ധോനിയോടും രാജ്യത്തോടും ഐസിസി മാപ്പ് പറയണം, അതേ ഗ്ലൗസ് ധരിച്ച് ധോനി ലോകകപ്പ് ഉയര്‍ത്തണമെന്നും ശ്രീശാന്ത്

ലോകത്തിന്റെ എല്ലാ ഭാഗത്തും ധോനി ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങള്‍ ധോനിയെ പിന്തുണയ്ക്കും എന്നുറപ്പാണ്
ധോനിയോടും രാജ്യത്തോടും ഐസിസി മാപ്പ് പറയണം, അതേ ഗ്ലൗസ് ധരിച്ച് ധോനി ലോകകപ്പ് ഉയര്‍ത്തണമെന്നും ശ്രീശാന്ത്

ഗ്ലൗസില്‍ നിന്നും ബലിദാന്‍ ബാഡ്ജ് നീക്കാന്‍ ധോനിയോട് ആവശ്യപ്പെട്ടതിന് ധോനിയോടും രാജ്യത്തിനോടും ഐസിസി മാപ്പ് പറയണമെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ധോനിയിലെ ദേശസ്‌നേഹം എത്രമാത്രമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ആ ചിഹ്നം ഉള്‍പ്പെടുന്ന ജേഴ്‌സിയണിഞ്ഞ് ധോനി കളിക്കുന്നത് കാണുമ്പോഴുള്ള അഭിമാനം എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ലെന്നും ശ്രീശാന്ത് പറഞ്ഞു. 

അതേ ഗ്ലൗസ് ധരിച്ച് കളിച്ച് ധോനി ലോകകപ്പ് ഉയര്‍ത്തണം. രണ്ട് ലോകകപ്പുകള്‍ ഇന്ത്യയ്ക്ക് നേടിത്തന്ന താരമാണ് ധോനി. ലോകത്തിന്റെ എല്ലാ ഭാഗത്തും ധോനി ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങള്‍ ധോനിയെ പിന്തുണയ്ക്കും എന്നുറപ്പാണ്. ധോനിയുടെ ഗ്ലൗസില്‍ നിന്നും ബലിദാന്‍ ബാഡ്ജ് നീക്കണം എന്ന നിര്‍ദേശം ഐസിസി പിന്‍വലിക്കുമെന്നും, രാജ്യത്തോട് ക്ഷമ ചോദിക്കുമെന്നും താന്‍ ഉറച്ച് വിശ്വസിക്കുന്നതായും ശ്രീശാന്ത് പറഞ്ഞു. 

പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നമുള്ള ഗ്ലൗസ് ധരിച്ച് ധോനി സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കളിക്കാനിറങ്ങിയതാണ് വിവാദമായത്. ഇന്ത്യന്‍ ആരാധകര്‍ ധോനിയുടെ രാജ്യ സ്‌നേഹത്തെ പുകഴ്ത്തുമ്പോള്‍, ഈ ചിഹ്നം ഗ്ലൗസില്‍ നിന്ന് നീക്കണം എന്ന നിര്‍ദേശമാണ് ഐസിസിയില്‍ നിന്ന് വന്നത്. എന്നാല്‍ ധോനിക്കൊപ്പം നില്‍ക്കുമെന്നും, അതേ ചിഹ്നമടങ്ങിയ ഗ്ലൗസ് ധരിച്ച് കളിക്കുന്നതിന് ഐസിസിയുടെ പക്കല്‍ നിന്നും അനുവാദം വാങ്ങുമെന്നും ബിസിസിഐ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com