സൂക്ഷിച്ചില്ലെങ്കിൽ സമൂസയും പണി തരും! കാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ

അഞ്ജു സി വിനോദ്‌

ലോകത്ത് ഏറ്റവും ഭയപ്പെടുന്ന ഒരു രോ​ഗമാണ് കാൻസർ. ശരീരത്തിന്റെ ഏതു ഭാ​ഗത്തും കാൻസർ കോശങ്ങൾ വളരാം. പ്രായം, ജനികതം, പരിസ്ഥിതി തുടങ്ങിയ നിരവധി ഘടകങ്ങൾ കാൻസറിന് കാരണമാകാം. ഭക്ഷണക്രമം അതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ ഇഷ്ടഭക്ഷണങ്ങളിൽ പലതും കാൻസറിനെ ക്ഷണിച്ചു വരുത്താവുന്നതാണ്.

അൾട്രാ പ്രോസസ്ഡ് മീറ്റ്

പ്രോസസ്ഡ് മീറ്റ് പചകം എളുപ്പമാക്കുമെങ്കിലും, കാൻസർ‌ ഉണ്ടാക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയിൽ ഇവയെ ഒന്നാം സ്ഥാനത്താണ് ലോകാരോ​ഗ്യസംഘടന രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി കാന്‍സറിന് ഇത് കാരണമാകാം. പ്രത്യേകിച്ച് വന്‍കുടല്‍ കാന്‍സര്‍. ഇവ ആമാശയത്തിന്‍റെ ആവരണത്തില്‍ വീക്കം ഉണ്ടാക്കുകയും കാന്‍സറിലേക്ക് നയക്കുകയും ചെയ്യുന്നു.

മധുരപാനീയങ്ങൾ

പല രുചികളിലുള്ള സോഡയും മധുരപാനീയങ്ങളുമൊക്കെ പലർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ അതിൽ അടങ്ങിയ അമിത പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്നു വർധിപ്പിക്കുകയും വിട്ടുമാറാത്ത വീക്കത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് കാൻസർ സാധ്യത വർധിപ്പിക്കുന്നു. ഇത്തരം പാനീയങ്ങൾക്ക് പകരം കരിക്കിൻ വെള്ളം, ഹെർബൽ ചായ എന്നിവ ഉപയോ​ഗിക്കാവുന്നതാണ്.

ഡീപ് ഫ്രൈ ഭക്ഷണങ്ങൾ

സമൂസയും ഫ്രഞ്ച് ഫ്രൈസുമൊക്കെ കാഴ്ചയിൽ അപകടകാരിയാണെന്ന് തോന്നില്ലെങ്കിലും ഇവ എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുന്നതിനാൽ അൽപം സൂക്ഷിക്കണം. ഉപയോ​ഗിച്ച എണ്ണയിൽ ആവർത്തിച്ച് ഭക്ഷണം പാകം ചെയ്യുന്നത്, അക്രിലാമൈഡ് എന്ന സംയുക്തം രൂപപ്പെടാൻ കാരണമാകും. ഇത് ശരീരത്തിൽ വീക്കവും കാൻസർ സാധ്യത വർധിപ്പിക്കുന്നതുമാണ്.

മദ്യം

ദിവസവും ഒരു പെ​ഗ്ഗ് മദ്യം ഹൃദയാരോ​ഗ്യത്തിന് നല്ലതാണെന്ന് പറയുമ്പോഴും മദ്യം ഹോർമോണുകളുമായി ബന്ധപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സ്തനാർബുദം, കരൾ അർബുദം തുടങ്ങിയവ അതുമായി ബന്ധപ്പെട്ടിരിക്കുന്നു. മദ്യത്തിന് ഇസ്ട്രോജന്റെ അളവിനെ സ്വാധീനിക്കാനും പോഷകങ്ങളുടെ ആ​ഗിരണം കുറയ്ക്കാനും ഡിഎൻഎയിൽ തകരാറു ഉണ്ടാക്കാനും കാരണമാകും.

റെഡി ടു ഈറ്റ് ഫുഡ്

ഇൻസ്റ്റന്റ് നൂഡിൽസ്, പാക് ചെയ്ത ചിപ്സ് പോലുള്ളതൊക്കെ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ വളരെ ഇഷ്ടമാണ്. എന്നാൽ ഇവയിൽ പ്രകൃതിദത്ത പോഷകങ്ങൾ കുറവും കൃത്രിമ ചേരുവകൾ അധികവുമാണ്. ഇത് ക്രമേണ വിട്ടുമാറാത്ത ശരീരവീക്കത്തിന് കാരണമാകും. ഇത് കാൻസറിനെ ട്രി​ഗർ ചെയ്യാം.

Brain health