സച്ചിന്റെ റെക്കോര്‍ഡുകളില്‍ ഒന്ന് ഇന്ന് കടപുഴകിയേക്കും; കോഹ് ലിയെ കാത്തിരിക്കുന്നത് വലിയ നേട്ടം

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മികവ് കാണിക്കുന്ന താരമെന്ന വിളിപ്പേര് വെറുതെയല്ലെന്ന് ഇന്ന് നോട്ടിങ്ഹാമിലും കോഹ് ലി തെളിയിച്ചാല്‍ സച്ചിന്റെ പേരിലുള്ള ഈ റെക്കോര്‍ഡും കടപുഴകും
സച്ചിന്റെ റെക്കോര്‍ഡുകളില്‍ ഒന്ന് ഇന്ന് കടപുഴകിയേക്കും; കോഹ് ലിയെ കാത്തിരിക്കുന്നത് വലിയ നേട്ടം

ലോകകപ്പില്‍ കീവീസിനെതിരെ ഇന്ത്യ പോരിനിറങ്ങുമ്പോള്‍ കോഹ് ലി മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരിലാക്കിയേക്കും. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 11000 റണ്‍സ് നേടുന്ന താരം എന്ന നേട്ടം സ്വന്തമാക്കാന്‍ കോഹ് ലിക്കിനി 57 റണ്‍സ് കൂടി മതി. 

ധവാന്റെ അഭാവത്തില്‍ കീവീസിനെതിരെ ഇറങ്ങുമ്പോള്‍ കോഹ് ലിക്ക് മേല്‍ സമ്മര്‍ദ്ദം കൂടുതലായിരിക്കും. എന്നാല്‍, സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മികവ് കാണിക്കുന്ന താരമെന്ന വിളിപ്പേര് വെറുതെയല്ലെന്ന് ഇന്ന് നോട്ടിങ്ഹാമിലും കോഹ് ലി തെളിയിച്ചാല്‍ സച്ചിന്റെ പേരിലുള്ള ഈ റെക്കോര്‍ഡും കടപുഴകും. 

221 ഇന്നിങ്‌സില്‍ നിന്ന് 10943 റണ്‍സാണ് ഇപ്പോള്‍ കോഹ് ലിയുടെ സമ്പാദ്യം. 276 ഇന്നിങ്‌സാണ് സച്ചിന് ഈ നേട്ടത്തിലേക്കെത്താന്‍ വേണ്ടി വന്നത്. കീവീസിനെതിരെ 57 റണ്‍സ് പിന്നിട്ടാല്‍, 11 വര്‍ഷത്തില്‍ കുറവ് മാത്രമെടുത്ത് 11000 റണ്‍സ് നേടിക്കൂട്ടുന്ന ആദ്യ താരമാവാം കോഹ് ലിക്ക്. ഏകദിനത്തില്‍ 11000 റണ്‍സ് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനാണ് കോഹ് ലി. സച്ചിനും, ഗാംഗുലിയുമാണ് 11000 ക്ലബിലേക്കെത്തിയ മറ്റ് ഇന്ത്യക്കാര്‍. 

11000 റണ്‍സ് ഏകദിനത്തില്‍ നേടുന്ന ലോക ക്രിക്കറ്റിലെ ഒന്‍പതാമത്തെ ക്രിക്കറ്റ് താരവുമാവും കോഹ് ലി. ലോകകപ്പില്‍ വെച്ച് തന്നെ ഗാംഗുലിയുടെ ഏകദിനത്തിലെ റണ്‍വേട്ടയായ 11363നെ മറികടക്കാനും കോഹ് ലിക്ക് സാധിച്ചേക്കും. രണ്ട് മത്സരങ്ങള്‍ ലോകകപ്പില്‍ പിന്നിടുമ്പോള്‍ 18, 82 എന്നീ സ്‌കോറുകളാണ് കോഹ് ലിയുടെ അക്കൗണ്ടിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com