ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരുടെ പറുദീസയാവുമ്പോള്‍ രോഹിത്തിന്റെ 264 കടപുഴകും? അതിനുള്ള കരുത്ത് നിറച്ചാണ് അഞ്ച് കൊമ്പന്മാര്‍ എത്തുന്നത്

ബാറ്റ്‌സ്മാന്മാര്‍ക്ക് ഇണങ്ങുന്ന സാഹചര്യത്തില്‍, ലോകകപ്പ് പോലെ പ്രധാനപ്പെട്ട ടൂര്‍ണമെന്റില്‍ അടിച്ചു കളിക്കാന്‍ ബാറ്റ്‌സ്മാന്‍ തീരുമാനിച്ചാല്‍ ഒരുപക്ഷേ അത് നടന്നേക്കും
ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരുടെ പറുദീസയാവുമ്പോള്‍ രോഹിത്തിന്റെ 264 കടപുഴകും? അതിനുള്ള കരുത്ത് നിറച്ചാണ് അഞ്ച് കൊമ്പന്മാര്‍ എത്തുന്നത്

33 ഫോറും 9 സിക്‌സും. 2014 നവംബറില്‍ ഈഡന്‍ ഗാര്‍ഡനില്‍ ലങ്കന്‍ ബൗളര്‍മാരോട് ഒരു ദയയും കാട്ടാതെ രോഹിത് ശര്‍മ 264 റണ്‍സ് വാരി കൂട്ടി. അതിന് ശേഷവും ബാറ്റ്‌സ്മാന്മാര്‍ ഏകദിന ക്രിക്കറ്റില്‍ തച്ചുതകര്‍ക്കല്‍ തുടര്‍ന്നങ്കിലും രോഹിത്തിന്റെ 264നെ മറികടക്കാന്‍ ആര്‍ക്കുമായില്ല. 

2019 ലോകകപ്പ് ഇംഗ്ലണ്ടിലെത്തുമ്പോള്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഇവിടം പറുദീസയാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ രോഹിത്തിന്റെ 264 റണ്‍സ് എന്നത് ലോകകപ്പില്‍ മറികടക്കപ്പെടുമോ? ബാറ്റ്‌സ്മാന്മാര്‍ക്ക് ഇണങ്ങുന്ന സാഹചര്യത്തില്‍, ലോകകപ്പ് പോലെ പ്രധാനപ്പെട്ട ടൂര്‍ണമെന്റില്‍ അടിച്ചു കളിക്കാന്‍ ബാറ്റ്‌സ്മാന്‍ തീരുമാനിച്ചാല്‍ ഒരുപക്ഷേ അത് നടന്നേക്കും...അങ്ങനെ രോഹിത്തിന്റെ 264 റണ്‍സിനെ മറികടക്കാന്‍ സാധ്യതയുള്ള അഞ്ച് ബാറ്റ്‌സ്മാന്മാര്‍... 

ഡേവിഡ് വാര്‍ണര്‍ 

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വാര്‍ണര്‍ ഓസീസിന്റെ ലോകകപ്പ് കുപ്പായമണിയുന്നത്. സന്നാഹ മത്സരത്തില്‍ മികവ് കാണിക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചുമില്ല. എന്നാല്‍ ലോകകപ്പ് ക്രിക്കറ്റില്‍ വാര്‍ണര്‍ മികച്ച കളി പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നേരിട്ട തിരിച്ചടികള്‍ക്കെല്ലാം ലോകകപ്പില്‍ മറുപടി നല്‍കുക എന്നത് വാര്‍ണറുടെ മനസിലുണ്ടാവും. 

ഫോമിലേക്ക് എത്തിക്കഴിഞ്ഞാല്‍ വാര്‍ണറെ പിടിച്ചു കെട്ടുക വലിയ വെല്ലുവിളിയാവും. 50 ഓവറും ടീമിനെ ഒറ്റയ്ക്ക് നിന്ന് തോളിലേറ്റാന്‍ പ്രാപ്തനായ കളിക്കാരനാണ് വാര്‍ണര്‍. ഭ്രാന്ത് പോലെ വാര്‍ണര്‍ ആക്രമിച്ച് കളിക്കുന്നൊരു ദിവസം രോഹിത് ശര്‍മയുടെ ആ റെക്കോര്‍ഡും തിരുത്തിയെഴുതപ്പെട്ടേക്കാം. 

മാര്‍ട്ടിന്‍ ഗപ്റ്റില്‍

മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ 237 റണ്‍സ് ആരാധകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. 2015 ലോകകപ്പില്‍ വിന്‍ഡിസ് ബൗളര്‍മാര്‍ക്ക് ആ കൊടുങ്കാറ്റ് സ്വയം കെട്ടടങ്ങുന്നത് വരെ കാത്തിരിക്കുകയേ തരമുണ്ടായുള്ളു. 11 സിക്‌സും 24 ഫോറുമാണ് വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ ഗപ്റ്റലിന്റെ ബാറ്റില്‍ നിന്നും വിരിഞ്ഞത്. 

