ഇടയ്ക്കിടയ്ക്ക് ഒരു ചായയോ കാപ്പിയോ കുടിക്കണം!, ഈ ശീലം മാറ്റണോ? ഇതാ ചില ടിപ്‌സ് 

ചായയെയും കാപ്പിയെയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കണോ? തലവേദന, തലകറക്കം, മൂഡ് സ്വിങ്‌സ് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെതന്നെ ക്രമേണ കഫീന്‍ കഴിക്കുന്നത് നിയന്ത്രിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രു ചായ ആയാലോ? ഈ ചോദ്യം കേട്ടപാതി കേള്‍ക്കാത്ത പാതി തല കുലുക്കുന്നവരാണോ?. ഇടയ്ക്കിടെ ചായയോ കാപ്പി കുടിക്കുന്നത് പലര്‍ക്കുമൊരു ശീലമാണ്. തണുപ്പുകാലമായാല്‍ പിന്നെ പറയുകയെ വേണ്ട, ചായയുടെയും കാപ്പിയുടെയുമൊക്കെ എണ്ണം പതിവിലും കൂടുതലായി കുതിച്ചുയരുക തന്നെ ചെയ്യും. ഇങ്ങനെ ചായയെയും കാപ്പിയെയും അമിതമായി ആശ്രയിക്കുന്നത് നിര്‍ജ്ജലീകരണം, അസിഡിറ്റി, പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള ബുദ്ധിമുട്ട്, ഉറക്കമില്ലായ്മ, ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും. കഫീന്‍ നമ്മുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുകയും ഉന്മേഷം നല്‍കുകയുമൊക്കെ ചെയ്യുമെങ്കിലും ഇതിനോടുള്ള അമിതമായ ആസക്തി ആരോഗ്യത്തിന് വില്ലനാകും. തലവേദന, തലകറക്കം, മൂഡ് സ്വിങ്‌സ് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെതന്നെ ക്രമേണ കഫീന്‍ കഴിക്കുന്നത് നിയന്ത്രിച്ചുകൊണ്ടുവരാനാകും. 

►ചൂട് കാപ്പി അല്ലെങ്കില്‍ ഹോട്ട് ചോക്ലേറ്റിന് പകരം മഞ്ഞള്‍ ഇട്ട പാല്‍ അല്ലെങ്കില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഏലയ്ക്ക ബദാം മില്‍ക്ക് ഒന്ന് പരീക്ഷിച്ചുനോക്കൂ. മഞ്ഞളും ഏലയ്ക്കയും ദഹനത്തെ മെച്ചപ്പെടുത്തുന്ന ആന്റിഓക്‌സിഡന്റ്‌സാണ്. ബദാം വൈറ്റമിന്‍ ഇ, അയണ്‍, പൊട്ടാസ്യം മഗ്നീഷ്യം, പ്രോട്ടീന്‍, ഹൃദയത്തിന് ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ നല്‍കും. ഇനി വീട്ടില്‍ തന്നെ തയ്യാറാക്കിയ ഒരു ചൂടന്‍ സൂപ്പാണെങ്കിലും നല്ലതാണ്. 

►ചായ പ്രേമികള്‍ക്ക് വീട്ടിലുണ്ടാക്കുന്ന നല്ല ഹെര്‍ബല്‍ ചായകളിലേക്ക് കളം മാറ്റാം. കറുവപ്പട്ട, തുളസി, ഗ്രാമ്പു, ഏലയ്ക്ക, ഇഞ്ചി തുടങ്ങിയവ ചേര്‍ത്ത് തയ്യാറാക്കുന്ന ചായ ആരോഗ്യത്തിന് ഉത്തമമാണ്. ജൈവ തേന്‍, സര്‍ക്കര എന്നിവ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്നതും നല്ലതായിരിക്കും. കാപ്പിയാണ് പ്രിയമെങ്കില്‍ കഫീന്‍ ആസക്തി കുറയ്ക്കാനായി ഡീകഫീന്‍ ചെയ്ത കാപ്പി കുടിച്ചുതുടങ്ങാം. ദിവസവും 2-3 കപ്പ് കാപ്പിയിലേക്ക് ശീലത്തെ കുറച്ചുകൊണ്ടുവരുന്നത് നല്ലതായിരിക്കും. 

►ഗ്രീന്‍ ടീ, ചമോമൈല്‍ ടീ, ജാസ്മിന്‍ ടീ, ലാവെന്‍ഡര്‍ ടീ, ലെമണ്‍ ഗ്രാസ് ടീ, സ്‌ട്രോബെറി ടീ എന്നിങ്ങനെ പല വെറൈറ്റികള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. ഇവ ഉന്മേഷം തരുമെന്ന് മാത്രമല്ല ശരീരത്തിലെ വിഷാംശങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇവയിലുണ്ട്. 

►പതിവ് ചായക്കും കാപ്പിക്കും പകരമായി ഇഞ്ചി-തേന്‍-നാരങ്ങ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ചായ നല്ലതാണ്. വീക്കം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ജലദോഷം, ചുമ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താനും ഇത് സഹായിക്കും. ഇഞ്ചി ശരീരത്തെ സ്വാഭാവികമായി ചൂടാക്കുകയും തണുപ്പുകാലത്ത് ഉണ്ടാകാവുന്ന സന്ധി വേദനയും ശരീര വേദനയും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. 

►എന്നും ഉറക്കമുണര്‍ന്ന ഉടനെ ഒരു ഗ്ലാസ് ചായ കുടിക്കുന്നതാണ് പതിവെങ്കില്‍ ഇനിയതൊന്നു മാറ്റാം. ദിവസവും ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിച്ച് തുടങ്ങാം. 

►ചായയും കാപ്പിയും മാത്രമല്ല ആപ്പിള്‍ കഴിക്കുന്നതും ജാഗ്രതയും ഉന്മേഷവും കൈവരിക്കാന്‍ നല്ലതാണെന്ന് ഗവേഷകര്‍ പറഞ്ഞിട്ടുണ്ട്. രാവിലത്തെ ചായക്കും കാപ്പിക്കും പകരമായി ഒരു ആപ്പിള്‍ കഴിക്കുന്നതും ഉദ്ദേശിച്ച ഫലം തരും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com