ടീം സെലക്ടര്‍ക്ക് ഇംഗ്ലണ്ടില്‍ എന്താണ് പണി? ഇന്‍സമാം ടീമിനൊപ്പം തുടരുന്നതിനെതിരെ മുന്‍ പാക് നായകന്‍

പ്ലേയിങ് ഇലവനെ തീരുമാനിക്കുന്നത് കോച്ചിന്റേയും, നായകന്റേയും ഉത്തരവാദിത്വമാണ്
ടീം സെലക്ടര്‍ക്ക് ഇംഗ്ലണ്ടില്‍ എന്താണ് പണി? ഇന്‍സമാം ടീമിനൊപ്പം തുടരുന്നതിനെതിരെ മുന്‍ പാക് നായകന്‍

ഇന്ത്യയ്‌ക്കെതിരായ തോല്‍വി തീര്‍ത്ത അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുന്‍പ് തന്നെ പാക് ക്രിക്കറ്റിനെ ചുറ്റിപ്പറ്റി മറ്റൊരു വിവാദവും. പാക് ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് ഇംഗ്ലണ്ടില്‍ എന്ത് കാര്യമെന്ന ചോദ്യം ഉയര്‍ത്തുകയാണ് പാക് മുന്‍ നായകന്‍ ഇന്റിഖാബ് അലം. ലോകകപ്പിനുള്ള ടീമിനെ സെലക്ട് ചെയ്തു കഴിഞ്ഞു, പിന്നെ ഇന്‍സമാം എന്തിനാണ് ടീമിനൊപ്പം തുടരുന്നത് എന്നാണ് പാക് മുന്‍ നായകന്‍ ചോദിക്കുന്നത്. 

പ്ലേയിങ് ഇലവനെ തീരുമാനിക്കുന്നത് കോച്ചിന്റേയും, നായകന്റേയും ഉത്തരവാദിത്വമാണ്. ടൂര്‍ണമെന്റില്‍ എന്ത് തീരുമാനം എടുക്കുന്നുവെങ്കിലും അത് ചീഫ് സെലക്ടറുടെ  പരിധിയില്‍ വരുന്നില്ല. അങ്ങനെ വരുമ്പോള്‍ ഇന്‍സമാം ഇംഗ്ലണ്ടില്‍ എന്താണ് ചെയ്യുന്നത്? പാക് ക്രിക്കറ്റ് ബോര്‍ഡ് എന്തിനാണ് പണം ചിലവാക്കി ഇന്‍സമാമിനെ ടീമിനൊപ്പം തുടരാന്‍ അനുവദിക്കുന്നത് എന്നും അലം ചോദിക്കുന്നു. 

ലോകകപ്പില്‍ ഒരു പദ്ധതിയും ഇല്ലാതെ ടീം മാനേജ്‌മെന്റ് പോയതിന്റെ ഫലമാണ് ഇപ്പോഴുണ്ടാവുന്ന തുടര്‍ തോല്‍വികളെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഓരോ ടീമിനെതിരേയും വ്യക്തമായ തന്ത്രങ്ങള്‍ മെനയണമായിരുന്നു. അവിടുത്തെ പിച്ചുകള്‍, കാലാവസ്ഥ, എതിരാളികളുടെ ശക്തി, ദൗര്‍ബല്യം എന്നിവയെ കുറിച്ച് വ്യക്തമായ ധാരണ വേണമായിരുന്നു. പാകിസ്ഥാന് അതൊന്നുമില്ലെന്ന് അവരുടെ കഴിഞ്ഞ കളികളില്‍ നിന്ന് തന്നെ വ്യക്തമാണെന്നും അലം ചൂണ്ടിക്കാട്ടി. 

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് പാക് താരങ്ങള്‍ പാര്‍ട്ടി ആഘോഷിച്ചെന്ന ആരോപണത്തില്‍ താരങ്ങള്‍ക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. പാക് താരങ്ങള്‍ക്കെതിരെ പാക് ആരാധകര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നതിന് ഇടയിലാണ് പാക് മുന്‍ താരങ്ങളും അവര്‍ക്കെതിരെ രംഗത്തെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com