മസിലുപിടിക്കാതെ മനസ്സുതുറന്ന് ചിരിക്കാം

സമകാലിക മലയാളം ഡെസ്ക്

കാശുചിലവില്ലാതെ ആരോ​ഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും മികച്ച മാർ​ഗമാണ് ചിരി. തുറന്ന് ചിരിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണങ്ങൾ ചെയ്യുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മുഖത്തിന് വ്യായാമം

നന്നായി ചിരിക്കുന്നത് മുഖത്തിന് നല്ല വ്യായാമം നല്‍കും. മാത്രമല്ല മുഖത്തെ പേശികള്‍ ചിരിക്കുന്നതു മൂലം നന്നായി വലിയുന്നു. ഇത് നമ്മുടെ പ്രായാധിക്യം മൂലം മുഖത്തെ ചുളിവുകളെ ഇല്ലാതാക്കുന്നു.

സമ്മർദം ഒഴിവാക്കും

സമ്മർദം ഉണ്ടാക്കുന്ന കോർട്ടിസോൾ, എപിനെഫ്രിൻ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ ഉൽപാ​ദനം പരിമിധപ്പെടുത്തുകയും സ്ട്രെസ് ലെവൽ കുറയ്ക്കുകയും ചെയ്യുന്നു. ഇത് മാനസികമായി ഉന്മേഷം നൽകുന്നു.

വേദന സംഹാരി

ചിരി ഒരു പ്രകൃതിദത്ത വേദന സംഹാരി കൂടിയാണ്. ചിരി ശരീരത്തില്‍ എൻഡോർഫിൻ ഉൽപ്പാദനം വർധിപ്പിക്കും. ഇത് ശരീരത്തിലെ വേദനയും പിരിമുറുക്കവും അകറ്റാൻ സഹായിക്കും.

രക്തസമ്മര്‍ദം നിയന്ത്രിക്കും

ചിരി കോര്‍ട്ടിസോളിന്റെ തോത് കുറക്കുക മാത്രമല്ല, കാര്‍ഡിയാക് മസിലുകള്‍ക്ക് വ്യായാമവും നല്‍കുകയും ചെയ്യുന്നു. ഇത് തുടക്കത്തില്‍ രക്തസമ്മര്‍ദം കൂട്ടുമെങ്കിലും രക്തവാഹിനികളെ വികസിപ്പിച്ച് രക്തസമ്മര്‍ദം സന്തുലിതമായി നിര്‍ത്തുന്നു.

ഹൃദയാരോഗ്യം

ചിരിക്കുമ്പോൾ രക്തക്കുഴലുകൾക്കുള്ളിൽ രക്തയോട്ടം നിയന്ത്രിക്കുന്ന ഭാഗവുമായ എന്‍ഡോതെലിയം വികസിക്കുന്നു. കൂടാതെ, ചിരിയോടൊപ്പമുള്ള ആഴത്തിലുള്ള ശ്വാസോഛ്വാസം രക്തത്തില്‍ ഓക്സിജന്റെ അളവു കൂട്ടും.

ശരീരഭാരം

ചിരിക്കുന്നത് ശരീരത്തിലെ കലോറി കത്താൻ സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാനും ആരോ​ഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും.

പ്രതിരോധശക്തി

ചിരിക്കുമ്പോൾ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ബീറ്റാ-എന്‍ഡോര്‍ഫിനുകളും മറ്റു ഹോര്‍മോണുകളും ടി-സെല്ലുകളുടെ ഉല്‍പ്പാദനത്തെ ത്വരിതപ്പെടുത്തുന്നു. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ഒരുതരം ലിംഫോസൈറ്റുകളാണിവ.