ആരോഗ്യം കളയാതെ ജോലി ചെയ്യാം; ഓഫീസ് തിരക്കിനിടയിലും നല്ല ഭക്ഷണശീലം ഉറപ്പാക്കാം, ചില ടിപ്സ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th September 2023 11:53 AM |
Last Updated: 15th September 2023 11:57 AM | A+A A- |

പ്രതീകാത്മക ചിത്രം
രാവിലെ മുതല്‍ വൈകിട്ടുവരെ ഓഫീസില്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും സമയമില്ലാതെ ജോലി ചെയ്യുന്നവര്‍ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ ചെന്നെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ദിവസവും ജോലി സമയം മാറിവരുന്നവരുടെ കാര്യം പറയുകയും വേണ്ട. ഈ തിരക്കിട്ട ജീവിതരീതി റെഡിമെയ്ഡ് ഭക്ഷണത്തിലേക്ക് നമ്മളെ കൊണ്ടെത്തിക്കും. ഇത് ഉയര്‍ന്ന കലോറി ശരീരത്തിലെത്തുന്നതിനും അതുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനും കാരണമാകും. ഇത്തരം ഭക്ഷണരീതി ഉല്‍പ്പാദനക്ഷമതയെയും ബാധിക്കും.
ഓഫീസ് ജോലിക്കിടയിലും ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കാന്‍ ചെയ്യേണ്ടത്
• ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ടുവേണം ദിവസം തുടങ്ങാന്‍. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാനും ഓര്‍ക്കണം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് ദഹനത്തെ സഹായിക്കും. ഇത് വിശപ്പ് നിയന്ത്രിക്കാനും ഊര്‍ജ്ജസ്വലത നിലനിര്‍ത്താനും നല്ലതാണ്.
• ഇടവേളകളില്‍ അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ക്ക് പിന്നാലെപോകാതെ പോഷകസമൃദ്ധമായവ തെരഞ്ഞെടുക്കണം. ബദാം, ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവ കഴിക്കാം. ഇവ വേണ്ട പ്രോട്ടീനും ഫൈബറും അവശ്യമായ പോഷകങ്ങളുമൊക്കെ ഉറപ്പാക്കും.
• ജോലി ചെയ്ത് തളരുമ്പോള്‍ കാപ്പിക്കും ചായക്കും പിന്നാലെ പോകുന്നത് പതിവാണ്. ഊര്‍ജ്ജം കിട്ടുമെന്ന് കരുതി അടിക്കടി ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കണം. കാരണം, ഇത് ഹൈപ്പര്‍ അസിഡിറ്റി, വിറയല്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും. ഇതിന് പകരം ഫ്രഷ് ജ്യൂസുകളോ ഹെര്‍ബര്‍ ചായയോ ആകാം.
• കഴിയുന്ന ദിവസങ്ങളിലെല്ലാം ഉച്ചഭക്ഷണം വീട്ടില്‍ നിന്ന് തയ്യാറാക്കി കൊണ്ടുപോകാന്‍ ശ്രമിക്കാം. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളുമടങ്ങിയ സമീകൃതാഹാരം കഴിക്കാനും ശ്രദ്ധിക്കണം. ഇത് ദിവസം മുഴുവന്‍ വേണ്ട ഊര്‍ജ്ജം നല്‍കും.
• എന്തെങ്കിലും ചെറുതായി കഴിക്കാന്‍ എന്ന് തോന്നുമ്പോള്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും പാക്കറ്റില്‍ കിട്ടുന്നവയുമൊക്കെ കഴിക്കാതെ ഡ്രൈ ഫ്രൂട്ട്‌സ്, പഴങ്ങള്‍ തുടങ്ങി ആരോഗ്യകരമായവ തെരഞ്ഞെടുക്കാം. ഇത് അനാരോഗ്യകരമായ കൊഴുപ്പും പഞ്ചസാരയുമൊന്നും ശരീരത്തിലെത്തുന്നില്ലെന്ന് ഉറപ്പാക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
എന്നും രാവിലെ നാരങ്ങാവെള്ളം? ഗുണത്തേക്കാളേറെ ദോഷം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