

സംസ്ഥാനത്ത് നിന്നും തുടച്ചു നീക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഡിഫ്തീരിയ എന്ന മാരകരോഗം തിരിച്ചു വന്നതായി സൂചന. എറണാകുളത്ത് ഇതുവരെ രണ്ടു കുട്ടികളാണ് ഡിഫ്തീരിയ ബാധിച്ച് മരിച്ചത്. കൂടാതെ മൊത്തം ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മലപ്പുറത്താണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ചിട്ടുണ്ട്. 2000 മുതലാണ് കേരളത്തില്‍ ചിലയിടങ്ങളില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമാണ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. കഴിഞ്ഞ വര്‍ഷം കോഴിക്കോടും പാലക്കാടും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴയില്‍ രണ്ട് കുട്ടികള്‍ക്ക് വില്ലന്‍ ചുമ പിടിപെട്ടതായും സൂചനയുണ്ട്. ഡിഫ്തീരിയയ്ക്ക് എടുക്കുന്ന ഡിസിടി എന്ന വാക്‌സിന്‍ തന്നെയാണ് വില്ലന്‍ ചുമയ്ക്കും പ്രതിരോധമായി കണക്കാക്കുന്നത്.
പ്രതിരോധ വാക്‌സിനേഷനിലൂടെ നിര്‍മാര്‍ജനം ചെയ്ത ഇത്തരം മാരക പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കുന്നത് അധികൃതര്‍ ഗൗരവത്തോടെ സമീപിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകും. ഡിഫ്തീരിയ ബാധിച്ചവര്‍ക്കുള്ള ആന്റി ടോക്‌സിന്‍ ലഭ്യതക്കുറവും ഡോക്ടര്‍മാരെ വലക്കുന്നു. കൊച്ചിയിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ഡിഫ്തീരിയ ബാധിച്ച രോഗിക്ക് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് മരുന്ന് എത്തിച്ച് നല്‍കിയത്.
പനിയും തൊണ്ടവേദനയും സാധനങ്ങള്‍ ഇറക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന്റെ ആദ്യ ലക്ഷണം. കുറച്ച് കഴിയുമ്പോള്‍ ശ്വാസം മുട്ടും അനുഭവപ്പെടും. അവസാന ഘട്ടത്തില്‍ ഇത് ഹൃദയത്തിലെയും മറ്റു നാഡികളെയും മാരകമായി ബാധിക്കും.
ഡിഫ്തീരിയ തിരിച്ചു വന്നു എന്ന് കേള്‍ക്കുന്നുണ്ട് അത് എത്രത്തോളം സ്ഥിരീകരിച്ചു എന്ന കാര്യത്തില്‍ അറിവില്ലെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റും കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രഫസറുമായിരുന്ന ഡോക്ടര്‍ കെപി അരവിന്ദന്‍ പറയുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലും ഡിഫ്തീരിയ കാണുന്നുണ്ട്. ഡിസിടി എന്ന പ്രതിരോധ വാക്‌സിനാണ് ഇതിനെതിരെ എടുക്കേണ്ടത്. പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ട് കുറെ കാലം കഴിഞ്ഞവരിലും ചില സന്ദര്‍ഭങ്ങളില്‍ അസുഖം വരാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates