പനിയില്ല, തലവേദനയില്ല, ക്ഷീണവുമില്ല; വാക്‌സിന്‍ ഏറ്റില്ലേ? 

പനിയില്ല, തലവേദനയില്ല, ക്ഷീണവുമില്ല; വാക്‌സിന്‍ ഏറ്റില്ലേ? 
ചിത്രം: പിടിഐ
ചിത്രം: പിടിഐ


കോവിഡ് വാക്‌സിന്‍ എടുത്തിനു പിന്നാലെ പലര്‍ക്കും തലവേദന, ക്ഷീണം, പനി തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ടു വരാറുണ്ട്. എന്നാല്‍ ചിലര്‍ക്കാവട്ടെ ഇത്തരത്തില്‍ ഒരു കുഴപ്പവുമില്ല. ഇതെന്താണ് ഇങ്ങനെ? കുഴപ്പമുള്ളവരിലാണോ വാക്‌സിന്‍ ശരിക്കു പ്രവര്‍ത്തിച്ചത്? കുഴപ്പമൊന്നും ഇല്ലാത്തവരില്‍ വാക്‌സിന്‍ ഏറ്റില്ലേ? ഇത്തരത്തില്‍ സംശയങ്ങള്‍ പലതാണ്. വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ ഇതിനു പറയുന്ന വിശദീകരണം എന്താണെന്നു നോക്കാം.

വാക്‌സിനോ മരുന്നോ എന്തായാലും പുറത്തു നിന്ന് ചെല്ലുന്ന എന്തും ശരീരത്തിന് അപരിചിത വസ്തു (ഫോറിന്‍ ബോഡി) ആണ്. അപരിചിത വസ്തുവിനെ പ്രതിരോധിക്കാനുള്ള സ്വാഭാവിക കഴിവ് നമ്മുടെ ശരീരത്തിനുണ്ടെന്ന് അറിയാമല്ലോ. ഈ പ്രതിരോധ ശക്തി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് വാക്‌സിന്‍ എടുത്ത ചിലര്‍ക്ക് പനിയും വിറയലും തലവേദനയുമൊക്കെ ഉണ്ടാവുന്നത്. 

വാക്‌സിന്‍ എടുത്തതിനു പിറ്റേന്നാണ് സാധാരണ ഇത്തരം പ്രശ്‌നങ്ങള്‍ കാണുന്നത്. വാക്‌സിനെ ശരീരം പ്രതിരോധിക്കുന്നതോടെയാണിത്. രോഗപ്രതിരോധത്തിനു ചുമതലപ്പെട്ട വെള്ള രക്താണുക്കള്‍ വാക്‌സിനോട് ' യുദ്ധം' നടത്തുന്നതിന്റെ ഫലമാണ് പനി, ക്ഷീണം, തലവേദന ഇതൊക്കെയായി അനുഭവപ്പെടുന്നത്.

അപ്പോള്‍ പിന്നെ എന്തുകൊണ്ടാണ് എല്ലാവരിലും ഇത് ഉണ്ടാവാത്തത്? അതില്‍ ഒരു ഘടകം പ്രതിരോധ ശക്തിയുടെ ഏറ്റക്കുറച്ചില്‍ തന്നെയാണ്. വാക്‌സിന്‍ സ്വീകരിച്ച പ്രായമായവരില്‍ ഇത്തരം പാര്‍ശ്വ ഫലങ്ങള്‍ താരതമ്യേന കുറവ് ആവുന്നത് അതുകൊണ്ടാണ്. ഇനി പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാവാത്തവര്‍ പ്രതിരോധ ശക്തി ഇല്ലാത്തവര്‍ ആണ് എന്നൊന്നും അര്‍ഥമില്ല. ഓരോ അപരിചിത വസ്തുവിനോടും ഓരോരുത്തരുടെയും ശരീരം പ്രതികരിക്കുന്നത് പല വിധത്തിലും അളവിലും ആവാം എന്നതാണ് അതിനു കാരണം.

വാക്‌സിന്‍ എടുത്തിട്ട് ഒരു പാര്‍ശ്വഫലവും ഉണ്ടായില്ല എന്നാല്‍ വാക്‌സിന്‍ ഏറ്റില്ല എന്നാണോ അര്‍ഥം? അല്ലേയല്ല. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തില്‍, വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഉത്പാദിപ്പിക്കുക എന്നതാണ് വാക്‌സീന്റെ പണി. അതിന് ഈ 'തലവേദന'യുമായി ബന്ധമൊന്നുമില്ല. 

പനിയും തലവേദനയും ക്ഷീണവും കൂടാതെ ചിലര്‍ക്ക് ലിംഫ് ഗ്രന്ഥികളില്‍ വീക്കവും  വാക്‌സിന്‍ എടുത്തതിനു പിന്നാലെയുണ്ടാവും. മാമോഗ്രാം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ വാക്‌സിന്‍ എടുക്കുന്നതിനു മുമ്പു ചെയ്യാന്‍ ഉപദേശിക്കുന്നത് അതുകൊണ്ടാണ്. 

ആസ്ട്രാസെനയുടെ കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ എടുത്ത വളരെ കുറച്ചുപേര്‍ക്ക് രക്തം കട്ടപിടിക്കല്‍ ഉണ്ടാവുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിലര്‍ക്ക് അലര്‍ജി റിയാക്ഷനുകളും ഉണ്ടാവും. ഇതു നിരീക്ഷിക്കുന്നതിനായാണ് വാക്‌സിന്‍ സ്വീകരിച്ചു കുറച്ചു നേരം കൂടി ആശുപത്രിയില്‍ തുടരാന്‍ ആവശ്യപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com