"എത്ര വെള്ളം കുടിച്ചാലും ഒരു തുള്ളി മൂത്രം പോലും പോകില്ല", എന്താണ് ഫൗളര്‍ സിന്‍ഡ്രോം?; യുവതികള്‍ അറിയാന്‍ 

ഫൗളര്‍ സിന്‍ഡ്രോം ബാധിച്ച എല്ലി ആഡംസ് എന്ന യുവതിയാണ് രോ​ഗാവസ്ഥയെക്കുറിച്ച് വിവരിച്ചിരിക്കുന്നത്
എല്ലി ആഡംസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം
എല്ലി ആഡംസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം

യാത്രയ്ക്ക് പോകുമ്പോഴോ മീറ്റിങ്ങില്‍ പങ്കെടുക്കുമ്പോഴോ ഒക്കെ കുറച്ചുനേരം മൂത്രം പിടിച്ചുവയ്‌ക്കേണ്ട അവസരങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. ഇത്തരം സാഹചര്യങ്ങള്‍ മറികടക്കുക തന്നെ ബുദ്ധിമുട്ടാണ്, അപ്പോള്‍ കുടിക്കുന്ന വെള്ളമത്രയും മൂത്രസഞ്ചിയില്‍ നിന്ന് പുറത്തുകളയാനാവാത്ത സ്ഥിതിയാണെങ്കിലോ? മൂത്രസഞ്ചിയില്‍ നിന്ന് വെള്ളം പുറത്തുകളയാന്‍ കഴിയാത്ത അവസ്ഥയാണ് ഫൗളര്‍ സിന്‍ഡ്രോം. ചെറുപ്പക്കാരായ സ്ത്രീകളെയാണ് ഇത് കൂടുതല്‍ ബാധിക്കുക. ഇപ്പോഴിതാ ഫൗളര്‍ സിന്‍ഡ്രോം ബാധിച്ച എല്ലി ആഡംസ് എന്ന യുവതി ഇതേക്കുറിച്ച് വിവരിച്ചിരിക്കുകയാണ്. 

'എത്ര വെള്ളം കുടിച്ചാലും മൂത്രം പോകില്ല'

30കാരിയായ എല്ലി 2020 ഒക്ടോബറിലാണ് തനിക്ക് മൂത്രമൊഴിക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തിയത്. എത്രമാത്രം വെള്ളം കുടിച്ചാലും ഒരു തുള്ളി മൂത്രം പോലും പുറത്തുപോകില്ല. "ഞാന്‍ വളരെ ആരോഗ്യവതിയായിരുന്നു. ഒരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ എനിക്ക് മൂത്രമൊഴിക്കാന്‍ കഴിയുന്നില്ല. അന്നുമുതല്‍ എന്റെ ജീവിതം പൂര്‍ണ്ണമായും മാറി",. 

ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെത്തി പരിശോധിച്ചപ്പോള്‍ എല്ലിയുടെ മൂത്രസഞ്ചിയില്‍ ഒരു ലിറ്ററോളം മൂത്രമുണ്ട്. സാധാരണ സ്ത്രീകളില്‍ 500മില്ലി വരെയും പുരുഷന്മാരില്‍ 700 മില്ലി വരെയുമാണ് മൂത്രാശയത്തിന് മൂത്രം ഉള്‍ക്കൊള്ളാനുള്ള ശേഷി. മൂത്രസഞ്ചിയില്‍ നിന്ന് മൂത്രം പുറത്തുകളയാന്‍ എല്ലിക്ക് കത്തീറ്റര്‍ ഇട്ടുനല്‍കി. പിന്നീടുള്ള ദിവസങ്ങളിലും ഇതേ അവസ്ഥ തുടര്‍ന്നതോടെ സ്വയം കത്തീറ്റര്‍ ഇടാന്‍ യുവതിയെ പഠിപ്പിക്കുകയായിരുന്നു ഡോക്ടര്‍മാര്‍. 

ഫൗളര്‍ സിന്‍ഡ്രോം

യോഗയും മറ്റും ചെയ്ത് ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്നാണ് ആദ്യം ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനകളിലാണ് എല്ലിക്ക് ഫൗളര്‍ സിന്‍ഡ്രോം ആണെന്നും ഇത് ജീവിതകാലം മുഴുവന്‍ യുവതിയെ അലട്ടുമെന്നും കണ്ടെത്തിയത്. അതായത് കത്തീറ്ററിന്റെ സഹായത്തോടെ മാത്രമേ മൂത്രമൊഴിക്കാന്‍ സാധിക്കൂ എന്നതാണ് സ്ഥിതി. മരുന്നുകള്‍ കഴിച്ച് നോക്കിയെങ്കിലും ഫലമുണ്ടായില്ലെന്ന് എല്ലി പറഞ്ഞു. 

മൂത്രാശയത്തിന് പേസ്‌മേക്കര്‍

സാക്രല്‍ നേര്‍വ് സ്റ്റിമുലേഷന്‍ (എസ്എന്‍എസ്) മാത്രമാണ് ഏക പോംവഴിയായി എന്റെ മുന്നിലുണ്ടായിരുന്നത്. മൂത്രസഞ്ചിക്ക് ഒരു പേസ്‌മേക്കര്‍ വയ്ക്കുന്നത് പോലെയാണ് ഇത് പ്രവര്‍ത്തിക്കുക. ഇത് മൂത്രാശയത്തെയും കുടലിനെയും നിയന്ത്രിക്കുന്ന ടെയില്‍ബോണിനടുത്തുള്ള സാക്രല്‍ ഞരമ്പുകള്‍ക്ക് സമീപം സ്ഥാപിക്കുന്ന നേര്‍ത്ത താല്‍ക്കാലിക വയര്‍ വഴി നാഡികള്‍ക്ക് ഉത്തേജനം നല്‍കും. ഇത് കുടലിലെ പേശികളെ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ഈ വര്‍ഷം ജനുവരിയില്‍ എല്ലി എസ്എന്‍എസ് ചെയ്തു. ' അത് എന്റെ ജീവിതം മാറ്റിമറിച്ചു എന്നൊന്നും പറയാന്‍ കഴിയില്ല, പക്ഷെ ഒരുപാട് സഹായിക്കുന്നും. ഇപ്പോള്‍ കത്തീറ്റര്‍ ഉപയോഗം നന്നായി കുറയ്ക്കാന്‍ കഴിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com