ഇതൊന്നും ഹൃദയത്തിന് അത്ര നല്ലതല്ല കേട്ടോ!

സമകാലിക മലയാളം ഡെസ്ക്

ഹൃദ്രോഗങ്ങളെ ചെറുക്കാന്‍ ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരേണ്ടത് പ്രധാനമാണ്. അതുപോലെ ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുകയും വേണം. ആരോഗ്യമുള്ള ഹൃദയത്തിന് വേണ്ടി ഈ 8 ഭക്ഷണങ്ങളോട് നോ പറയാം

ഉപ്പ്

ഒരു പൊടിക്ക് ഉപ്പ് കൂടിയാല്‍ കറിയുടെ രുചി മാറും. അതുപോലെയാണ് ആരോഗ്യത്തിന്റെ കാര്യത്തിലും. ഭക്ഷണത്തില്‍ ഉപ്പ് കൂടുന്നത് രക്തസമ്മര്‍ദം ഉയരാനും ഹൃദ്രോഗ സാധ്യത വര്‍ധിക്കാനും കാരണമാകുന്നു. ഹൃദയം സംരക്ഷിക്കാന്‍ സോഡിയം പരിമിതപ്പെടുത്തുക.

വറുത്ത ഭക്ഷണങ്ങള്‍

വറുത്തതും പൊരിച്ചതുമായി ഭക്ഷണം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഇതൊരു ശീലമാക്കിയാല്‍ നിങ്ങളുടെ ഹൃദയത്തിന് അത് ദോഷം ചെയ്യും. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളില്‍ ധാരാളം ട്രാന്‍സ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവു കൂട്ടും.

പ്രോസസ്ഡ് ഭക്ഷണങ്ങള്‍

രുചിയുടെ കാര്യത്തില്‍ മുന്നിലാണെങ്കിലും ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ അമ്പേ പരാജയമായി പ്രോസസ് ചെയ്‌തെടുക്കുന്ന ഭക്ഷണങ്ങള്‍. ഇവയില്‍ ധാരാളം സോഡിയവും പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രക്തസമ്മര്‍ദം കൂട്ടാനും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കാനും കാരണമാകും.

മധുര പാനീയങ്ങള്‍

ക്ഷീണം മാറാനും ഭക്ഷണത്തോടൊപ്പവും നമ്മള്‍ കുടിക്കുന്ന സോഡ, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയവ പെട്ടെന്ന് ശരീരഭാരം വര്‍ധിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാനും കാരണമാകും. ഇത് നിങ്ങളുടെ ഹൃദയത്തെ തകരാറിലാക്കും.

വൈറ്റ് ബ്രെഡ്

ബ്രേക്ക് ഫാസ്റ്റായും സ്‌നാക്കായുമൊക്കെ നമ്മള്‍ വൈറ്റ് ബ്രെഡ് കഴിക്കാറുണ്ട്. എന്നാല്‍ ശുദ്ധീകരിച്ച ധാന്യങ്ങള്‍ക്കൊണ്ടുണ്ടാക്കുന്ന ഇവയില്‍ പോഷകങ്ങള്‍ ഇല്ലെന്ന് മാത്രമല്ല കലോറി നിറഞ്ഞതുമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാനും ശരീരഭാരം വര്‍ധിപ്പിക്കാനും കാരണമാകും.

മിഠായി

പ്രായമായാലും മിഠായി കണ്ടാന്‍ വിടാത്ത ശീലമുള്ളവരുണ്ട്. എന്നാല്‍ ഈ ശീലം നിങ്ങളുടെ ശരീരഭാരം കൂട്ടാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാനും കാരണമാകും. ഇത് ഹൃദയാരോഗ്യം മോശമാക്കും.

പാല്‍ ഉല്‍പ്പന്നങ്ങള്‍

ദിവസവും പാല്‍ കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ ദിവസവും പാല്‍ ഉല്‍പ്പന്നങ്ങള്‍ അമിതമായി കുടിക്കുന്നതും കഴിക്കുന്നതും കൊളസ്‌ട്രോള്‍ അളവു കൂട്ടാന്‍ കാരണമാകും. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കും.

മദ്യം

മദ്യം എത്രത്തോളം കുടിക്കുന്നോ അത്രത്തോളം അപകട സാധ്യതയും കൂട്ടുന്നു. ഇത് രക്തസമ്മര്‍ദം കൂട്ടുന്നതിനൊപ്പം ശരീരഭാരവും വര്‍ധിപ്പിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു.