അഫ്ഗാന്‍ സ്പിന്നിനെ തളയ്ക്കണം, ജയം തുടരാന്‍ കീവീസ് ഇന്നിറങ്ങുന്നു

ഏത് കുഞ്ഞന്‍ ടീമിനെ നേരിടാന്‍ ഇറങ്ങുമ്പോഴും അട്ടിമറി ഭീഷണി അവിടെയുണ്ട്. അങ്ങനെയൊന്നിന്റെ ഭീഷണി അരികില്‍ വെച്ചാണ് ന്യൂസിലാന്‍ഡ് ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടാന്‍ ഇറങ്ങുന്നത്
അഫ്ഗാന്‍ സ്പിന്നിനെ തളയ്ക്കണം, ജയം തുടരാന്‍ കീവീസ് ഇന്നിറങ്ങുന്നു

ഏത് ടീമിനും ഏത് ടീമിനേയും തോല്‍പ്പിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇംഗ്ലണ്ടിലേത് എന്നാണ് ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ കണ്ട് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ഏത് കുഞ്ഞന്‍ ടീമിനെ നേരിടാന്‍ ഇറങ്ങുമ്പോഴും അട്ടിമറി ഭീഷണി അവിടെയുണ്ട്. അങ്ങനെയൊന്നിന്റെ ഭീഷണി അരികില്‍ വെച്ചാണ് ന്യൂസിലാന്‍ഡ് ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടാന്‍ ഇറങ്ങുന്നത്. 

1999 ലോകകപ്പിന് ശേഷം ഇവിടെ ആദ്യമായിട്ടാണ് മത്സരം നടക്കുന്നത്. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് കൂപ്പര്‍ അസോസിയേറ്റ് കൗണ്ടി ഗ്രൗണ്ടിലേത്. സൗത്ത് ആഫ്രിക്കയെ ഞെട്ടിച്ചെത്തിയ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് കീവീസ് വരുന്നത്. അഫ്ഗാനിസ്ഥാന്റെ സ്പിന്‍ കരുത്തിനെ അതിജീവിക്കുക തന്നെയാണ് കളിയില്‍ നിര്‍ണായകമാവുന്നത് എന്ന് കെയിന്‍ വില്യംസന്‍ പറഞ്ഞു കഴിഞ്ഞു. കീവീസിന്റെ ശക്തിയാവട്ടെ പേസ് നിരയിലും. മാറ്റ് ഹെന്‍് റിയും, ട്രെന്റ് ബോള്‍ട്ടും, ഫെര്‍ഗൂസനുമെല്ലാം ഇംഗ്ലണ്ടില്‍ മികവ് കാട്ടി തന്നെയാണ് തുടങ്ങുന്നത്. ഫെര്‍ഗൂസന്റെ കളിയാണ് കീവീസിന് നിര്‍ണായകമാവുന്നത് എന്നും വില്യംസന്‍ പറയുന്നു. 

2015 ലോകകപ്പിലാണ് ഇതിന് മുന്‍പ് അഫ്ഗാനിസ്ഥാനും, കീവീസും ഏറ്റുമുട്ടിയ ഒരേയൊരു മത്സരം. അന്ന് 186 റണ്‍സിന് അഫ്ഗാന്‍ പുറത്തായി. 13 ഓവര്‍ ബാക്കി നില്‍ക്കെ ആറ് വിക്കറ്റിന് കീവീസ് വിജയ ലക്ഷ്യം മറികടന്നു. അഫ്ഗാനിസ്ഥാന്‍ കളിച്ച കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ അവര്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ തോറ്റു. കീവീസാവട്ടെ തങ്ങളുടെ കഴിഞ്ഞ 5 കളികളില്‍ അഞ്ചെണ്ണത്തിലും ജയം പിടിച്ചു. 

പാകിസ്ഥാനെ സന്നാഹ മത്സരത്തില്‍ തോല്‍പ്പിച്ചാണ് തുടങ്ങിയത് എങ്കിലും അഫ്ഗാനിസ്ഥാന് ലോകകപ്പില്‍ അതിന്റെ തുടര്‍ച്ച പുറത്തെടുക്കാനായിട്ടില്ല. ഓസീസിനോടും, ശ്രീലങ്കയോടും തോല്‍വിയാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. സന്നാഹ മത്സരത്തില്‍ വിന്‍ഡിസില്‍ നിന്ന് കൂറ്റന്‍ തോല്‍വി നേരിട്ടെങ്കിലും, ലോകകപ്പിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും ജയം പിടിച്ച് കീവീസ് താളം നിലനിര്‍ത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com