237 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 9 റണ്‍സിന് തോറ്റു. 112 പന്തില്‍ നിന്നും 57 റണ്‍സുമായി നിന്ന ശാസ്ത്രിയുടെ മെല്ലെപ്പോക്കാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 

1996ല്‍ കെനിയയെ തകര്‍ത്ത് തുടക്കം

സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പില്‍ കെനിയയായിരുന്നു ഇന്ത്യയുടെ ആദ്യ് എതിരാളി. 50 ഓവറില്‍ അവര്‍ക്ക് ഉയര്‍ത്താനായത് 199 റണ്‍്‌സ്. സച്ചിന്റെ സെഞ്ചുറി ബലത്തില്‍ ഇന്ത്യയത് അനായാസം മറികടന്നു. സച്ചിനും അജയ് ജഡേജയും ചേര്‍ന്ന് 163 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് തീര്‍ത്തത്. 

1999 ലോകകപ്പില്‍ സൗത്ത് ആഫ്രിക്ക തോല്‍പ്പിച്ചു

അന്ന് 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയത് 253 റണ്‍സ്. ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച ഗാംഗുലി 97 റണ്‍സോടെ മികവ് കാട്ടിയ കളിയായിരുന്നു അത്. എന്നാല്‍ കാലിസിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സിലൂടെ 16 പന്തുകള്‍ ബാക്കി നില്‍ക്കെ സൗത്ത് ആഫ്രിക്ക നാല് വിക്കറ്റിന് ജയം പിടിച്ചു. 

2003 ല്‍ ഡച്ച് ആക്രമണത്തെ അതിജീവിച്ചു

നെതര്‍ലാന്‍ഡ് ഉയര്‍ത്തിയ ഭീഷണിയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടാണ് 2003ല്‍ ഇന്ത്യ ലോകകപ്പ്് ആരംഭിച്ചത്. ഇന്ത്യ 48.4 ഓവറില്‍ 204 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. എന്നാല്‍ കുംബ്ലേയും ശ്രീകാന്തും ചേര്‍ന്ന് എട്ട് വിക്കറ്റ് വീഴ്ത്തിയതോടെ അവര്‍ 136 റണ്‍സിന് ഓള്‍ ഔട്ടായി. 

2007ല്‍ ബംഗ്ലാദേശ് നല്‍്കിയ ഷോക്ക്

അന്ന് അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തകര്‍ത്തത്. ഗാംഗുലി 66 റണ്‍സും, യുവി 47 റണ്‍സും എടുത്തെങ്കിലും 191 റണ്‍സിന് ്ഇന്ത്യ പുറത്തായി. തമീം ഇഖ്ബാല്‍, മുഷ്ഫിഖര്‍ റഹിം, ഷക്കീബ് അല്‍ ഹസന്‍ എന്നിവരുടെ ബാറ്റിങ് മികവില്‍ ഇന്ത്യയെ അവര്‍ ഞെട്ടിച്ചു. 

2011 ല്‍ ബംഗ്ലാദേശിനെ തകര്‍ത്തു

2007ലെ കണക്ക് തീര്‍ത്താണ് 2011ല്‍ ഇന്ത്യ തുടങ്ങിയത്. സെവാഗ് 140 പന്തില്‍ നിന്നും അടിച്ചെടുത്തത് 175 റണ്‍സ്. കോഹ് ലിയും സെഞ്ചുറി നേടിയതോടെ ഇന്ത്യ അവര്‍ക്ക് മുന്നില്‍ 370 റണ്‍സ് വിജയ ലക്ഷ്യം വെച്ചു. ബംഗ്ലാദേശ് നേടിയത് 283 റണ്‍സ്. മുനാഫ് പട്ടേലും, സഹീറും ചേര്‍ന്ന് ആറ് വിക്കറ്റ് വീഴ്ത്തി. 

2015ല്‍ പാകിസ്ഥാനെ തകര്‍ത്ത് തുടങ്ങി

ചിരവൈരികളായ പാകിസ്ഥാനെ 76 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. കോഹ് ലിയുടെ സെഞ്ചുറിയും, ധവാന്റേയും റെയ്‌നയുടേയും മികച്ച ബാറ്റിങ്ങും ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറില്‍ എത്തിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്റെ ഇന്നിങ്‌സ് 224 റണ്‍സില്‍ ഒതുങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com