ബ്ലോഗ് പകര്‍ത്തി പുസ്തകമാക്കി; കാരൂര്‍ സോമനും പ്രസാധകര്‍ക്കുമെതിരെ നിരക്ഷരന്‍ നിയമനടപടിക്ക്

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സ്‌പെയിന്‍  കാളപ്പോരിന്റെ നാട് എന്ന കാരൂര്‍  സോമന്റെ പുസ്തകം തന്റെ ബ്ലോഗില്‍ നിന്നും ഉള്ള യാത്രാവിവരണങ്ങള്‍ കോപ്പിയടിച്ചതാണെന്ന് ബ്ലോഗര്‍ മനോജ് രവീന്ദ്രന്‍
ബ്ലോഗ് പകര്‍ത്തി പുസ്തകമാക്കി; കാരൂര്‍ സോമനും പ്രസാധകര്‍ക്കുമെതിരെ നിരക്ഷരന്‍ നിയമനടപടിക്ക്

കൊച്ചി: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സ്‌പെയിന്‍  കാളപ്പോരിന്റെ നാട് എന്ന കാരൂര്‍  സോമന്റെ പുസ്തകം തന്റെ ബ്ലോഗില്‍ നിന്നും ഉള്ള യാത്രാവിവരണങ്ങള്‍ കോപ്പിയടിച്ചതാണെന്ന് ബ്ലോഗര്‍ മനോജ് രവീന്ദ്രന്‍. പുസ്തകത്തിലെ രണ്ടും മൂന്നും അധ്യായങ്ങള്‍ പൂര്‍ണമായും, അവസാന അധ്യായത്തിലെ ചില ഭാഗങ്ങളും തന്റെ ബ്ലോഗില്‍ നിന്നും മോഷ്ടിച്ചതാണ്. ഫേസ്ബുക്ക് ലൈവിലാണ് മനോജ് രവീന്ദ്രന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മാതൃഭൂമി ബുക്‌സിനും പുസ്തകത്തിന്റെ രചയിതാവായ കാരൂര്‍ സോമനും എതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് മനോജിന്റെ തീരുമാനം. ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന കാരൂര്‍ സോമന്റേതായി 51 പുസ്തകങ്ങള്‍ ഇത് വരെയായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന സ്‌പെയിന്‍  കാളപ്പോരിന്റെ നാട്. നാടകങ്ങളും, കഥകളും, കവിതകളും, നോവലുകളും, യാത്രാവിവരണവും ഒക്കെ കാരൂര്‍ സോമന്റെ കൃതികളില്‍ പെടും. ഒരൂപാട് പുരസ്‌കാരങ്ങളും കാരൂര്‍ സോമന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ഇത്തരത്തില്‍ ആയിരിക്കാമെന്നും അദ്ദേഹം പറയുന്നു.

തന്റെ ബ്ലോഗില്‍ താന്‍ 120 യാത്രാവിവരണങ്ങള്‍ എഴുതിയിരുന്നു. ഇത് പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞ് പലരും  സമീപിച്ചെങ്കിലും ഓണ്‍ലൈനില്‍ വന്ന സ്ഥിതിക്ക് മറ്റൊരിടത്ത് പ്രസിദ്ധീകരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. അതിനിടെ തന്റെ ഒരു സുഹൃത്ത് ഒരു യാത്രാവിവരണത്തിന്റെ ഒരു സ്‌ക്രീന്‍ ഷോട്ട് തനിക്ക് അയച്ചുതന്നു. ഇത്് നിങ്ങളുടതല്ലേ എന്ന് ചോദിച്ചു. എന്റെതാണെന്ന് താന്‍ പറയുകയും ചെയ്തു. എന്നാല്‍ താന്‍ കരുതിയയത് തന്റെ അനുവാദമില്ലാതെ ആരെങ്കിലും തന്റെ പ്രസിദ്ധീകരിച്ചതായിരിക്കും.  പൂസത്കം വാങ്ങിയപ്പോഴാണ് അറിയുന്നത് ഇത് എഴുതിയ് കാരൂര്‍ സോമനാണെന്നും പ്രസിദ്ധീകരിച്ച്ത് മാതൃഭൂമിയാണെന്നും. എന്റെ ബ്ലോഗില്‍ നിന്നും അതുപോലെ കോപ്പിയടിച്ചതാണ് ആ പു്‌സ്തകത്തിലെ ചില അധ്യായങ്ങളെന്നും അദ്ദേഹം പറഞ്ഞു

