

വിയർപ്പ് മൂലമുള്ള ദുർഗന്ധം കുറയ്ക്കും എന്നതിലുപരി രോമങ്ങൾ നീക്കം ചെയ്യുന്നതിന് ലൈംഗികമോ ആരോഗ്യപരമോ ആയ പ്രയോജനങ്ങളോന്നും ഇല്ല. ഇത് ഓരോ വ്യക്തിയുടെയും താത്പര്യത്തിനനുസരിച്ച് ചെയ്യുന്നതാണ്. സ്ത്രീകളും പുരുഷന്മാരുമടക്കം ധാരാളം പേർ രോമം നീക്കാൻ പല മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്. വീട്ടിലിരുന്ന് ഷേവ് ചെയ്യുന്നത് മുതൽ ലേസർ ചികിത്സയിലൂടെ രോമം കളയുന്നതടക്കം പല മാർഗ്ഗങ്ങളിലൂടെ ഇത് ചെയ്യാം.
രോമം നീക്കാനുള്ള മാർഗ്ഗങ്ങളും അവയുടെ ഗുണവും ദോഷവും
ഷേവിങ് - ഒരു റേസർ ഉപയോഗിച്ച് രോമം നീക്കം ചെയ്യുന്ന രീതിയാണിത്. ഏറ്റവും എളുപ്പത്തിലും ചിലവുകുറച്ചും രോമം കളയണമെങ്കിൽ ഇതാണ് ഉത്തമം. പക്ഷെ റേസർ ബമ്പുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രോമം ചുരുണ്ട് അകത്തേക്ക് വളരുന്ന അവസ്ഥയാണിത്. ഇതുമൂലം അസ്വസ്ഥതകൾ ഉണ്ടായേക്കാം.
വാക്‌സിങ് - ചൂടായതോ തണുത്തതോ ആയ വാക്‌സ് ഉപയോഗിച്ച് രോമം കളയുന്ന രീതിയാണിത്. ഇത് താരതമ്യേന വേദനയേറിയതാണ്. രോമം വേരോടെ നീക്കം ചെയ്യുന്നതിനാൽ ഫലം കുറച്ചധികം നാൾ നീണ്ടുനിൽക്കും. ചിലർക്ക് വാക്‌സിങ് മൂലം അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്.
ഡിപിലേറ്ററി ക്രീമുകൾ - രോമം നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന ഭാഗത്ത് ക്രീം പുരട്ടി കുറച്ച് നിമിഷങ്ങൾക്ക് ശേഷം നീക്കം ചെയ്യും. ഈ സമയം ക്രീമിന്റെ പ്രവർത്തനം മൂലം ദുർബലമാകുന്ന രോമം എളുപ്പത്തിൽ നീക്കം ചെയ്യാനുമാകും.
ലേസർ ഹെയർ റിഡക്ഷൻ - താരതമ്യേന കൂടുതൽ കാലം രോമവളർച്ച ഒഴിവാക്കാൻ കഴിയുന്ന ഒരു രീതിയാണിക്. ഫലപ്രദമാണെങ്കിലും പല തവണ ചെയ്താൽ മാത്രമേ റിസൾട്ട് ലഭിക്കുകയുള്ളു. ലേസർ എനർജി ഉപയോഗിച്ച് രോമകൂപങ്ങളെ നശിപ്പിക്കുകയാണ് ലേസർ ഹെയർ റിഡക്ഷൻ രീതി. ചിലവേറിയതാണ് ഇത്.
ഇലക്ട്രോളിസിസ് - വൈദ്യുത പ്രവാഹം ഉപയോഗിച്ച് ഓരോ രോമകൂപങ്ങളെയും നശിപ്പിച്ചുകളയുന്ന രീതിയാണിത്. ശാസ്വതമാണെങ്കിലും ഇത് പൂർത്തിയാക്കാൻ ഒരുപാട് സമയമെടുക്കും. ഏറെ ചിലവും വേണ്ടിവരും.
ട്രിമ്മിങ് - പൂർണ്ണമായി രോമം നീക്കാതെ കത്രിക അല്ലെങ്കിൽ ഇലക്ട്രിക് ട്രിമ്മർ ഉപയോഗിച്ച് ചെയ്യുന്നതാണ് ഇത്. പെട്ടെന്ന് ചെയ്യാൻ കഴിയും, വേദനയും ഉണ്ടാകില്ല. പക്ഷെ മറ്റേതൊരു രീതിയേക്കാളും പെട്ടെന്ന് രോമം പൂർവ്വാവസ്ഥയിലേക്കെത്തും.
ഷുഗറിങ് - വാക്‌സിങ് പോലെതന്നെയാണ് ഇതും, പക്ഷെ ഈ രീതിയിൽ പഞ്ചസാര അടിസ്ഥാവമാക്കിയുള്ള പേസ്റ്റ് ആണ് ഉപയോഗിക്കുന്നത്. താരതമ്യം ചെയ്യുമ്പോൾ വേദനയും അസ്വസ്ഥതകളും കുറവായിരിക്കും.
ഇതിൽ ഏത് രീതി തെരഞ്ഞെടുക്കണമെന്ന് വ്യക്തിഗത തീരുമാനമാണ്. വേദന സഹിക്കാനുള്ള കഴിവ്, ചർമ്മ സംവേദനക്ഷമത, വേണ്ട റിസൾട്ട് തുടങ്ങി പല കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഏത് രീതി വേണമെന്ന് നിശ്ചയിക്കേണ്ടത്. ഏത് മാർഗ്ഗം സ്വീകരിച്ചാലും ചർമ്മപ്രശ്‌നങ്ങളോ മറ്റ് അണുബാധകളോ ഉണ്ടാകാതിരിക്കാൻ ശരിയായ ശുചിത്വവും പരിചരണവും പാലിക്കണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates