ഷാക്കിബിന്റെ സെഞ്ചുറി പാഴായി; ബംഗ്ലാദേശിന് 106 റണ്‍സ് തോല്‍വി

ആതിഥേയര്‍ ഉയര്‍ത്തിയ 387 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഇന്നിങ്‌സ് 106 റണ്‍സ് അകലെ വച്ച് അവസാനിച്ചു
ഷാക്കിബിന്റെ സെഞ്ചുറി പാഴായി; ബംഗ്ലാദേശിന് 106 റണ്‍സ് തോല്‍വി

കാര്‍ഡിഫ്:  ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയുളള മത്സരത്തില്‍ ഇംഗ്ലണ്ടിന് മിന്നും ജയം.ആതിഥേയര്‍ ഉയര്‍ത്തിയ 387 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഇന്നിങ്‌സ് 106 റണ്‍സ് അകലെ വച്ച് അവസാനിച്ചു. 48.5 ഓവറില്‍ 280 റണ്‍സിന് ബംഗ്ലാദേശ് പുറത്തായി.

30 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഫ്ര അര്‍ച്ചറും 23 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ബെന്‍ സ്‌റ്റോക്ക്‌സും ബൗളിങ്ങില്‍ തിളങ്ങി. മാര്‍ക്ക് വുഡ് രണ്ടു വിക്കറ്റ് വീഴ്ത്തി.

സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസന്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 95 പന്തില്‍ ഒമ്പതു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് ഷാക്കിബാ തന്റെ എട്ടാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 119 പന്തില്‍ നിന്ന് 12 ബൗണ്ടറിയും ഒരു സിക്‌സുമടക്കം 121 റണ്‍സെടുത്ത ഷാക്കിബ് 40ാം ഓവറിലാണ് പുറത്തായത്. ഷാക്കിബും മുഷ്ഫിഖര്‍ റഹീമും (44) മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 106 റണ്‍സാണ് ബംഗ്ലാ ഇന്നിങ്‌സില്‍ എടുത്തുപറയാവുന്ന കൂട്ടുകെട്ട്. 

നേരത്തെ  ഈ ലോകകപ്പില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് നേടിയാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചത്. ഓപ്പണര്‍ ജേസണ്‍ റോയിയുടെ സെഞ്ചുറിയും ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളും കരുത്തായ ഇന്നിങ്‌സിനൊടുവിലാണ് ഇംഗ്ലണ്ട് പടുകൂറ്റന്‍ സ്‌കോറിലെത്തിയത്. 

നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 386 റണ്‍സെടുത്തത്. ഈ ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിത സ്‌കോറും എല്ലാ ലോകകപ്പിലുമായി ഇംഗ്ലണ്ട് താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും കുറിച്ച റോയി, 121 പന്തില്‍ 14 ബൗണ്ടറിയും അഞ്ചു സിക്‌സും സഹിതം 153 റണ്‍സെടുത്തു.

അവസാന ഓവറുകളില്‍ റണ്‍നിരക്കുയര്‍ത്താനുള്ള ശ്രമത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ലോകകപ്പിലെ കന്നി അര്‍ധസെഞ്ചുറി കുറിച്ച ജോണി ബെയര്‍സ്‌റ്റോ (50 പന്തില്‍ 51), തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറി കുറിച്ച ജോസ് ബട്‌ലര്‍ (44 പന്തില്‍ 64) എന്നിവര്‍ റോയിക്ക് ഉറച്ച പിന്തുണ നല്‍കി. ജോ റൂട്ട് (29 പന്തില്‍ 21), ഒയിന്‍ മോര്‍ഗന്‍ (33 പന്തില്‍ 35), ബെന്‍ സ്‌റ്റോക്‌സ് (ഏഴു പന്തില്‍ ആറ്), ക്രിസ് വോക്‌സ് (എട്ടു പന്തില്‍ പുറത്താകാതെ 18)), ലിയാം പ്ലങ്കറ്റ് (ഒന്‍പതു പന്തില്‍ പുറത്താകാതെ 27) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ബംഗ്ലദേശിനായി മെഹ്ദി ഹസന്‍, മുഹമ്മദ് സയ്ഫുദ്ദീന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com