ദീർഘകാല ഏകാന്തത ഒരു വ്യക്തിയുടെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ബാധിക്കാം. അടുത്തിടെ ടിയാൻജിൻ സർവകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഏകാന്തത ഹൃദയാരോഗ്യത്തെയും ബാധിക്കാമെന്ന് നിരീക്ഷിച്ചു.
സാമൂഹിക സമ്മർദമുള്ള സാഹചര്യങ്ങളിൽ ഏകാന്തത ഹൃദയമിടിപ്പ് കുറയ്ക്കാന്‍ കാരണമാകുന്നു. ഇത് ഹൃദയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഓട്ടോണമിക് നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനക്ഷമതയെ വലിയതോതില്‍ ബാധിക്കും. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാത സാധ്യത എന്നിവ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളിലേക്കും നയിച്ചേക്കാമെന്നും ബയോളജിക്കൽ സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 17 നും 29 നും ഇടയിൽ പ്രായമുള്ള 97 കോളജ് വിദ്യാർഥികളിലാണ് പഠനം നടത്തിയത്. ന്യൂറോട്ടിസിസം, സോഷ്യൽ നെറ്റ്‌വർക്കിന്റെ വലുപ്പം, ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങൾ നിയന്ത്രിക്കുന്നതിനുള്ള മാനസികാവസ്ഥ എന്നിവ വിലയിരുത്തിയാണ് ഇവര്‍ അനുഭവിക്കുന്ന ഏകാന്തതയുടെ അളവ് മനസിലാക്കിയത്.
ഏകാന്തത അനുഭവപ്പെടുന്നവരിൽ സാമൂഹിക സമ്മർദത്തിനിടയിൽ ഹൃദയമിടിപ്പ് വ്യതിയാന പ്രതിപ്രവർത്തനം കുറയുന്നതായി കണ്ടെത്തി. ഇത്തരം വ്യക്തികളിൽ ഹൃദയ സംബന്ധമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ഓട്ടോണമിക് നാഡീവ്യൂഹം ഫലപ്രദമല്ലെന്ന് ഇത് സൂചിപ്പിക്കുന്നു. സമ്മർദത്തോടുള്ള പ്രതികരണമായി ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഹൃദയ പ്രതിരോധം തുടങ്ങിയവ മുൻ പഠനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. എന്നാൽ ഹൃദയമിടിപ്പിന്റെ വ്യതിയാനം വലിയതോതിൽ അവഗണിക്കപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക