ദിവസവും രാവിലെ അരമണിക്കൂര്‍ നടത്തം; പ്രായമായവരിൽ ഓർമശക്തി മെച്ചപ്പെടും, പഠനം
പ്രായമായാല്‍ ഓര്‍ക്കുറവും വൈജ്ഞാനിക തകര്‍ച്ചയും സാധാരണമാണ്. എന്നാല്‍ പതിവ് വ്യായാമം ഇതിന്‍റെ തോത് കുറയ്ക്കാന്‍ സഹായിക്കും. ദിവസവും രാവിലെ 30 മിനിറ്റ് വ്യായാമം അല്ലെങ്കില്‍ വേഗത്തിലുള്ള നടത്തവും രാത്രി കുറഞ്ഞത് ആറ് മണിക്കൂര്‍ ഉറങ്ങുന്നതും അടുത്ത ദിവസം വൈജ്ഞാനിക പ്രകടനം മെച്ചപ്പെട്ടതാക്കുമെന്ന് യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
ശാരീരിക വ്യായാമം തലച്ചോറിന് ഏറ്റവും മികച്ചതാണ്. ഉറക്കം അതിനെ സഹായിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. പ്രായമാകുമ്പോള്‍ മനുഷ്യന്റെ തലച്ചോറിനെ എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ചായിരുന്നു പഠനം. ശാരീരിക പ്രവർത്തനങ്ങൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നതിനും ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്തേജനത്തിനും കാരണമാകുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ ശാരീരിക പ്രവർത്തനങ്ങൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുക മാത്രമല്ല, മറിച്ച് അവയുടെ ആഘാതം പ്രതീക്ഷിച്ചതിലും ദീർഘനേരം നീണ്ടുനിൽക്കുമെന്നും പഠനത്തിൽ കണ്ടെത്തിയതായി  ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ബിഹേവിയറല്‍ ന്യൂട്രീഷന്‍ ആന്റ് ഫിസിക്കല്‍ ആക്ടിവിറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
വൈജ്ഞാനിക വൈകല്യമോ ഡിമെന്‍ഷ്യയോ അനുഭവിക്കാത്ത 50 നും 83നും ഇടയില്‍ പ്രായമായ 76 പേരാണ് പഠനത്തിന്റെ ഭാഗമായത്. അവരുടെ ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങളും ഉറക്കവും ട്രാക്ക് ചെയ്യുന്നതിന് എട്ട് ദിവസം ആക്‌സിലറോമീറ്റര്‍ ധരിക്കാന്‍ നിര്‍ദേശിച്ചു. വേഗത, ഓര്‍മശക്തി, ശ്രദ്ധ എന്നിവ പരിശോധിക്കുന്നതിന് ലളിതമായ ഓണ്‍ലൈന്‍ കോഗ്നിറ്റീവ് ടെസ്റ്റുകളും ദിവസവും നടത്തിയിരുന്നു.
ശാരീരിക പ്രവര്‍ത്തനം ഓരോ 30 മിനിറ്റ് വര്‍ധിക്കുമ്പോഴും അടുത്ത ദിവസം വര്‍ക്കിങ്, എപ്പിസോഡിക് മെമ്മറി സ്‌കോറുകളില്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ വര്‍ധനവ് കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. നേരിയ വൈജ്ഞാനിക വൈകല്യം നേരിടുന്നവരില്‍ ദൈംദിന അടിസ്ഥാനത്തില്‍ വൈജ്ഞാനിക പ്രകടത്തില്‍ വളരെ ചെറിയ ഉത്തേജനം വലിയ മാറ്റമുണ്ടാക്കുമെന്നും പഠനം വിശദീകരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


