ഒരു നിമിഷം പോലും മാറ്റിവെക്കാൻ കഴിയാത്ത വിധം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തോട് പറ്റിപ്പിടിച്ചിരിക്കുകയാണ് സ്മാർട്ട്ഫോണുകൾ. ഊണിലും ഉറക്കത്തിലും പോലും കണ്ണെടുക്കാൻ കഴിയാത്ത അത്രയേറെ അടുപ്പമുള്ള 'ചങ്ങാതി'. എന്നാൽ അമിതമായുള്ള അടുപ്പം ചങ്ങാതിയെ പോലും വില്ലനാക്കും.
സ്മാർട്ഫോൺ മാത്രമല്ല, രാത്രി കിടക്കുന്നതിന് മുൻപ് ലാപ്ടോപിലും ടാബ്‌ലറ്റിലുമെല്ലാം കണ്ണുനട്ടിരിക്കുന്നവർ ശ്രദ്ധിക്കുക, ഇതൊന്നും അത്ര നല്ലതല്ല. നമ്മുടെ ആരോഗ്യത്തെ ദീർഘകാല അടിസ്ഥാനത്തിൽ ദുർബലമാക്കാൻ കഴിയുന്നതാണ് ഇത്തരം ജീവിതശൈലി. മുഖത്തോട് എത്രയും ചേർത്തു പിടിക്കാമോ അത്രയും ചേർത്തു പിടിച്ചാണ് പലരും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത്. ഇവയുടെ സ്ക്രീനിൽ നിന്ന് വരുന്ന കടുത്ത നീല വെളിച്ചം മനുഷ്യന്റെ ഉറക്കത്തെ മാരകമായി ബാധിക്കാം.
ഉച്ച വെയിലിൽ നിന്നാലും സ്ക്രീൻ കാണുന്ന തരത്തിൽ വെളിച്ചം പ്രസരിപ്പിക്കുന്ന സ്ക്രീനുകളാണ് മിക്ക കമ്പനികളും ഇപ്പോള്‍ പുറത്തിറക്കുന്നത്. ഇത് രാവിലെ സ്ക്രീൻ നോക്കാൻ നല്ലതാണ്. എന്നാൽ രാത്രിയിൽ ഇത് അപകടമാണ്. ഉറക്കത്തിനു സഹായിക്കുന്ന ഹോർമോണിന്റെ ഉൽപാദനത്തെ ഇത് ബാധിക്കും.
ഉറക്കത്തെയും ഉണർന്നിരിക്കുന്നതിനെയും നിയന്ത്രിക്കാൻ നമ്മെ സഹായിക്കുന്നത് മെലാടോണിൻ എന്ന ഹോർമോണാണ്. മസ്തിഷ്കത്തിലെ പീനിയൽ ഗ്രന്ഥിയാണ് ഇത് ഉൽപാദിപ്പിക്കുന്നത്. രാത്രിയിൽ ഇതിന്റെ ഉല്‍പാദനത്തിനനുസരിച്ചാണ് മനുഷ്യൻ ഉറക്കത്തിലേക്ക് വഴുതിവീഴുക. പുലർച്ചെ വരെ സുഗമമായി മെലാടോണിന്റെ ഉൽപാദനം ശരീരത്തിൽ നടക്കും. എന്നാൽ സ്മാർട്ട് ഫോണുകളിൽ നിന്ന് വരുന്ന നീലപ്രകാശം മസ്തിഷ്കത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. അതോടെ മെലാടോണിന്റെ ഉൽപാദനം സംബന്ധിച്ച് പീനിയൽ ഗ്രന്ഥിക്ക് കൺഫ്യൂഷനാകും.
ഇത് മെലാടോണിന്റെ ഉൽപാദനം കുറയ്ക്കാനും കാരണമാകും. അതോടെ ഉറക്കം നഷ്ടപ്പെടും. ഇത്തരത്തിൽ ഉറക്കം തടസ്സപ്പെടുന്നത് ഹൃദയാഘാതത്തിലേക്കു വരെ നയിക്കുമെന്ന് നേരത്തേ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കിടക്കുമ്പോൾ മെസേജിന്റെ ശബ്ദം കേൾക്കുന്നതു പോലും ഉറക്കത്തെ ഇല്ലാതാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിൽ രാത്രിയിൽ കട്ടിലിനു സമീപത്തു നിന്ന് മൊബൈൽ ഉൾപ്പെടെ അൽപം ദൂരേക്ക് മാറ്റിവയ്ക്കുന്നതായിരിക്കും കണ്ണിനും ആരോഗ്യത്തിനും നല്ലത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക