പാല് കുടിച്ചുകഴിഞ്ഞ് അസ്വസ്ഥത തോന്നാറുണ്ടോ?, വയറുവേദന മുതൽ‌ അലർജി വരെ; അറിയാം ലാക്ടോസ് ഇൻടോളറൻസ് ലക്ഷണങ്ങൾ 

ലാക്ടോസ് ഇൻടോളറൻസ് എന്ന അവസ്ഥയുള്ളവർ പാല് കുടിക്കുമ്പോൾ വയറുവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകും. ഇത് എങ്ങനെ അറിയാം?, ആദ്യ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലോ പാലുത്പന്നങ്ങളോ ഉപയോ​ഗിച്ചതിന് ശേഷം അസ്വസ്ഥത തോന്നാറുണ്ടോ? ഇത് ഇടയ്ക്കുമാത്രം സംഭവിക്കുന്നതാണെങ്കിൽ അത്ര കാര്യമാക്കേണ്ടതില്ല. പക്ഷെ, തുടർച്ചയായി ഈ ബുദ്ധിമുട്ടുണ്ടെങ്കിൽ ശ്രദ്ധിക്കണം. ശരീരത്തിന് ലാക്റ്റേസ് എൻസൈം ഉത്പാദിപ്പിക്കാൻ പറ്റാതെ വരികയോ, കുറഞ്ഞ അളവിൽ ഉത്പാദിപ്പിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്നതാണ് ലാക്ടോസ് ഇൻടോളറൻസ് എന്ന അവസ്ഥ. ഈ പ്രശ്നമുള്ളവർ പാൽ കുടിക്കുമ്പോൾ ചെറുകുടലിൽ എത്തുന്ന ലാക്ടോസ് വിഘടിക്കാതിരിക്കുകയും വൻകുടലിലേക്ക് കടക്കുകയും ചെയ്യും. അവിടെവച്ച് ബാക്ടീരിയ അതിനെ വാതകങ്ങളും ആസിഡുകളുമായി മാറ്റും. ഇത് അസഹനീയമായ വയറുവേദനയ്ക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മറ്റ് അസ്വസ്ഥതകൾക്കും കാരണമാകും. 

എങ്ങനെ അറിയാം?

പാൽ കുടിച്ചുകഴിയുമ്പോൾ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് ശ്രദ്ധിക്കണം. പാലുകുടിച്ച് ഒന്ന്-രണ്ട് മണിക്കൂറിനുള്ളിൽ എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ നിങ്ങൾ ലാക്ടോസ് ഇൻടോളറന്റ് ആവാൻ സാധ്യതയുണ്ട്. ലാക്ടോസ് ഇൻടോളറൻസ് മൂലം തീവ്രമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. സ്‌കിൻ അലർജികൾ, അസ്വസ്ഥതയുണ്ടാക്കുന്ന തിണർപ്പ്, നിരന്തരമായ ചൊറിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ ഇതുമൂലം ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അത് നിസാരമായി കരുതരുത്, പകരം ഉടനടി ഒരു ആരോഗ്യവിദഗ്ധനെ കാണണം. 

ലാക്ടോസ് ഇൻടോളറൻസിന്റെ ആദ്യ ലക്ഷണങ്ങൾ

• പാല് കുടിച്ചുകഴിയുമ്പോൾ അടിവയറ്റിൽ നിന്ന് ശബ്ദമോ മുരൾച്ചയോ കേൾക്കുന്നതും വായൂക്ഷോഭം അനുഭവപ്പെടുന്നതും ലാക്ടോസ് ഇൻടോളറൻസ് മൂലമാകാം. 

• പാലോ പാലുത്പന്നങ്ങളോ കഴിച്ച് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ സ്ഥിരമായി വയറിളക്കം ഉണ്ടാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഇത് ലാക്ടോസ് ഇൻടോളറൻസിന്റെ സൂചനയാകാം. മലത്തിന്റെ നിറത്തിലും മാറ്റമുണ്ടാകും. 

• ലാക്ടോസ് ഇൻടോളറൻസ് മൂലം അടിവയറ്റിൽ വേദന അല്ലെങ്കിൽ അസ്വസ്ഥത ഉണ്ടാക്കും. 

• പാലുത്പന്നങ്ങളുടെ ഉപയോ​ഗം മൂലം തുടർച്ചയായി ഛർദ്ദി അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കണം. 

• വൻകുടലിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഉദരകോശങ്ങളിൽ അസ്വസ്ഥതയ്ക്ക് കാരണമാകും. ഇതും ലാക്ടോസ് ഇൻടോളറൻസ് മൂലമാകാം. 

• ലാക്ടോസ് ഇൻടോളറൻസ് സങ്കീർണ്ണമാണെങ്കിൽ വിട്ടുമാറാത്ത പനി ഉണ്ടാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com