ഓറഞ്ച് നിറം തെരഞ്ഞെടുത്തത് ബിസിസിഐ, ഐസിസിയുടെ സ്ഥിരീകരണം; ഏത് നിറമാണ് അണിയുന്നതെന്ന് അറിയില്ലെന്ന് ഇന്ത്യന്‍ ബൗളിങ് കോച്ച്‌

ഇംഗ്ലണ്ടിന്റെ ജേഴ്‌സി നിറം നീലയായതിനാല്‍ അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കണം ഇന്ത്യയുടെ ജേഴ്‌സി എന്നാണ് നിര്‍ദേശിച്ചത്
ഓറഞ്ച് നിറം തെരഞ്ഞെടുത്തത് ബിസിസിഐ, ഐസിസിയുടെ സ്ഥിരീകരണം; ഏത് നിറമാണ് അണിയുന്നതെന്ന് അറിയില്ലെന്ന് ഇന്ത്യന്‍ ബൗളിങ് കോച്ച്‌

ലോകകപ്പിലെ ഇന്ത്യയുടെ എവേ ജേഴ്‌സിയെ ചൊല്ലി വിവാദം ഉടലെടുത്തതിന് പിന്നാലെ പ്രതികരണവുമായി ഐസിസി. ജേഴ്‌സിയുടെ നിറം തീരുമാനിച്ചത് ബിസിസിഐയാണെന്ന് ഐസിസി വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ ജേഴ്‌സി നിറം നീലയായതിനാല്‍ അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കണം ഇന്ത്യയുടെ ജേഴ്‌സി എന്നാണ് നിര്‍ദേശിച്ചത്. നിറവും, നിറങ്ങളുടെ കളര്‍ കോമ്പിനേഷനുമെല്ലാം തെരഞ്ഞെടുത്തത് ബിസിസിഐ തന്നെയാണെന്ന് ഐസിസി വ്യക്തമാക്കുന്നു. 

അതിനിടെ ഇന്ത്യന്‍ ബൗളിങ് കോച്ച് ഭരത് ആരോണും വിവാദത്തില്‍ പ്രതികരണവുമായെത്തി. ഏത് നിറത്തിലെ ജേഴ്‌സിയാണ് ഒരുങ്ങുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു എന്നാണ് പ്രസ് കോണ്‍ഫറന്‍സില്‍ ഭരത് ആരോണ്‍ പ്രതികരിച്ചത്. നാളത്തെ കളിയില്‍ മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ. നീലയാണ് നമ്മുടെ നിറം. നീലയ്ക്ക് തന്നെയായിരിക്കും പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. 

ലോകകപ്പിലെ ഇന്ത്യയുടെ എവേ ജേഴ്‌സി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഓറഞ്ച് നിറത്തിലെ ജേഴ്‌സിക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണെന്ന ആരോപണവുമായി കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയുമെത്തിയിരുന്നു. 

രാജ്യത്തെ കാവി വത്കരിക്കുന്നതിന്റെ ഭാഗമാണ് ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ കാണുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. അധികാരത്തിലെത്തിയത് മുതല്‍ കാവി രാഷ്ട്രീയമാണ് മോദി സര്‍ക്കാര്‍ കളിക്കുന്നതെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ നസീം ഖാന്‍ പറഞ്ഞു. 

ഇന്ത്യയുടെ ത്രിവര്‍ണ നിറത്തിന് രൂപം നല്‍കിയത് ഒരു മുസ്ലീമാണ്. എന്തുകൊണ്ട് ഓറഞ്ച് മാത്രം അവിടെ തെരഞ്ഞെടുത്തു. ത്രിവര്‍ണ നിറങ്ങളാണ് ജേഴ്‌സിയില്‍ ഉണ്ടാവേണ്ടിയിരുന്നത് എന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മി പറഞ്ഞു. എന്നാല്‍, ധൈര്യത്തിന്റേയും, ജയത്തിന്റേയും പ്രതീകമാണ് കാവി നിറമെന്നും, ആര്‍ക്കും അതിലൊരു പ്രശ്‌നവുമുണ്ടാവില്ല എന്നുമാണ് കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ പ്രതികരിച്ചത്. 

10 ടീമുകളില്‍ പലരുടേയും ജേഴ്‌സി നിറം ഒരേപോലെയായതിനാല്‍ രണ്ടാമതൊരു ജേഴ്‌സി കൂടി കരുതി വേണം ലോകകപ്പിനെത്താന്‍ എന്നായിരുന്നു ഐസിസി നിര്‍ദേശം. ആതിഥേയരായ ഇംഗ്ലണ്ടിനെ മാത്രമാണ് ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂണ്‍ 30ന് ഇറങ്ങുമ്പോള്‍ ഇന്ത്യ എവേ ജേഴ്‌സി ധരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com