തൈരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചിട്ടുണ്ടോ? ഞെട്ടണ്ട, നിറയെ ആരോഗ്യഗുണങ്ങള്‍

തൈരിനൊപ്പം അല്‍പം തേന്‍ ചേര്‍ത്ത് ഒന്ന് പരീക്ഷിച്ചുനോക്കാം. ഞെട്ടണ്ട, തേനും തൈരും ഒന്നിച്ചു കഴിക്കുന്നത് സുരക്ഷിതമാണ്...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


'ഒരല്‍പ്പം തൈരുണ്ടെങ്കില്‍ ഒരുപാത്രം ചോറുണ്ണാം', എന്ന് പറയുന്നവര്‍ ഒരുപാടുണ്ട്. പക്ഷെ, ചിലര്‍ക്കാകട്ടെ തൈരിന്റെ രുചി അത്ര പ്രിയവുമല്ല. നിങ്ങളും അക്കൂട്ടത്തിലാണെങ്കില്‍ തൈരിനൊപ്പം അല്‍പം തേന്‍ ചേര്‍ത്ത് ഒന്ന് പരീക്ഷിക്കാവുന്നതാണ്. ഞെട്ടണ്ട, തേനും തൈരും ഒന്നിച്ചു കഴിക്കുന്നത് സുരക്ഷിതമാണ്. സുരക്ഷിതമാണെന്ന് മാത്രമല്ല, രണ്ടും ചേരുമ്പോള്‍ നിറയെ ആരോഗ്യഗുണങ്ങള്‍ സമ്മാനിക്കുന്ന പോഷകസമൃദ്ധമായ ഒരു കോമ്പോ കൂടിയാകും അത്. 

►തൈരില്‍ പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. കുടലില്‍ നിന്ന് അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനും പ്രോബയോട്ടിക് ആയി പ്രവര്‍ത്തിക്കാനും തേനും നല്ലതാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ രണ്ടും കൂടി ചേരുമ്പോള്‍ അത് കൂടുതല്‍ ഫലപ്രദമാകും. 

►ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഒരു പാലുല്‍പ്പന്നമാണ് തൈര്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ആരോഗ്യകരമായ ചര്‍മ്മത്തിനും ശരീരഭാരം കുറയ്ക്കാനും ശരീരത്തിന് പ്രോട്ടീന്‍ ആവശ്യമായതിനാല്‍ ദിവസവും തൈര് കുടിക്കുന്നത് നല്ലതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദിവസം മുഴുവന്‍ സജീവമായി നില്‍ക്കാനുള്ള ഊര്‍ജ്ജം ശരീരത്തിന് നല്‍കുകയും ചെയ്യും. തേന്‍ കൂടി ചേരുമ്പോള്‍ അത് സ്വാദേറിയ പോഷക സമൃദ്ധമായ ഭക്ഷണമാകും. 

►തേനും തൈരും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നവയാണ്. രോഗങ്ങള്‍ക്കെതിരെ ശരീരത്തിന്റെ പ്രതിരോധമായി പ്രവര്‍ത്തിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. തൈരിലും സ്വാഭാവിക പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. ഇവ രണ്ടു ചേരുന്നത് നമ്മളെ ആരോഗ്യത്തോടെയും ഊര്‍ജ്ജത്തോടെയും നിലനിര്‍ത്തും. 

►തൈരും തേനും ദഹനം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ ദഹനം ഉറപ്പാക്കുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും മലബന്ധം, അസിഡിറ്റി തുടങ്ങിയ ഉദര സംബന്ധമായ പ്രശ്‌നങ്ങളെ അകറ്റുകയും ചെയ്യും. 

►തൈരിന് പൊതുവേ പുളിയാണെങ്കില്‍ തേന്‍ ചേരുമ്പോള്‍ ആ പുളിരസം ബാലന്‍സ് ചെയ്യപ്പെടും. ഇഷ്ടമുള്ളവര്‍ക്ക് ഇതിനൊപ്പം പഴങ്ങള്‍ ചേര്‍ത്തോ പച്ചക്കറികള്‍ ചേര്‍ത്തോ കഴിക്കാവുന്നതാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com