ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാൽ അപകടകരമെന്ന മുന്നറിയിപ്പ്; നിയോകോവിൽ കൂടുതൽ പഠനങ്ങൾ നടത്തണം: ലോകാരോ​ഗ്യ സംഘടന 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2022 06:46 AM  |  

Last Updated: 29th January 2022 06:50 AM  |   A+A-   |  

covid cases in INDIA

പ്രതീകാത്മക ചിത്രം

 

ന്യൂഡൽഹി: ചൈനീസ് ഗവേഷകർ കണ്ടെത്തിയ പുതിയതരം കൊറോണ വൈറസായ ‘നിയോകോവ്’ എത്രമാത്രം അപകടകാരിയാണ് എന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ലോകാരോ​ഗ്യ സംഘടന. സൗത്ത് ആഫ്രിക്കയിലെ വവ്വാലുകളിലാണ് നിയോകോവ് കണ്ടെത്തിയത്. 

ഇതു മനുഷ്യർക്കു ഭീഷണിയാകുമോ എന്ന് കൂടുതൽ പഠനങ്ങൾക്കുശേഷമേ വ്യക്തമാകൂ എന്നാണ് ഡബ്ല്യുഎച്ച്ഒ വൃത്തങ്ങൾ പറയുന്നത്. 
മനുഷ്യരിലെ 75 ശതമാനം പകർച്ചവ്യാധികളുടെ  ഉറവിടം വന്യമൃഗങ്ങളാണ്. കൊറോണ വൈറസുകൾ പലപ്പോഴും വവ്വാലുകൾ ഉൾപ്പെടെയുള്ള ജീവികളിലാണ് കാണുന്നത്, ഡബ്ല്യുഎച്ച്ഒ പറഞ്ഞു. 

ചൈനീസ് ഗവേഷകരുടെ റിപ്പോർട്ടുപ്രകാരം, കോവിഡ്-19ന് കാരണമായ സാർസ് കോവ്–2 വൈറസ് പോലെ മനുഷ്യ കോശങ്ങളിലേക്ക് നുഴഞ്ഞുകയറാൻ നിയോകോവിന് കഴിയും. ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാൽ വൈറസ് മനുഷ്യർക്ക് അപകടകരമാകും എന്നാണ് വിദ​ഗ്ധരുടെ മുന്നറിയിപ്പ്.

കൊറോണ വൈറസിനേക്കാൾ വിഭിന്നമായാവും ഈ വൈറസ് മനുഷ്യകോശങ്ങളെ ബാധിക്കുക. അതിനാൽ നിയോകോവിനെ ചെറുക്കാൻ മനുഷ്യശരീരത്തിലെ ആന്റിബോഡികൾക്കോ നിലവിലെ വാക്‌സീൻ സംരക്ഷണത്തിനോ കഴിയില്ലെന്നും ​ഗവേഷകർ ആശങ്ക പങ്കുവച്ചു. ഇതു ബാധിക്കുന്ന മൂന്നിലൊരാളും മരിക്കാനുള്ള സാധ്യതയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വുഹാൻ സർവകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസസിലെയും ഗവേഷകരാണ് റിപ്പോർട്ട് പുറത്തുവിട്ടത്.