പതറരുത്, പേടിച്ച് പ്രതിരോധിക്കരുത്, എല്ലാ അര്‍ഥത്തിലും ആക്രമിക്കുക; പാക് പോരിന് മുന്‍പ് സച്ചിന്റെ നിര്‍ദേശങ്ങള്‍

ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി മുഹമ്മദ് അമീര്‍ ഫോമിലേക്ക് എത്തുക കൂടി ചെയ്തതോടെ അവരുടെ പേസ് കരുത്ത് വര്‍ധിച്ചു
പതറരുത്, പേടിച്ച് പ്രതിരോധിക്കരുത്, എല്ലാ അര്‍ഥത്തിലും ആക്രമിക്കുക; പാക് പോരിന് മുന്‍പ് സച്ചിന്റെ നിര്‍ദേശങ്ങള്‍

ലോകകപ്പിലെ ഇന്ത്യ-പാക് പോരിനായിട്ടാണ് ആരാധകരുടെ കാത്തിരിപ്പ്. വലിയ ടൂര്‍ണമെന്റുകളില്‍ മാത്രം ഇന്ത്യ-പാക് മത്സരം ഒതുങ്ങിയതും, ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതയും ഈ ലോകകപ്പ് പോരിന്റെ ആവേശം കൂട്ടുന്നു. കളിക്കളത്തിലേക്ക് എത്താനിരിക്കെ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് സച്ചിന്‍. പാകിസ്ഥാന്റെ പേസ് നിര ലക്ഷ്യം വയ്ക്കുക കോഹ് ലിയേയും രോഹിത്തിനേയുമാവുമെന്നാണ് സച്ചിന്‍ പറയുന്നത്. 

ശക്തമായ പേസ് നിരയാണ് പാകിസ്ഥാന്റേത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി മുഹമ്മദ് അമീര്‍ ഫോമിലേക്ക് എത്തുക കൂടി ചെയ്തതോടെ അവരുടെ പേസ് കരുത്ത് വര്‍ധിച്ചു. അമീറും കൂട്ടരും, കോഹ് ലിയുടേയും രോഹിത് ശര്‍മയുടേയും വിക്കറ്റ് തുടക്കത്തിലെ വീഴ്ത്തി ഇന്ത്യയുടെ അടിത്തറ ഇളക്കാനാവും ശ്രമിക്കുകയെന്ന് സച്ചിന്‍ പറയുന്നു. 

എന്നാല്‍, രോഹിത്തും കോഹ് ലിയും നീണ്ട് നില്‍ക്കുന്ന ഇന്നിങ്‌സാണ് മുന്നില്‍ കാണേണ്ടത്. അമീറിനെതിരെ നെഗറ്റീവ് ചിന്തയുമായല്ല ഇന്ത്യ ഇറങ്ങേണ്ടത്. ഡിഫന്റ് ചെയ്ത് കളിക്കുകയും ചെയ്യരുതെന്ന് സച്ചിന്‍ പറയുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ അമീറിന്റെ ആദ്യ സ്‌പെല്‍ തന്നെ മികച്ചതായിരുന്നു. ശരിയായ മേഖല ലക്ഷ്യം വെച്ച് ഫിഞ്ചിനെ അമീര്‍ കുഴക്കിക്കൊണ്ടിരുന്നു. അമീറിനെതിരെ ഞാന്‍ ഡോട്ട് ബോള്‍ കളിക്കുക ലക്ഷ്യമിട്ട് ഇറങ്ങില്ല. ഇന്ത്യന്‍ താരങ്ങളോട് അമീറിനെതിരെ ഷോട്ട് കളിക്കാന്‍ തന്നെയേ ഞാന്‍ പറയുകയുള്ളു. 

പോസിറ്റീവായി കളിക്കുക. ശരീര ഭാഷ തന്നെ അവിടെ പ്രധാനപ്പെട്ടതാണ്. പ്രത്യേകമായി അവിടെ ഒന്നും ചെയ്യേണ്ടതില്ല. അഗ്രസീവായിരിക്കുക എന്നത് മാത്രമാണ് ചെയ്യേണ്ടത്. ആത്മവിശ്വാസത്തോടെ പ്രതിരോധിച്ചാല്‍ ബൗളര്‍ക്ക് അത് മനസിലാക്കാന്‍ സാധിക്കുമെന്നും സച്ചിന്‍ പറയുന്നു. ജൂണ്‍ പതിനാറിനാണ് ഇന്ത്യ-പാക് പോര്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com