എവിടെ 400 കടക്കുമെന്ന് പറഞ്ഞ ഇന്ത്യ? സ്പിന്നര്‍മാരെ കൊന്നുള്ള വരവ് അഫ്ഗാന്റെ മുന്‍പില്‍ ഏറ്റില്ല; ഇവര്‍ക്ക് കയ്യടിക്കണം

സതാംപ്ടണില്‍ ടോസ് ജയിച്ച് ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയ പാടെ ഈ പ്രതീക്ഷകളെല്ലാം തെറ്റി
എവിടെ 400 കടക്കുമെന്ന് പറഞ്ഞ ഇന്ത്യ? സ്പിന്നര്‍മാരെ കൊന്നുള്ള വരവ് അഫ്ഗാന്റെ മുന്‍പില്‍ ഏറ്റില്ല; ഇവര്‍ക്ക് കയ്യടിക്കണം

കളിച്ച മൂന്ന് കളിയിലും ജയം പിടിച്ചാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങിയത്. അഫ്ഗാനിസ്ഥാനാവട്ടെ കളിച്ച അഞ്ച് കളിയിലും തോറ്റെത്തിയവര്‍. അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ റണ്‍സ് വാരിക്കൂട്ടുമെന്ന പ്രതീക്ഷ വരാന്‍ രണ്ട് കാരണങ്ങളുണ്ടായിയിരുന്നു. ഇംഗ്ലണ്ട് അവരെ തച്ചുതകര്‍ത്ത വിധം, രണ്ട് അഫ്ഗാനെ നേരിടുന്നതിന് മുന്‍പ് കളിച്ച മൂന്ന് കളിയിലും സ്പിന്നര്‍മാര്‍ക്ക് ഇന്ത്യ വിക്കറ്റ് നല്‍കിയില്ലാ എന്നത്.

സതാംപ്ടണില്‍ ടോസ് ജയിച്ച് ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയ പാടെ ഈ പ്രതീക്ഷകളെല്ലാം തെറ്റി. മുപ്പതാം ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സിലേക്ക് ഇന്ത്യ വീണു. ഇന്ത്യയെ പോലൊരു ടീമിനെ ഈ വിധം സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചതിന്റെ ക്രഡിറ്റ് അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്ക് നല്‍കിയേ മതിയാവു. അര്‍ധശതകം പിന്നിട്ട് കോഹ് ലിക്ക് മാത്രമാണ് ആദ്യ 30 ഓവറില്‍ അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. 

അതുവരെ സ്പിന്നര്‍മാര്‍ക്ക് ഒരു വിക്കറ്റ് പോലും നല്‍കാതിരുന്ന ഇന്ത്യയുടെ ആദ്യ നാല് വിക്കറ്റ് വീഴ്ത്തിയും അഫ്ഗാനിസ്ഥാന്റെ സ്പിന്നര്‍മാരാണ്. രോഹിത്തും, രാഹുലും, വിജയിയും കോഹ് ലിയുമെല്ലാം അഫ്ഗാന്റെ സ്പിന്‍ കരുത്തിന് മുന്‍പില്‍ കുരുങ്ങി. മുജീബും, മുഹമ്മദ് നബിയും, റാഷിദും റഹ്മത് ഷായും ഇന്ത്യയെ വരിഞ്ഞു മുറുക്കി. ഇംഗ്ലണ്ടിനെതിരെ തലങ്ങും വിലങ്ങും അടി വാങ്ങിക്കൂട്ടിയ അഫ്ഗാന്‍ ബൗളിങ് നിരയുടെ തകര്‍പ്പന്‍ തിരിച്ചു വരവാണ് ഇന്ത്യയ്‌ക്കെതിരായ ആദ്യ 30 ഓവറുകളില്‍ കാണുന്നത്. ഈ സമയം റണ്‍റേറ്റ് അഞ്ചിന് മുകളിലെത്തിക്കാനും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പാടുപെട്ടു.

ഒരു റണ്‍സ് എടുത്ത് നിന്ന രോഹിത്തിന്റെ ഓഫ് സ്റ്റംപ് ഇളക്കി മുജീബ് ആണ് തുടങ്ങിയത്. പിന്നാലെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച രാഹുലിനെ നബിയുടെ സ്ലോബോള്‍ വെട്ടിലാക്കി. കോഹ് ലിയുമൊത്ത് മികച്ച രീതിയില്‍ സ്‌ട്രൈക്ക് റോട്ടേറ്റ് ചെയ്തു കളിച്ചിരുന്ന വിജയ് ശങ്കറിനും അഫ്ഗാനിസ്ഥാന്റെ സ്പിന്‍ മികവിന് മുന്‍പില്‍ പിടിച്ച് നില്‍ക്കാനായില്ല. റഹ്മത് ഷായുടെ ഡെലിവറിയില്‍ വിജയ് വിക്കറ്റിന് മുന്‍പില്‍ കുടുങ്ങി. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ഉറച്ച് നിന്ന കോഹ് ലിക്ക് പക്ഷേ റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിക്കവെ പിഴച്ചു. മുഹമ്മദ് നബിയുടെ ഡെലിവറിയില്‍ ലേറ്റ് കട്ടിന് ശ്രമിച്ച കോഹ് ലി ഷോര്‍ട്ട് തേര്‍ഡ് മാനില്‍ റഹ്മത് ഷായുടെ കൈകളില്‍ ഒതുങ്ങി. 

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി 53 ഓവറാണ് സ്പിന്നര്‍മാര്‍ ഇന്ത്യയ്‌ക്കെതിരെ എറിഞ്ഞത്. വഴങ്ങിയത് 339 റണ്‍സും. 6.39 എന്ന ഇക്കണോമിയില്‍. ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇമ്രാന്‍ താഹിറും, ഷംസിയും ചേര്‍ന്ന് 19 ഓവര്‍ എറിഞ്ഞു. ഇവര്‍ വഴങ്ങിയത് 112 റണ്‍സ് ആണ്. മാക്‌സ്വെല്ലും, ആദം സാംപയും അടങ്ങിയ ഓസീസിന്റെ സ്പന്‍ ആക്രമണത്തിന്റെ മുനയൊടിച്ച് 95 റണ്‍സാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നേടിയത്. നാല് സ്പിന്നര്‍മാരെയാണ് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഇറക്കിയത്. ഷദാബ്ദ് ഖാന്‍, ഇമാദ് വസിം, ഷുഐബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇറക്കിയിട്ടും ഗുണമുണ്ടായില്ല. പക്ഷേ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ ഇന്ത്യയെ ശരിക്കും കുഴക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com