'രാവിലെ നേരം കിട്ടിയില്ല അതുകൊണ്ട് വൈകിട്ട് നന്നായി കഴിച്ചു'; 'ബിൻജ് ഈറ്റിങ്' വൈകല്യം, അറിയേണ്ടതെല്ലാം

ചുരുങ്ങിയ സമയം കൊണ്ട് വലിയ തോതിൽ ഭക്ഷണം കഴിക്കുന്ന രീതിയെയാണ് 'ബിൻജ് ഈറ്റിങ്' എന്ന് പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

'രാവിലെ കഴിക്കാൻ സമയം കിട്ടിയില്ല, ഉച്ചയ്‌ക്ക് നന്നായിട്ട് അങ്ങ് കഴിക്കാമെന്ന് വെച്ചു'- വിദ്യാർഥികളും ജോലിക്കാരും സ്ഥിരം പറയുന്ന വാചകമാണിത്. എന്നാൽ ഒരു തമാശ പോലെ പറഞ്ഞു തള്ളേണ്ട കാര്യമല്ലിത്. ഒന്നോ രണ്ടോ നേരം ഭക്ഷണം സ്കിപ് ചെയ്യുന്നത് നിങ്ങളിൽ 'ബിൻജ് ഈറ്റിങ്' (BINGE EATING) എന്ന വൈകല്യം ഉണ്ടാക്കും. ഇത് പല ആരോ​ഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും. 

ചുരുങ്ങിയ സമയം കൊണ്ട് വലിയ തോതിൽ ഭക്ഷണം കഴിക്കുന്ന രീതിയെയാണ് 'ബിൻജ് ഈറ്റിങ്' എന്ന് പറയുന്നത്. ഇത് ഒരു വൈകല്യമായാണ് ആരോ​ഗ്യവി​ദ​ഗ്ധർ കണക്കാക്കുന്നത്. സാധാരണയായി കൗമാരക്കാരിലും യുവാക്കളിലുമാണ് ബിൻജ് ഈറ്റിങ് പ്രകടമാവുക. ഭക്ഷണം മുന്നിൽ വന്നാൽ എല്ലാം കൂടി ഒറ്റയടിക്ക് അകത്താക്കുക, കഴിക്കുന്നത് എന്താണെന്നോ അതിന്റെ രുചിയോ പലപ്പോഴും അറിയണമെന്നില്ല. ആ അവസ്ഥയിൽ വയറു നിറഞ്ഞിരുന്നാലും വിശപ്പില്ലെങ്കിലും ഭക്ഷണം കഴിക്കാൻ തോന്നാം. 

ഈ അവസ്ഥ നിങ്ങളുടെ മാനസിക, ശാരീര സമാധാനത്തെ ബാധിച്ചേക്കാം. ഭക്ഷണം കഴിച്ചു തുടങ്ങിയാൽ വിശപ്പ് അവസാനിച്ചാലും കഴിക്കുന്നത് നിർത്താൻ കഴിയാത്ത അവസ്ഥയും ഉണ്ടാകാം. ഇന്ത്യൻ സ്‌കൂൾകുട്ടികളിൽ നടത്തിയ പഠനത്തിൽ ഇത്തരം ഭക്ഷണരീതി കൂടുതലും പെൺകുട്ടികളിലാണ് ഉള്ളത്. 25 മുതൽ 40 ശതമാനം പെൺകുട്ടികളും 20 ശതമാനം ആൺകുട്ടികളും ഇത്തരത്തിലാണ് ഭക്ഷണം കഴിക്കുന്നത്.


ബിൻജ് ഈറ്റിങ് ഹൃദയ രോഗങ്ങൾക്ക് കാരണമാകാം

വിശപ്പറിയാതെ അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരഭാരം അമിതമായി കൂടും. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കും.
ഇത്തരക്കാരിൽ ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ തുടങ്ങിയ അവസ്ഥയും ഇത് പിന്നീട് ഹൃദയാഘാതത്തിലേക്കും നയിക്കും. ഇത്തരക്കാർ കൂടുതലും കഴിക്കുന്നത് ജങ്ക് ഫുഡ് ആയതിനാൽ അമിതമായ കൊഴുപ്പ് ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ ആർട്ടിഫിഷ്യൽ കളർ, സോഡിയം തുടങ്ങിയവയും ഉണ്ടാകും. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കും. 

ബിൻജ് ഈറ്റിങ് എങ്ങനെ മാറ്റാം

പെട്ടന്ന് ശരീരഭാരം കുറയ്ക്കാൻ എടുക്കുന്ന പല ഡയറ്റും പിന്നീട് ബിൻജ് ഈറ്റിങ്ങിലേക്ക് നയിച്ചേക്കാം. ഉദ്ദാഹരണത്തിന് ഉപവസിക്കുന്നതു പോലുള്ള അശാസ്ത്രീയമായ ഡയറ്റുകൾ. ഭക്ഷണം പൂർണമായും ഒഴിവാക്കുന്നതിന് പകരം ആരോഗ്യകരമായ ഭക്ഷണ ക്രമം പാലിക്കാം. കൂടുതൽ പ്രോസസ് ചെയ്യാത്ത പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ നിയന്ത്രിക്കുക. 

വയറുനിറയുന്നതിനൊപ്പം മനസും നിറയ്ക്കാം

ഭക്ഷണം കഴിക്കുമ്പോൾ മനസുനിറഞ്ഞ് കഴിക്കാൻ ശ്രമിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലത്തിൽ നിന്നും നിങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്തും. ശരീരം നൽകുന്ന സിഗ്നൽ അറിയാൻ ശ്രമിക്കുക. ഭക്ഷണം കഴിക്കുമ്പോൾ സാവകാശം കഴിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണത്തോടുള്ള ആരോഗ്യകരമായ സമീപനം വളർത്തിയെടുക്കുക. 

സ്ഥിരമായുള്ള ഭക്ഷണ ക്രമം

സ്ഥിരമായി ഒരു ഭക്ഷണക്രമം പാലിക്കുന്നത് എപ്പോഴും നല്ലതാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതിനെ ഇത് തടയും. പഠനങ്ങൾ പറയുന്നത് പ്രകാരം രണ്ട് നേരം ഭക്ഷണം ഒഴിവാക്കി ഒരു നേരം വലിയ തോതിൽ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും വിശപ്പുണ്ടാക്കുന്ന ഗ്രെലിൻ എന്ന ഹോർമോണും മൂന്ന് നേരം സ്ഥിരമായി കഴിക്കുന്നവരെ അപേക്ഷിച്ച് കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. 

ശരീരത്തെയും മനസിനെയും ഒരുപോലെ ഉൾക്കൊള്ളുന്നതിന് യോഗ പരിശീലിക്കുന്നത് വളരെ നല്ലതാണ്. ദിനചര്യയിൽ യോഗ ഉൾപ്പെടുത്തുന്നത് ശ്രദ്ധാപൂർവമായ ഭക്ഷണ ശീലങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കും. ഉറക്കവും വിശപ്പിനെ ബാധിക്കും. ഉറക്കമില്ലായ്മയും അമിതമായി ഭക്ഷണം കഴിക്കാൻ പ്രരിപ്പിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com