കീവീസിന്റെ ഹണിമൂണ്‍ കാലം കഴിഞ്ഞു, കണക്ക് വീട്ടാന്‍ ഇന്ത്യ; മഴപ്പേടിയില്‍ നോട്ടിങ്ഹാം

സന്നാഹ മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ടിന്റെ സ്വിങ് ചെയ്‌തെത്തിയ പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ വീഴുകയായിരുന്നു
കീവീസിന്റെ ഹണിമൂണ്‍ കാലം കഴിഞ്ഞു, കണക്ക് വീട്ടാന്‍ ഇന്ത്യ; മഴപ്പേടിയില്‍ നോട്ടിങ്ഹാം

ഇന്ത്യ ഇന്ന് ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ ആര് തോല്‍ക്കുമെന്നതാണ് ചോദ്യം? തോല്‍വിയറിയാതെ ലോകകപ്പില്‍ മുന്നേറുന്ന രണ്ട് ടീമുകളാണ് ഇവരെന്നതാണ് കാരണം...മഴയ്ക്ക് മുന്നില്‍ ഇരു കൂട്ടര്‍ക്കും തോല്‍വി സമ്മതിക്കേണ്ടി വരുമോ എന്ന ചോദ്യവും മുന്‍പില്‍ തന്നെയുണ്ട്. 

സന്നാഹ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് കീവീസിന് ആത്മവിശ്വാസം നല്‍കും. ഇന്ത്യയ്ക്കിത് ആ തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരമാണ്. ശ്രീലങ്കയേയും അഫ്ഗാനിസ്ഥാനേയും ബൗളിങ് മികവ് കൊണ്ടാണ് കീവീസ് എറിഞ്ഞിട്ടത്. ബംഗ്ലാദേശ് ഭീഷണിയെ മറികടക്കുകയും ചെയ്തു. പൊതുവെ ദുര്‍ബലരെന്ന് വിലയിരുത്തപ്പെടുന്ന എതിരാളികളെ ആദ്യം നേരിട്ട കീവീസിന്റെ ലോകകപ്പിലെ ഹണിമൂണ്‍ കാലം ഇന്ത്യയ്ക്ക് മുന്നിലെത്തുന്നതോടെ കഴിയും....

ഇന്ത്യയാവട്ടെ സൗത്ത് ആഫ്രിക്കയ്ക്കും, ഓസ്‌ട്രേലിയയ്ക്കുമെതിരെ ആധികാരിക ജയം നേടിയാണ് വരുന്നത്. സന്നാഹ മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ടിന്റെ സ്വിങ് ചെയ്‌തെത്തിയ പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ വീഴുകയായിരുന്നു. അന്ന് 179 റണ്‍സിന് ഇന്ത്യ പുറത്തായെങ്കിലും അങ്ങനെയൊന്ന് ഇനിയുണ്ടാവില്ലെന്നതിന്റെ സൂചനകളാണ്് ഇന്ത്യന്‍ ബാറ്റിങ് നിര കഴിഞ്ഞ രണ്ട് കളികളില്‍ തന്നത്. 

ധവാന് പകരം ഓപ്പണിങ്ങില്‍ കെ.എല്‍.രാഹുല്‍ എത്തും. വിജയ് ശങ്കറോ, രവീന്ദ്ര ജഡേജയോ പ്ലേയിങ് ഇലവനിലേക്ക് എത്തും. കാലാവസ്ഥയാണ്് ഇവിടെ പ്രധാന വില്ലനാവുന്നത്. നോട്ടിങ്ഹാമില്‍ കനത്ത മഴയെ തുടര്‍ന്ന് യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുകയാണ്. ഇന്നും മഴ പെയ്യുമെന്ന് തന്നെയാണ് കാലാവസ്ഥാ പ്രവചനം. ബാറ്റിങ്ങിനെ തുണയ്ക്കുന്നതാണ് ട്രെന്റ് ബ്രിഡ്ജിലെ പിച്ച്. എന്നാല്‍ മൂടിക്കെട്ടിയ അന്തരീക്ഷം ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കും. 

ഇതുവരെ ഏഴ് വട്ടമാണ് കീവീസും ഇന്ത്യയും ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നത്. ഇന്ത്യയ്‌ക്കെതിരെ നാല് ജയം നേടി കീവീസിന് തന്നെയാണ് നേരിയ മേല്‍ക്കൈ. ഇന്ത്യ മൂന്ന് വട്ടം തോറ്റു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com