ശബ്‌ദം പരുക്കനായി, വായിലാകെ ഒരു മരവിപ്പ്; തിരിച്ചറിയാം ഓറല്‍ കാന്‍സര്‍ ലക്ഷണങ്ങള്‍

നാവ്, മോണ, ചുണ്ടുകൾ, കവിളിന്റെ ഉൾഭാഗം തുടങ്ങിയ ഇടങ്ങളിൽ കാൻസറിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാം.
oral cancer
ഓറല്‍ കാന്‍സര്‍ ലക്ഷണങ്ങള്‍
Updated on

വായിലെ കാൻസർ

വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതാണ് ഓറൽ കാൻസർ അഥവാ വായിലെ അർബുദം. നാവ്, മോണ, ചുണ്ടുകൾ, കവിളിന്റെ ഉൾഭാഗം തുടങ്ങിയ ഇടങ്ങളിൽ കാൻസറിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാം. പുകയില ഉപയോഗം, അമിതമായ മദ്യപാനം, വായിലെ ശുചിത്വമില്ലായ്മ, ജനിതകം എന്നിവയാണ് ഓറൽ കാൻസറിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ.

വായിലെ കാൻസർ ലക്ഷണങ്ങൾ

വായ്പ്പുണ്ണ്

തുടർച്ചയായുണ്ടാകുന്ന വായ്പ്പുണ്ണ് വായിലെ കാൻസറിന്റെ ലക്ഷണമാകാം. ആദ്യഘട്ടത്തിൽ വായിലെ ഒരു മുറിവോ വ്രണമോ ആയാവും കാണപ്പെടുന്നത്. ഇത്തരം വ്രണങ്ങൾ രണ്ടാഴ്ച കഴിഞ്ഞിട്ടും സുഖപ്പെടുന്നില്ല എങ്കിൽ ശരിയായ ഒരു വൈദ്യപരിശോധന ആവശ്യമാണ്.

ഭക്ഷണം ഇറക്കുമ്പോൾ വേദന

വിഴുങ്ങുകയോ ഭക്ഷണം ഇറക്കുകയോ ചെയ്യുമ്പോൾ തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതായി തോന്നുകയും വേദന അനുഭവപ്പെടുകയും ചെയ്താൽ കാൻസറിന്റെ ലക്ഷണമാകാം. ചവയ്ക്കുമ്പോൾ പൊള്ളുന്നതു പോലെ ഒരു തോന്നൽ വരുകയും ചെയ്യാം.

ശബ്ദത്തില്‍ മാറ്റം

വായിലെ കാൻസർ മൂലം ശബ്ദത്തില്‍ വ്യത്യാസം ഉണ്ടാകാം. ശബ്ദം പരുക്കനാകുക, പറയുന്നത് വ്യക്തമാകാതെയിരിക്കുക. ചില ശബ്ദങ്ങൾ ഉച്ചരിക്കുന്നതിൽ പ്രയാസം അനുഭവപ്പെടുക തുടങ്ങിയവ വരാം.

വായ്നാറ്റം

തുടർച്ചയായതും അസഹനീയമായതുമായ ദുര്‍ഗന്ധം വായിലെ കാൻസറിന്‍റെ ലക്ഷണമാകാം.

ഇളകുന്ന പല്ലുകൾ

ദന്താരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. അയഞ്ഞ, ഇളകുന്ന പല്ലുകൾ വായിലെ കാൻസറിന്റെ ലക്ഷണമാണ്.

മരവിപ്പ്

വായിലെ ഏതെങ്കിലും സ്ഥലത്ത് മരവിപ്പുണ്ടാകുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യുന്നത് കാൻസർ ഉൾപ്പെടെ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാണ്.

മുഴകൾ

ചുണ്ടിനുള്ളിലോ മോണയ്ക്കുള്ളിലോ വായയ്ക്കു ചുറ്റും എവിടെയെങ്കിലുമോ ഒരു വളർച്ചയോ മുഴയോ കാണപ്പെട്ടാൽ അത് കാൻസറിനു കാരണമായവ ആയേക്കാം. അവ മങ്ങുകയില്ല മാത്രമല്ല ചെറിയ അളവിൽ വലുതാവുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com