തുണി മാസ്കുകൾക്ക് സുരക്ഷ കുറവ്, ഒമൈക്രോണിനെതിരെ ഈ മാസ്കുകൾ തെരഞ്ഞെടുക്കണമെന്ന് സിഡിസി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th January 2022 04:40 PM |
Last Updated: 15th January 2022 04:40 PM | A+A A- |

ഫയല്‍ ചിത്രം
വാഷിങ്ടൺ: തുണി മാസ്കുകൾ കോവിഡ് 19നെതിരെ വലിയ സുരക്ഷ നൽകുന്നില്ലെന്ന് യുഎസ് സെൻ്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ. കോവിഡിൽ നിന്ന് പരമാവധി സുരക്ഷ ലഭിക്കാൻ എൻ95 മാസ്കുകളോ കെഎൻ95 മാസ്കുകളോ ധരിക്കണമെന്നാണ് സിഡിസി ആവശ്യപ്പെടുന്നത്. സർജിക്കൽ മാസ്കിനെയും റെസ്പിറേറ്ററുകളെയും അപേക്ഷിച്ച് തുണി മാസ്കുകൾ കോവിഡിൽ നിന്ന് ചെറിയ സുരക്ഷ മാത്രമേ നൽകുന്നുള്ളു എന്ന് സിഡിസി വ്യക്തമാക്കി.
കോവിഡ് 19 മുൻകരുതലുകൾ സംബന്ധിച്ചുള്ള പുതിയ മാർഗനിർദേശങ്ങളിലാണ് സിഡിസി മാസ്കുകളുടെ സുരക്ഷയെക്കുറിച്ച് വിശദീകരണം നൽകിയത്. തീവ്രവ്യാപനശേഷിയുള്ള കോവിഡ് വകഭേദമായ ഒമൈക്രോൺ പടർന്നു പിടിക്കുന്നതിനിടെയാണ് സിഡിസിയുടെ പുതിയ മാർഗനിർദേശം. കഴിഞ്ഞ വർഷം സെപ്റ്റംബറിനു ശേഷം ഇതാദ്യമായാണ് സിഡിസി കോവിഡ് 19 മാനദണ്ഡങ്ങൾ പുതുക്കുന്നത്.
മുഖത്തോടു നന്നായി ചേർന്നിരിക്കുന്ന ഡിസ്പോസിബിൾ സർജിക്കൽ മാസ്കുകളും കെഎൻ95 മാസ്കുകളും നിയോഷ് അംഗീകാരമുള്ള റെസ്പിറേറ്ററുകളുമാണ് കോവിഡിനെതിരെ ഏറ്റവും മികച്ച സുരക്ഷ നൽകുന്നത്. ലൂസ്‍ലി വൂവൺ ക്ലോത്ത് ഉപയോഗിച്ചു നിർമിച്ച മാസ്കുകളെക്കാൾ മികച്ച സുരക്ഷ നൽകുന്നത് കൂടുതൽ പാളികളുള്ളതും മികച്ച രീതിയിൽ നെയ്തെടുത്തതുമായ മാസ്കുകളാണ്, സിഡിസി വ്യക്തമാക്കി. അതേസമയം, മാസ്ക് ധരിക്കാത്തതിലും നല്ലത് ഏതെങ്കിലും ഒരു മാസ്ക് ധരിക്കുകയാണെന്നും സിഡിസി പറഞ്ഞു.