കാരൂര്‍ സോമന്‍ എന്ന വ്യക്തിക്ക് മോഷ്ടിക്കാനറിയാമെന്നും പക്ഷെ നില്‍ക്കാന്‍ അറിയില്ലെന്നും കോപ്പിയടിച്ച യാത്രാവിവരണത്തില്‍ എന്റെ ഭാര്യയുടെയും മകളുടെയും പേരും അതുപോലെ ഉപയോഗിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹ പറയുന്നു. ലണ്ടനില്‍ നീണ്ട കാലം താമസിക്കുന്ന ഒരാള്‍ മനസിലാക്കേണ്ടത് കോപ്പി റൈറ്റ് പോലുള്ള കാര്യങ്ങളില്‍ കൃത്രിമം കാണിച്ചാല്‍ ഇതുവരെ സമ്പാദിച്ചതെല്ലാം അവിടെ കൊടുക്കേണ്ടി വരുമെന്നുള്ളതെങ്കിലും കാരൂര്‍ സോമന്‍ ഓര്‍ക്കണമായിരുന്നെന്നും മനോജ് പറയുന്നു. ആളുകളുടെ വലുപ്പം മാത്രം നോക്കി പുസ്തകം പ്രസിദ്ധീകരിക്കുന്നവരും ഇത് മോഷ്ടിച്ചല്ലതന്ന് ഉറപ്പുവരുത്താനുള്ള ബാധ്യതയുണ്ടാവണം. തന്റെ ബ്ലോഗില്‍ നിന്ന് കോപ്പിയടിച്ചാതാണെന്ന കാര്യം മാതൃഭൂമി ബുക്‌സിന്റെ അധികൃതരുമായി  സംസാരിച്ചിരുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഉറപ്പുതന്നത്. കോപ്പിയടിച്ചതാണെന്ന കാര്യം മാതൃഭൂമിക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും മനോജ് പറയുന്നു

നിരക്ഷരന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന മനോജ് രവീന്ദ്രന്‍ പത്ത് വര്‍ഷത്തിലധികമായി ഓണ്‍ലൈന്‍ എഴുത്തിടങ്ങളില്‍ സജീവമാണ്. മനോജ് രവീന്ദ്രന്റെ ചില യാത്രകള്‍ എന്ന ബ്ലോഗ് മലയാളം യാത്രാ വിവരണം കൈകാര്യം ചെയ്യുന്ന ബ്ലോഗുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ്. ഓഗ്മെന്റ് റിയാലിറ്റി യാത്രാവിവരണമായ മുസ്‌രീസിലൂടെ എന്ന പുസ്തകവും മനോജ് രവീന്ദ്രന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്ലോഗ്  സോഷ്യല്‍ മീഡിയ എഴുത്തിന്റെ കാര്യത്തില്‍ കോപ്പിറൈറ്റ് ലംഘനങ്ങള്‍ തുടര്‍ക്കഥയാകുന്നതില്‍ രോഷമുള്ള ഒരുപറ്റം ഓണ്‍ലൈന്‍ എഴുത്തുകാരും വായനക്കാരും നിയമയുദ്ധത്തിന് നിരക്ഷരനോടൊപ്പമുണ്ട്. എന്തായാലും പുസ്തകത്തിന്റെയും ബ്ലോഗിന്റെയും കൂടുതല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം ലണ്ടനിലും നിയമനടപടികള്‍ കൈക്കൊള്ളാനാണ് മനോജ് രവീന്ദ്രന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com