തണുപ്പുകാലമാകുന്നതോടെ പല രോഗങ്ങളും പിടിമുറുക്കും. കുട്ടികളിൽ മഞ്ഞുകാലത്ത് ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗമാണ് ബ്രോങ്കൈറ്റിസ്. ശ്വാസകോശത്തിലെ ശ്വാസ നാളികളിൽ ഉണ്ടാകുന്ന നീർക്കെട്ടിണിത്. ബ്രോങ്കൈറ്റിസ് രണ്ട് തരത്തിലാകാം, ഒന്ന് തീവ്രവും മറ്റൊന്ന് വിട്ടുമാറാത്തതുമാണ്.
വൈറൽ അണുബാധ മൂലമുണ്ടാകുന്നതാണ് തീവ്രമായ ബ്രോങ്കൈറ്റിസ് ഇത് 10 മുതൽ 14 ദിവസം വരെ നീണ്ടുനിൽക്കും. അതേസമയം ശ്വാസകോശ സംബന്ധമായ അണുബാധ മൂലമുണ്ടാകുന്ന വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ് മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ നിലനിൽക്കും. രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് തണുപ്പുകാലം ഏറെ വെല്ലുവിളി നിറഞ്ഞതാണ്.
ബ്രോങ്കൈറ്റിസിനെ ചെറുക്കാന്‍ സൂപ്പർഫുഡ്സ്
ഇഞ്ചി
ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ് ഇഞ്ചി, പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങൾക്ക്. ബ്രോങ്കൈറ്റിസിന് പുറമെ ശ്വാസകോശത്തിലെ മറ്റു പല ബുദ്ധിമുട്ടുകളും ഇത് പരിഹരിക്കും. ശക്തമായ ആന്റിഓക്‌സിഡന്റും ആന്റി-മൈക്രോബിയൽ ഏജന്റുമായതിനാൽ, പ്രതിരോധശേഷി വർധിപ്പിച്ച് ശ്വാസകോശത്തെ ആരോഗ്യത്തോടെ നിലനിർത്താൻ ഇത് സഹായിക്കും.
മഞ്ഞൾ
കുട്ടികളുടെ ശ്വാസകോശത്തെ സംരക്ഷിക്കാനുള്ള ഭക്ഷണങ്ങളുടെ പട്ടികയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മഞ്ഞൾ. മഞ്ഞളിന്റെ ആൻറി ബാക്ടീരിയൽ സവിശേഷതകൾ ഏറെയാണ്. മറ്റു പല സുഗന്ധവ്യഞ്ജനങ്ങളിൽ നിന്നും വ്യത്യസ്തമായി മഞ്ഞളിന് ശക്തമായ മണമോ രുചിയോ ഇല്ലാത്തതുകൊണ്ട് അത് ദിവസേനയുള്ള പാചകത്തിൽ ഉൾപ്പെടുത്താൻ എളുപ്പവുമാണ്.
ആപ്പിൾ
ക്വെർസെറ്റിൻ എന്ന ആന്റിഓക്‌സിഡന്റ് ധാരാളം ഉള്ളതിനാൽ പല വിഷവസ്തുക്കളിൽ നിന്നും അലർജികളിൽ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കാൻ ആപ്പിളിന് കഴിയും. ശ്വാസകോശ അർബുദം തടയുന്നതിൽ ക്വെർസെറ്റിൻ വളരെ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മധുരപലഹാരമായോ ലഘുഭക്ഷണമായോ ഒക്കെ ഇത് ഉൾപ്പെടുത്താം.
ബീറ്റ്റൂട്ട്
ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഓക്സിജൻ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും ബീട്ട്റൂട്ട് ഗുണകരമാണ്. ഇതിനുപുറമേ ശ്വാസകോശ പ്രവർത്തനത്തെ സഹായിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെയും വിറ്റാമിനുകളുടെയും സമ്പന്നമായ ഉറവിടമാണ് ബീറ്റ്റൂട്ട്. സ്മൂത്തി, ജ്യൂസ് തുടങ്ങിയ രൂപത്തിൽ ഇത് കുട്ടികൾക്ക് നൽകാവുന്നതാണ്.
വെളുത്തുള്ളി
വെളുത്തുള്ളിയുടെ പല ആരോഗ്യഗുണങ്ങൾ നമ്മൾ ശ്രദ്ധിക്കാതെപോകാറുണ്ട്. വളരെ മികച്ച രു ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആന്റിഫംഗൽ സുഗന്ധവ്യഞ്ജനമാണ് ഇത്. ഭക്ഷണം പാചകം ചെയ്യുമ്പോൽ ചേരുവകൾക്കൊപ്പം വെളുത്തുള്ളി ചേർത്ത് കുട്ടികൾക്ക് നൽകാവുന്നതാണ്.
പച്ചിലക്കറികൾ
കാബേജ്, ചീര തുടങ്ങിയ ഇലക്കറികളിൽ കരോട്ടിനോയിഡുകൾ, ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ശ്വാസകോശ വീക്കം കുറയ്ക്കാനും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. സൂപ്പ്, കറികൾ, സലാഡുകൾ എന്നിവയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് നൽകാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക