അനങ്ങാൻ കഴിയാത്ത വിധം ശരീരം ഉറച്ചുപോകും, എന്താണ് സ്റ്റിഫ് പേഴ്‌സൺ സിൻഡ്രം?; സെലിൻ മേരി ഡിയോൺ വെളിപ്പെടുത്തിയ രോ​ഗം 

കനേഡിയൻ ഗായിക സെലിൻ മേരി ഡിയോൺ കഴിഞ്ഞ ദിവസമാണ് സ്റ്റിഫ് പേഴ്‌സൺ സിൻഡ്രം എന്ന രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്. പത്തുലക്ഷത്തിലൊരാൾക്ക് ബാധിക്കുന്ന അപൂർവ്വ ഓട്ടോഇമ്മ്യൂൺ അവസ്ഥയാണിത് 
സെലിൻ ഡിയോൺ/ചിത്രം: ഇൻസ്റ്റ​ഗ്രാം
സെലിൻ ഡിയോൺ/ചിത്രം: ഇൻസ്റ്റ​ഗ്രാം

ടൈറ്റാനിക്കിലെ "എവ് രി നൈറ്റ് ഇൻ മെെ ഡ്രീംസ്" എന്ന ഒറ്റ ​ഗാനം മതി സെലിൻ മേരി ഡിയോണിനെ അറിയാൻ. നിരവധി ആരാധകരുള്ള കനേഡിയൻ ഗായികയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആരാധകരെയെല്ലാം നിരാശപ്പെടുത്തിയിരിക്കുകയാണ്. സ്റ്റിഫ് പേഴ്‌സൺ സിൻഡ്രം എന്ന അപൂർവ്വ രോഗാവസ്ഥയിലൂടെ കടന്നുപോകുകയാണ് താനെന്നാണ് സെലിൻ വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരികമായ ഒരു വിഡിയോയിലൂടെയാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. 

എന്താണ് സ്റ്റിഫ് പേഴ്‌സൺ സിൻഡ്രം?

‌പത്തുലക്ഷത്തിലൊരാൾക്ക് ബാധിക്കാവുന്ന അപൂർവമായി കാണപ്പെടുന്ന ഓട്ടോഇമ്മ്യൂൺ രോഗാവസ്ഥയാണ് സ്റ്റിഫ് പേഴ്‌സൺ സിൻഡ്രം. കഴുത്തുമുതൽ അരക്കെട്ടു വരെയുള്ള ഭാഗത്തെ പേശികളെയാണ് രോ​ഗം ബാധിക്കു‌ന്നത്. പേശികൾക്ക് വഴക്കക്കുറവ് അനുഭവപ്പെടുന്നതാണ് രോ​ഗലക്ഷണങ്ങളുടെ തുടക്കഘട്ടം. ക്രമണേ ശരീരത്തിൻറെ ചലനങ്ങൾ നിയന്ത്രിക്കാനാവാത്ത വിധം ഉറച്ചുപോകും. രോഗിക്ക് നടക്കാനോ ചലിക്കാനോ കഴിയാത്ത വിധത്തിലേക്ക് ശരീരം എത്തുന്നത്ര തീവ്രമാണ് ഈ അവസ്ഥ. കേന്ദ്രനാഡീവ്യവസ്ഥയെ ബാധിക്കുന്ന രോ​ഗത്തിന് പിന്നിലെ കാരണം അവ്യക്തമായി തുടരുകയാണ്. 

ലക്ഷണങ്ങൾ അനുസരിച്ച് ചികിത്സ

മാസങ്ങളും വർഷങ്ങളുമെടുത്താണ് ഒരാളിൽ സ്റ്റിഫ് പേഴ്‌സൺ സിൻഡ്രമിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. ചിലരിൽ കുറച്ചുനാൾ കഴിയുമ്പോൾ രോ​ഗം കുറഞ്ഞുതുടങ്ങുമെങ്കിൽ മറ്റുചിലരിൽ ഇത് ഗുരുതരമാവുകയാണ് ചെയ്യുക. ആദ്യമൊക്കെ വന്നും പോയുമിരിക്കുന്ന വേദനയും പേശീവലിവും പിന്നീട് ഇടവേളകൾ കുറഞ്ഞ് സ്ഥിരമായി ഉണ്ടാകാൻ തുടങ്ങും. വേദനയും അസ്വസ്ഥതകളും കുറയ്ക്കാനും ശരീരത്തിന്റെ ചലനശേഷി പഴയപടി ആക്കാനും ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സയാണ് നൽകുക. 

കൂടുതലും സ്ത്രീകളിൽ

‌പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് സ്റ്റിഫ് പേഴ്‌സൺ സിൻഡ്രം കൂടുതലായി കണ്ടുവരുന്നത്. ഏതു പ്രായത്തിലും ഇത് പിടിമുറുക്കാമെങ്കിലും മുപ്പതിനും അറുപതിനും ഇടയിൽ പ്രായമുള്ളവരെയാണ് കൂടുതലും ബാധിക്കുന്നത്. ഡയബറ്റിസ്, തൈറോയ്ഡിറ്റിസ്, വിറ്റിലിഗോ, കടുത്ത അനീമിയ, ചിലതരം കാൻസർ (സ്തനം, ശ്വാസകോശം, വൃക്ക, തൈറോയ്ഡ്, കുടൽ) തുടങ്ങിയ രോഗാവസ്ഥകളിൽ ഉള്ളവരിലാണ് സ്റ്റിഫ് പേഴ്‌സൺ സിൻഡ്രം കൂടുതലായി കണ്ടുവരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com