2019ല്‍ മറ്റൊരു ലോകകപ്പ് കൂടി മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ അത്ര ഫോമിലല്ല ഗപ്റ്റില്‍. എന്നാല്‍ ഗപ്റ്റിലിനെ എഴുതിതള്ളുന്നത് മണ്ടത്തരമാകും. ബൗളര്‍മാരെ ഒരു പേടിയുമില്ലാതെ നേരിടുന്ന താരമാണ് ഗപ്റ്റില്‍. ഒന്നും നോക്കാതെ ആക്രമിക്കുക എന്നത് പലവട്ടം ഗപ്റ്റലിന്റെ വിക്കറ്റ് വീഴാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ മികച്ച ഇന്നിങ്‌സുകള്‍ ഗപ്റ്റിലില്‍ നിന്നും വന്നത് ആ ശൈലിയില്‍ നിന്നാണ്. ആ ഫോമിലേക്ക് ഗപ്റ്റില്‍ ഉയര്‍ന്നാല്‍ രോഹിത്തിനെ കീവിസ് താരം മറികടന്ന് ആരാധകര്‍ക്ക് വിരുന്നൊരുക്കും. 

ജാസന്‍ റോ

ഏകദിന റാങ്കിങ്ങില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിന്റെ കാരണങ്ങളില്‍ ഒന്നാണ് ജാസന്‍ റോ. 2015 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ നാണംകെട്ട് പുറത്തായതിന് ശേഷമാണ് റോ ടീമിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നത്. 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്തി 3,000 റണ്‍സ് ഇതിനിടയില്‍ റോ സ്‌കോര്‍ ചെയ്തു. 

നിരവധി തവണ കിടിലന്‍ തുടക്കം നല്‍കി താരം ഇംഗ്ലണ്ടിനെ പറത്തി. സാങ്കേതിക തികവില്‍ വലിയ മേന്മ അവകാശപ്പെടാനില്ലെങ്കിലും ബാറ്റിങ് ശരാശരി 40ന് മുകളില്‍ നിര്‍ത്തി സ്ഥിരത മുന്നോട്ടു വയ്ക്കുന്നുണ്ട്. കളിച്ച അവസാന 5 ഏകദിനങ്ങളില്‍ നിന്നും 502 റണ്‍സാണ് റോ അടിച്ചെടുത്തത്. ബാറ്റിങ് ശരാശരി 100ന് മുകളില്‍. കഴിഞ്ഞ വര്‍ഷമാണ് ഏകദിനത്തിലെ തന്റെ ഉയര്‍ന്ന സ്‌കോറായ 180 റണ്‍സ് റോ കണ്ടെത്തിയത്. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി എന്നത് ഈ ഇംഗ്ലണ്ട് താരത്തിന്റെ മുന്നില്‍ അകലെ അല്ല. 

ഗെയില്‍

ദയ എന്നത് ഗെയിലിന്റെ നിഘണ്ടുവിലില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഗെയിലിന്റെ ബാറ്റിന്റെ ചൂട് ഇംഗ്ലണ്ട് ശരിക്കും അറിഞ്ഞിരുന്നു. അഞ്ച് ഏകദിനങ്ങളില്‍ നിന്നും 424 റണ്‍സാണ് 134ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്തി ഗെയില്‍ അടിച്ചെടുത്തത്. 

സിംബാബ്വെയ്‌ക്കെതിരെ 215 റണ്‍സ് പിഴുതെടുത്ത് ഗെയില്‍ ആടിത്തിമിര്‍ത്തതും ആരാധകരുടെ മനസിലുണ്ടാവും. പ്രായം 39ലെത്തിയെങ്കിലും തന്റെ അവസാന ലോകകപ്പിര്‍ ആര്‍മദിക്കാന്‍ ഉറച്ചാവും ഗെയില്‍ എത്തുക. തച്ചു തകര്‍ക്കാന്‍ ഗെയില്‍ ഒരുമ്പെട്ടാല്‍ രോഹിത്തിന്റെ കൂറ്റന്‍ വ്യക്തിഗത സ്‌കോര്‍ ഗെയില്‍ മറികടക്കും. 

ഡികോക്ക്

ഇന്ത്യയ്‌ക്കെതിരെ ഒഴികെ, കളിച്ച ഏകദിനങ്ങളിലെല്ലാം കഴിഞ്ഞ വര്‍ഷം സൗത്ത് ആഫ്രിക്ക ജയിച്ചിരുന്നു. അതിന് അവരെ പ്രാപ്തമാക്കിയതില്‍ ഒന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡികോക്കിന്റെ മികച്ച കളിയാണ്. തന്റെ 106 ഇന്നിങ്‌സില്‍ നിന്നും 14 സെഞ്ചുറിയും 21 അര്‍ധ ശതകവും ഡികോക്ക് നേടി. 

ഡികോക്കിനെ വിലകുറച്ച് കാണുന്ന എതിരാളികള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നുറപ്പ്. ക്ലാസ് ബാറ്റിങ് പുറത്തെടുക്കാന്‍ കഴിയുന്ന ഡികോക്കിന് ഇരട്ട ശതകം എന്നത് അപ്രാപ്യമേയല്ല...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com