ഇന്ത്യയുടെ വിക്കറ്റ് വീഴുമ്പോള്‍ വ്യത്യസ്തമായ സെലിബ്രേഷന്‍, പാക് ടീമിന്റെ നീക്കം തടഞ്ഞ് ഇമ്രാന്‍ ഖാന്‍

റാഞ്ചിയിലെ മത്സരത്തില്‍ ആര്‍മി ക്യാപ്പ് ധരിച്ച് ഇന്ത്യ ഇറങ്ങിയതിന് മറുപടി നല്‍കുകയായിരുന്നു പാക് ടീമിന്റെ ലക്ഷ്യം
ഇന്ത്യയുടെ വിക്കറ്റ് വീഴുമ്പോള്‍ വ്യത്യസ്തമായ സെലിബ്രേഷന്‍, പാക് ടീമിന്റെ നീക്കം തടഞ്ഞ് ഇമ്രാന്‍ ഖാന്‍

ലോകകപ്പില്‍ ഇന്ത്യയുമായി ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യയുടെ വിക്കറ്റ് വീഴുന്നത് വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാന്‍ പാക് ക്രിക്കറ്റ് ടീം ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ടീമിന്റെ നീക്കം തടയുകയും, ചിരവൈരികളുമായി ഏറ്റുമുട്ടുമ്പോള്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. 

ജൂണ്‍ പതിനാറിനാണ് ഇന്ത്യ-പാക് പോര്. മാര്‍ച്ചില്‍, ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ റാഞ്ചിയിലെ മത്സരത്തില്‍ ആര്‍മി ക്യാപ്പ് ധരിച്ച് ഇന്ത്യ ഇറങ്ങിയതിന് മറുപടി നല്‍കുകയായിരുന്നു പാക് ടീമിന്റെ ലക്ഷ്യം. എന്നാല്‍, കളി ആസ്വദിക്കുക മാത്രം ചെയ്യുക, രാഷ്ട്രീയ നയതന്ത്രത്തെ സ്പര്‍ഷിക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് വിട്ടു നില്‍ക്കുക എന്ന നിര്‍ദേശമാണ് പാക് പ്രധാനമന്ത്രിയില്‍ നിന്ന് ടീമിന് ലഭിച്ചത് എന്ന് പാക് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കളിയെ രാഷ്ട്രീയമായി കൂട്ടിക്കുഴയ്ക്കരുതെന്നാണ് ഇമ്രാന്‍ ഖാന്‍ നിലപാടെടുത്തത്. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരവര്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ആര്‍മി ക്യാപ് ധരിച്ചിറങ്ങിയത്. ഓരോ വര്‍ഷവും ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ഒരു മത്സരത്തില്‍ ഇന്ത്യന്‍ ടീം ആര്‍മി ക്യാപ് ധരിച്ചാവും ഇറങ്ങുക. 

അവര്‍ എന്താണോ ചെയ്തത് അതിനെ നമ്മള്‍ പിന്തുടരില്ല. എന്നാല്‍, ലോര്‍ഡ്‌സ് ടെസ്റ്റില്‍ മിഷ്ബാ ഉള്‍ ഹഖ് പുഷ് അപ്പ്‌സ് എടുത്ത് ആഘോഷിച്ച് ആര്‍മിക്ക് ആദരവര്‍പ്പിച്ചത് പോലെ എന്തെങ്കിലും ഉണ്ടായേക്കാം. പക്ഷേ ഇന്ത്യന്‍ വിക്കറ്റ് വീഴുന്നതിന് ഇടയില്‍ വ്യത്യസ്തമായി ഒന്നും ചെയ്യില്ലെന്ന് പാക് മാധ്യമപ്രവര്‍ത്തകനായ സത് സാദിഖ് പിസിബി ചെയര്‍മാന്‍ എഹ്‌സാന്‍ മാനിയെ ഉദ്ധരിച്ച് ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com