വേനൽക്കാലം തുടങ്ങിയതോടെ അലസതയും നിരാശയുമൊക്കെ കൂടെകൂടിയിട്ടുണ്ടോ? പേടിക്കണ്ട, അതികഠിനമായ കാലാവസ്ഥ പലരുടെയും മാനസികാവസ്ഥയെ ഉലയ്ക്കാറുണ്ട്. എന്നാൽ ഇത് തുടരുകയാണെങ്കിൽ തീർച്ചയായും സഹായം തേടണം. സമ്മർ ഡിപ്രഷൻ എന്നത് ഒരു തരം സീസണൽ അഫക്റ്റീവ് ഡിസോർഡർ ആണ്, പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ഭൂമധ്യരേഖയ്ക്ക് സമീപമുള്ള സ്ഥലങ്ങളിലും സാധാരണമാണ് ഇത്.
സങ്കടം, കോപം, ക്ഷീണം
ദിവസത്തിന്റെ ദൈർഘ്യം കൂടുന്നതും കഠിന ചൂടും വേനൽക്കാല വിഷാദത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. സങ്കടം, ഒരുകാര്യവും ചെയ്യാൻ താത്പര്യമില്ലാതാകുക, ഊർജ്ജക്കുറവ്, അമിത ഉറക്കം, ശരീരഭാരം വർദ്ധിക്കുക ഇതെല്ലാം കണ്ടുവരുമ്പോഴാണ് വേനൽ വിഷാദം എന്ന് വിളിക്കുകയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മറ്റുചിലരിൽ ഉറക്കമില്ലായ്മയും ദൈനംദിന പ്രവർത്തനങ്ങളിലോ ഇഷ്ടപ്പെടുന്ന പ്രവർത്തികളിലോ താൽപ്പര്യക്കുറവ് കണ്ടേക്കാം. ആശയക്കുഴപ്പം, നിരാശ, പ്രകോപനം, ഏകാന്തത, കോപം, ക്ഷീണം എന്നിവയെല്ലാം വേനൽക്കാല വിഷാദവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ഡോക്ടർമാരടക്കം ചൂണ്ടിക്കാട്ടുന്നു.
അവധിക്കാലം കൂടിയാണ്
കാലാവസ്ഥയ്ക്ക് പുറമേ അവധിക്കാലം കണക്കിലെടുത്ത് പലരുടെയും ദിനചര്യകളിലും കഴിക്കുന്ന ഭക്ഷണത്തിലുമെല്ലാം മാറ്റം വരുന്നത് വേനൽക്കാല വിഷാധത്തിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. പലർക്കും വേനൽക്കാലം അവധിക്കാലം കൂടിയാണ്. അതുകൊണ്ടുതന്നെ ചിലവേറും. വിചാരിച്ചരീതിയിൽ ചിലവുകൾ നിയന്ത്രിക്കാൻ കഴിയാതെപോകുന്നതും കണക്കുകൂട്ടലുകളിൽ കാര്യങ്ങൾ നിൽക്കാതാകുന്നതും ഉൽകണ്‌ഠയ്ക്കും വിഷാദത്തിനും വഴിതുറക്കും. ഇതിനോടൊപ്പം അനാരോഗ്യകരമായ ഭക്ഷണം കൂടിയാകുമ്പോൽ കാര്യങ്ങൾ വഷളാകും.
എല്ലാവർഷവും ഒരേ സമയം
ഓരോ വർഷവും ഓരേ സമയത്ത് ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതാണ് സീസണൽ ഡിപ്രഷൻ. ഇത് സ്ഥിരീകരിക്കണമെങ്കിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും അടുപ്പിച്ച് ഓരേ സമയം ഈ ബുദ്ധിമുട്ടുകൾ അനുഭവപ്പെടണം. വേനൽക്കാല വിഷാദത്തെ മറികടക്കാൻ ആരോഗ്യകരവും അച്ചടക്കമുള്ള ജീവിതശൈലിക്ക് ഒരാൾ സ്വയം പ്രചോദിപ്പിക്കണമെന്ന് വിദഗ്ധർ പറയുന്നു. ഉറക്കമില്ലായ്മ അനുഭവപ്പെടും എന്നുള്ളതിനാൽ ഉറക്കത്തിന് ഈ സമയത്ത് കൂടുതൽ പ്രാധാന്യം നൽകണം. മുറിയിലെ വെളിച്ചം പരിമിതപ്പെടുത്തി നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കണം. പതിവായി വ്യായാമം ചെയ്യണം. ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതും അത്യാവശ്യമാണ്.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates