പ്രസവിച്ചാൽ മാത്രമേ അമ്മയാകൂ? എന്താണ് വാടക ഗർഭധാരണം? നെറ്റിചുളിച്ച് വായിക്കണ്ട, അറിയേണ്ടതെല്ലാം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th October 2022 04:25 PM  |  

Last Updated: 10th October 2022 04:35 PM  |   A+A-   |  

Surrogate_Mother

പ്രതീകാത്മക ചിത്രം

 

മ്മുടെ നാട്ടിൽ ഇപ്പോഴും വാടക ഗർഭധാരണം എന്ന് കേൾക്കുമ്പോൾ നെറ്റിചുളിക്കുന്നവരും അധിക്ഷേപ കമന്റുകളുമായി എത്തുന്നവരും ഏറെയാണ്. തെന്നിന്ത്യൻ താരം നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നെന്ന സന്തോഷവാർത്ത പങ്കുവച്ചതോടെയാണ് ഈ വിഷയം വീണ്ടും ചർച്ചയായത്. നാല് മാസം കൊണ്ട് അച്ഛനും അമ്മയുമായി എന്നുതുടങ്ങി വലിയ വിമർശനമാണ് ഇരുവരും സോഷ്യൽമീഡിയയിൽ ഏറ്റുവാങ്ങുന്നത്.

എന്താണ് വാടക ഗർഭധാരണം?

പങ്കാളികളുടെ താത്പര്യത്തിനനുസരിച്ച് കുഞ്ഞിനെ പ്രസവിയ്ക്കാൻ മറ്റൊരു സ്ത്രീയെ ചുമതലപ്പെടുത്തുന്നതാണ് വാടക ഗർഭധാരണം. പ്രധാനമായും രണ്ടു രീതികളിലൂടെയാണ് വാടക ഗർഭധാരണം നടക്കുന്നത്. 

ട്രഡിഷണൽ സറഗേറ്റ്സ് ആണ് ഒന്ന്. പങ്കാളികൾ തങ്ങളുടെ കുഞ്ഞിനെ പ്രസവിക്കാനായി ഒരു സ്ത്രീയെ കണ്ടെത്തുകയും അവരിൽ അച്ഛനാകേണ്ട വ്യക്തിയുടെ ബീജം നിക്ഷേപിയ്ക്കുകയും ചെയ്യും. ഇവർ ഗർഭം ധരിച്ച് ദമ്പതികൾക്കായി കുഞ്ഞിനെ പ്രസവിച്ചു നൽകും. ഇങ്ങനെ ചെയ്യുമ്പോൾ കുഞ്ഞിന്റെ ബയോളജിക്കൽ മദർ പ്രസവിച്ച സ്ത്രീ ആയിരിക്കും. കാരണം പുരുഷന്റെ ബീജത്തിൽ ഇവരുടെ അണ്ഡമാണ് കലരുന്നത്.

ജെസ്റ്റെഷണൽ സറഗേറ്റ്സ് ആണ് രണ്ടാമത്തേത്. ഈ രീതിയിൽ ദമ്പതികളിൽ നിന്ന് തന്നെ ബീജവും അണ്ഡവും ശേഖരിച്ചാണ് വാടക ഗർഭധാരണം നടത്തുന്നത്. ഐ വി എഫ് വഴി അമ്മയുടെ അണ്ഡം ശേഖരിച്ച് അച്ഛന്റെ ബീജവുമായി യോജിപ്പിച്ച് വാടക ഗർഭധാരണത്തുനുവേണ്ടി കണ്ടെത്തിയ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കും. ഇങ്ങനെ ജനിക്കുന്ന കുഞ്ഞിന് പ്രസവിക്കുന്ന സ്ത്രീയുടെ ജനിതക ഘടകങ്ങൾ ചേരില്ല. അതിനാൽ പ്രസവിയ്ക്കുന്ന സ്ത്രീ ജന്മം നൽകിയ അമ്മയും അണ്ഡം നൽകിയ സ്ത്രീ യഥാർത്ഥ അമ്മയുമാകും. ദമ്പതികൾക്ക് കുഞ്ഞിന്റെ യഥാർത്ഥ അച്ഛനും അമ്മയും ആകാൻ സാധിയ്ക്കുമെന്നതിനാൽ ട്രഡിഷണൽ രീതിയേക്കാൾ സ്വീകാര്യമാണ് ജെസ്റ്റെഷണൽ സറഗേറ്റ്സ്. 

ആരാണ് വാടക ഗർഭധാരണത്തെ ആശ്രയിക്കുന്നത്?

ഗർഭപാത്രത്തിന് ഏതെങ്കിലും തരത്തിലുള്ള അനാരോഗ്യമുണ്ടെങ്കിൽ, എന്തെങ്കിലും കാരണം കൊണ്ട് ഗർഭപാത്രം നീക്കം ചെയ്തിട്ടുണ്ടെങ്കിൽ, ഹൃദ്രോ​ഗം പോലെ എന്തെങ്കിലും ആരോ​ഗ്യപ്രശ്നം കാരണം ഗർഭധാരണം അപകടമേറിയതാണെങ്കിലോ ഒക്കെ വാടക ഗർഭധാരണത്തെ ആശ്രയിക്കാവുന്നതാണ്. 

കുഞ്ഞുവേണമെന്ന് ആഗ്രഹിക്കുന്ന സ്വവർ​ഗ്​ഗ ദമ്പതികൾക്കും ഇത് ആശ്വാസമാണ്. ഗേ കപ്പിൾസിന് കുഞ്ഞ് വേണമെങ്കിൽ ഇവരിൽ ഒരാളുടെ ബീജം വാടക ഗർഭം ധരിക്കുന്ന സത്രീയുടെ അണ്ഡവുമായി യോജിപ്പിക്കാം. ഗർഭം ധരിക്കുന്ന സ്ത്രീയുടെ അല്ലെങ്കിൽ മറ്റൊരു സ്ത്രീയുടെ അണ്ഡം ലഭിച്ചാലും ഇത് സാധ്യമാണ്. 

ആളെ എങ്ങനെ കണ്ടെത്തും?

കുഞ്ഞിന് ജന്മം നൽകാൻ ഒരാളെ കണ്ടെത്തുന്നതാണ് പലരെയും ആശയക്കുഴപ്പത്തിലാക്കുന്ന കാര്യം. അടുത്ത സുഹൃത്തുക്കളോടെ കുടുംബാംഗത്തോടോ ഇതിനായി സഹായം തേടാം. ചിലവേറിയ കാര്യമായതുകൊണ്ടുതന്നെ ഇത്തരം ആളുകളെയാണ് പലരും ആദ്യം പരിഗണിക്കുന്നത്. അല്ലാത്തവർക്ക് ഇതിന് സഹായിക്കുന്ന ഏജൻസികളെ ബന്ധപ്പെടാവുന്നതാണ്. ഇവർ വാടക ഗർഭധാരണത്തിന് നിങ്ങൾക്കായി ഒരാളെ കണ്ടെത്തിനൽകും. 

എങ്ങനെയുള്ള ആളെ കണ്ടെത്തണം?

നിലവിൽ ഇതിന് പ്രത്യേകിച്ച് നിബന്ധനകളൊന്നും ഇല്ല. എന്നാൽ ചില കാര്യങ്ങൾ ഉറപ്പുവരുത്തിവേണം ആളെ കണ്ടെത്താൽ. 

  • 21 വയസ്സ് പൂർത്തിയാക്കിയിട്ടുണ്ടാകണം.
  • ഒരു തവണയെങ്കിലും ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ചിട്ടുണ്ടാകണം. കാരണം, ഇതുമായി ബന്ധപ്പെട്ട അപകടസാധ്യതകളും കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം ഉണ്ടാകുന്ന വൈകാരിക അടുപ്പവുമെല്ലാം അറിയാവുന്ന ഒരു വ്യക്തി ആകണം. 
  • പ്രസവശേഷം കുഞ്ഞിനെ വിട്ടുനൽകാനുള്ള മാനസികാവസ്ഥ സ്ത്രീക്കുണ്ടെന്ന് ഉറപ്പാക്കാനായി മനശാസ്ത്ര വിദഗ്ധരുടെ സഹായം സ്വീകരിക്കണം. 
  • പ്രസവത്തിന് മുൻപുള്ള പരിചരണം മുതൽ കുഞ്ഞ് ജനിച്ചതിന് ശേഷം നിങ്ങളെ ഏൽപ്പിക്കുന്നത് അടക്കം ഗർഭധാരണത്തിൽ ഉള്ള ആ വ്യക്തിയുടെ പങ്കിനെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും വ്യക്തമായ കരാർ ഉണ്ടാക്കി ഒപ്പുവയ്ക്കണം. 
  • ഗർഭകാലത്തുടനീളം ആരോഗ്യത്തോടെയിരിയ്ക്കാൻ സാധിക്കുമെന്ന് പരിശോധിച്ച് ബോധ്യപ്പെടണം. ഇവർക്ക് സിഫിലിസ്, ഗൊണേറിയ, എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള പകർച്ചവ്യാധികൾ ഇല്ല എന്ന് ഉറപ്പ് വരുത്തണം.മീസിൽസ്, റുബെല്ല, ചിക്കൻ പോക്സ് പോലുള്ളവയ്ക്കെതിരെ പ്രതിരോധം ഉറപ്പാക്കണം. 

ചെലവ്

80,000 ഡോളർ അതായത് ഏകദേശം 66ലക്ഷം രൂപ മുതൽ 1,20,000 ഡോളർ (ഏകദേശം 99ലക്ഷം രൂപ) വരെയാണ് ഇതിനായി ചെലവാകുക. ഇതിനു പുറമേ അപ്രതീക്ഷിതമായ മെഡിക്കൽ എമർജന്സികൾ ഉണ്ടാകുന്നപക്ഷം അതിനും പ്രത്യേക ചെലവ് കരുതണം. 

നിയമക്കുരുക്കും അറിയണം

വാടക ഗർഭധാരണം നടത്തുന്ന സ്ത്രീക്ക് കുഞ്ഞിന്റെ മേൽ നിയമപരമായ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ കഴിയും. കുഞ്ഞ് ജനിച്ച ശേഷമുള്ള വൈകാരികമായ അടുപ്പമാണ് പലപ്പോഴും പ്രശ്നമാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സങ്കീർണത ഒഴിവാക്കാൻ ഒരു മികച്ച അഭിഭാഷകനുമായി ബന്ധപ്പെട്ട് കൃത്യമായ കരാർ തയ്യാറാക്കണം. പഴുതുകളില്ലാത്ത രീതിയിൽ കരാർ തയ്യാറാക്കി വേണം കുഞ്ഞിനെ സ്വന്തമാക്കാൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വയറാണോ വില്ലന്‍?; കുറയ്ക്കാന്‍ ഈ നാല് പാനീയങ്ങള്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