ഉരുളക്കിഴങ്ങ് വില്ലനല്ല, ശരീരഭാരം കുറയ്ക്കും; പുതിയ പഠനം 

ഉരുളക്കിഴങ്ങ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മിതവണ്ണം, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കെല്ലാം വില്ലനാണ് ഉരുളക്കിഴങ്ങ്. അതുകൊണ്ടുതന്നെ ഇഷ്ടമാണെങ്കിലും പലരും ഉരുളക്കിഴങ്ങിനെ മനപ്പൂര്‍വ്വം അകറ്റി നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ഉരുളക്കിഴങ്ങ് അത്ര അപകടകാരിയല്ലെന്നും ആരോഗ്യത്തിന് ഏറെ നല്ലതാണെന്നുമാണ് പുതിയൊരു പഠനത്തില്‍ പറയുന്നത്. 

പൊതുവേ കരുതപ്പെടുന്നതുപോലെ ഉരുളക്കിഴങ്ങ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതിനുപുറമേ പഠനത്തില്‍ പങ്കെടുത്ത ആളുകളുടെ ശരീരഭാരം കുറഞ്ഞതായും ഗവേഷകര്‍ പറയുന്നു. 

എന്നും ഒരേ അളവില്‍ ഭക്ഷണം കഴിക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നതെന്നും കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയെ കുറിച്ച് ഇവര്‍ ആശങ്കപ്പെടുന്നില്ലെന്നും ഗവേഷകര്‍ പറഞ്ഞു. അതുകൊണ്ട് തുടര്‍ച്ചയായി ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാതെ കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള കലോറി കുറച്ചുകൊണ്ടുവരികയാണ് ചെയ്തത്. ഭക്ഷണത്തില്‍ കലോറി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഉരുളക്കിഴങ്ങ് ഉള്‍പ്പെടുത്തിയത്. കൂടുതല്‍ കലോറിയുള്ള വിഭവങ്ങള്‍ ഒഴിവാക്കി അതിനുപകരമായി ഉരുളക്കിഴങ്ങ് നല്‍കുകയായിരുന്നു. ഇത് വളരെ പെട്ടെന്ന് വയറ് നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകാനും സഹായിക്കും. ചിലരാകട്ടെ ഉരുളക്കിഴങ്ങിന്റെ അളവ് കൂടുന്നതനുസരിച്ച് നല്‍കുന്ന ഭക്ഷണം മുഴുവന്‍ കഴിച്ചുതീര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തി. പെട്ടെന്ന് വയറ് നിറയുന്നതിനാല്‍ സ്വാഭാവികമായും കഴിക്കുന്ന അളവും കുറഞ്ഞുവരും. 

18നും 60നും ഇടയില്‍ പ്രായമുള്ള 36 പേരിലാണ് പഠനം നടത്തിയത്. അമിതഭാരക്കാരും പൊണ്ണത്തടി ഉള്ളവരും ഇന്‍സുലിന്‍ എടുക്കുന്നവരുമൊക്കെയാണ് പഠനത്തില്‍ പങ്കെടുത്തത്. ബീന്‍സ്, പയര്‍, മീന്‍, ഇറച്ചി തുടങ്ങിയ വിഭവങ്ങളാണ് ഇവര്‍ക്ക് കഴിക്കാനായി നല്‍കിയിരുന്നത്. ഇതിലേക്ക് പിന്നീട് ഉരുളക്കിഴങ്ങ് ഘട്ടംഘട്ടമായി ഉള്‍പ്പെടുത്തുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com