ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ കത്തിവെച്ച് ഓസ്‌ട്രേലിയ, ആതിഥേയര്‍ തോല്‍വിയുടെ വഴിയില്‍ തന്നെ

ഫിഞ്ചിന്റെ സെഞ്ചുറി മികവില്‍ ഓസീസ് ഉയര്‍ത്തിയ 285 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം 221 റണ്‍സില്‍ അവസാനിച്ചു
ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ കത്തിവെച്ച് ഓസ്‌ട്രേലിയ, ആതിഥേയര്‍ തോല്‍വിയുടെ വഴിയില്‍ തന്നെ

ശ്രീലങ്കയില്‍ നിന്നേറ്റ ഞെട്ടലിന്റെ ആഘാതത്തില്‍ നിന്ന് ഉണരാതിരുന്ന ആതിഥേയര്‍ ഓസ്‌ട്രേലിയയ്ക്ക് മുന്‍പിലും വീണു. ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഫിഞ്ചിന്റെ സെഞ്ചുറി മികവില്‍ ഓസീസ് ഉയര്‍ത്തിയ 285 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം 221 റണ്‍സില്‍ അവസാനിച്ചു. 

ശക്തരായ ആതിഥേയരെ തോല്‍പ്പിച്ച് തന്നെ ഓസ്‌ട്രേലിയ സെമി പ്രവേശനം രാജകീയമാക്കി. ഇംഗ്ലണ്ട് ലോകകപ്പില്‍ സെമി ഉറപ്പിക്കുന്ന ആദ്യ ടീമുമായി നിലവിലെ ചാമ്പ്യന്മാര്‍. അഞ്ച് വിക്കറ്റ് വീഴ്ത്തി ബെഹ്‌റന്റോഫും, നാല് വിക്കറ്റ് വീഴ്ത്തി സ്റ്റാര്‍ക്കുമാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. 53 റണ്‍സ് എടുക്കുന്നതിന് ഇടയില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ബെഹ്‌റന്റോഫും, സ്റ്റാര്‍ക്കും ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാറ്റിങ് നിരയ്ക്ക് മേല്‍ കയറി ഇറങ്ങിയപ്പോള്‍ ഓപ്പണര്‍ വിന്‍സ്‌ ഡക്കായി. ബെഹ്‌റന്റോഫ് വിന്‍സിനെ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു. 

പിന്നാലെ റൂട്ടിനെ സ്റ്റാര്‍ക്കും എല്‍ബിഡബ്ല്യുവില്‍ കുടുക്കി. വിക്കറ്റ് തുടരെ വീണതിന്റെ സമ്മര്‍ദ്ദം ബൗണ്ടറി നേടി മറികടക്കാന്‍ ശ്രമിച്ച ഇംഗ്ലണ്ട് നായകനെ ഫൈന്‍ ലെഗില്‍ കമിന്‍സ് കൈക്കലാക്കി. 89 റണ്‍സ് എടുത്ത് ബെന്‍ സ്റ്റോക്ക് ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും രക്ഷയുണ്ടായില്ല. കൃത്യമായ ഇടവേളകളില്‍ ഓസീസ് പേസര്‍മാര്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. 

ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷകള്‍ക്ക് വെല്ലുവിളി തീര്‍ക്കുന്നതാണ് തുടര്‍ച്ചയായി നേരിട്ട രണ്ട് തോല്‍വികള്‍. തങ്ങളുടെ അടുത്ത മത്സരം ബംഗ്ലാദേശ് ജയിച്ചാല്‍ അവര്‍ക്ക് പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ടിനെ പിന്നിലേക്ക് മാറ്റി നാലാം സ്ഥാനത്തേക്ക് കയറാം. പോയിന്റ് ടേബിളിലെ അഞ്ച്, ആറ്, ഏഴ് സ്ഥാനത്തുള്ള ടീമുകള്‍ക്കെല്ലാം പ്രതീക്ഷ നല്‍കുന്നതാണ് ഇംഗ്ലണ്ടിന്റെ തോല്‍വി. 

ലോര്‍ഡ്‌സിലെ ബാറ്റിങ്ങിന് ബുദ്ധിമുട്ടായ പിച്ചില്‍ ടോസ് ജയിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഓസ്‌ട്രേലിയയ്ക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നെങ്കിലും സെഞ്ചുറിയോടെ ഫിഞ്ച് മുന്‍പില്‍ നിന്ന് നയിച്ചതോടെ ഓസീസിന് പൊരുതാവുന്ന സ്‌കോര്‍ ലഭിച്ചു. ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് തീര്‍ത്ത സെഞ്ചുറി കൂട്ടുകെട്ടാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് അടിത്തറയിട്ടത്. വാര്‍ണര്‍ അര്‍ധ സെഞ്ചുറി പിന്നിട്ടാണ് മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com