ഇന്ന് ആര് ജയിക്കും? 1992ലെ അതേ പോക്കാണ് എങ്കില്‍ പാകിസ്ഥാന്‍!

സെമി കാണാനാവില്ലെന്ന് ഉറപ്പിച്ചെങ്കിലും തിരിച്ചു വരവിന് രണ്ട് കൂട്ടര്‍ക്കും മുന്‍പിലുള്ള അവസാന അവസരവുമാവും ഇത്. അല്ലെങ്കില്‍ ആശ്വാസ ജയം
ഇന്ന് ആര് ജയിക്കും? 1992ലെ അതേ പോക്കാണ് എങ്കില്‍ പാകിസ്ഥാന്‍!

ലോകകപ്പില്‍ ഇതുവരെ ഒരു ജയം മാത്രം നേടാനായവര്‍. പോയിന്റ് ടേബിളില്‍ എട്ടും ഒന്‍പതും സ്ഥാനത്ത് നില്‍ക്കുന്നവരുടെ പോരാട്ടമാണ് ഇന്ന് ലോകകപ്പില്‍. സെമി കാണാനാവില്ലെന്ന് ഉറപ്പിച്ചെങ്കിലും തിരിച്ചു വരവിന് രണ്ട് കൂട്ടര്‍ക്കും മുന്‍പിലുള്ള അവസാന അവസരവുമാവും ഇത്. അല്ലെങ്കില്‍ ആശ്വാസ ജയം. 

പാകിസ്ഥാന്റെ ഇംഗ്ലണ്ട് ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനം 1992 ലോകകപ്പിലെ തനിയാവര്‍ത്തനം ആണെന്ന് പറയുന്ന ആരാധകര്‍ ഇന്നത്തെ പാകിസ്ഥാന്റെ പ്രകടനം പ്രതീക്ഷയോടെയാണ് കാണുന്നത്. 1992ലെ ലോകകപ്പില്‍ ആദ്യ കളി തോറ്റ പാകിസ്ഥാന്‍ രണ്ടാമത്തെ കളി ജയിച്ചു. മൂന്നാമത്തെ കളി മഴ കൊണ്ടുപോയി. നാലാമത്തേയും അഞ്ചാമത്തേയും കളിയില്‍ തോല്‍വി. പിന്നെയങ്ങോട്ട് കളിച്ച കളികളിലെല്ലാം ജയം പിടിച്ചാണ് പാകിസ്ഥാന്‍ അന്ന് കിരീടം തൊട്ടത്. ഇത് ആവര്‍ത്തിക്കാനായി കാത്തിരിക്കുകയാണ് പാക് ആരാധകര്‍. പക്ഷ അത് എളുപ്പമല്ലെന്ന് വ്യക്തം. 

ഇന്ത്യയോടേറ്റ തോല്‍വിക്ക് പിന്നാലെ പാക് ടീമിന് നേര്‍ക്കുള്ള ആരാധക രോഷം രൂക്ഷമായിട്ടുണ്ട്. ഇനിയുള്ള കളികളില്‍ ജയം പിടിച്ച് ആരാധകരെ തൃപ്തിപ്പെടുത്തുകയാവും സര്‍ഫ്രാസിന്റേയും സംഘത്തിന്റേയും ലക്ഷ്യം. ഞാന്‍ തനിച്ചല്ല പാകിസ്ഥാനിലേക്ക് മടങ്ങുന്നത്, നിങ്ങള്‍ക്കും ആരാധകരോട് മറുപടി പറയേണ്ടി വരും എന്ന് സര്‍ഫ്രാസ് ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

പാക് ബൗളിങ് നിരയില്‍ മുഹമ്മദ് അമീര്‍ മാത്രമാണ് മികവ് കാണിക്കുന്നത്. ബാറ്റിങ്ങില്‍ തുടരെ പരാജയപ്പെടുന്ന ഷുഐബ് മാലിക്കിന് മറ്റൊരു അവസരം നല്‍കി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്നും കണ്ടറിയണം. 

സൗത്ത് ആഫ്രിക്കയാവട്ടെ കളിയില്‍ ലഭിക്കുന്ന മുന്‍തൂക്കം മുതലെടുക്കാനാവാതെ വീഴുകയാണ്. കീവീസിനെതിരായ കളിയില്‍ അവസരം മുന്നില്‍ വന്നെങ്കിലും കെയിന്‍ വില്യംസനും സംഘത്തിനും ജയത്തിലേക്കെത്താന്‍ വക നല്‍കി. ലോകകപ്പില്‍ പാകിസ്ഥാന് നേര്‍ക്ക് വരുമ്പോള്‍ സൗത്ത് ആഫ്രിക്കയ്ക്കാണ് ചരിത്രം മുന്‍തൂക്കം നല്‍കുന്നത്. ലോകകപ്പില്‍ നാല് വട്ടം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സൗത്ത് ആഫ്രിക്ക മൂന്ന് വട്ടം ജയം പിടിച്ചു. പാകിസ്ഥാന്‍ ഒരു കളിയിലും. 

പക്ഷേ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ന് പാകിസ്ഥാന് ലോര്‍ഡ്‌സില്‍ ജയം പിടിക്കാനാവുമെന്ന വിലയിരുത്തലാണ് ശക്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com