നമ്മുടെ ഭക്ഷണരീതിയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഇടമായി മാറിയിരിക്കുകയാണ് ഇന്ന് സോഷ്യല്‍മീഡിയ. ഫാസ്റ്റ് ഫുഡ്, ശീതളപാനീയങ്ങൾ തുടങ്ങിയ അനാരോഗ്യ ഭക്ഷണങ്ങളെ യുവാക്കൾക്കിടയിൽ സാധാരണവൽക്കരിക്കുന്നതിൽ സോഷ്യൽമീഡിയയ്ക്ക് വലിയ പങ്കുണ്ടെന്ന് ഒട്ടാവ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
കാനഡയിലെ ട്വിറ്റർ, റെഡിറ്റ്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം പ്രത്യക്ഷപ്പെടുന്ന ഭക്ഷണ പോസ്റ്റുകൾ ഗവേഷകർ വിശകലനം ചെയ്തു. 40 പ്രമുഖ ഭക്ഷണ-പാനീയ ബ്രാൻഡുകളാണ് ഗവേഷകർ പരിശോധിച്ചത്. ആഗോളതലത്തിൽ 16.8 ദശലക്ഷത്തിലധികം തവണ ഈ ബ്രാൻഡുകളുടെ പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പരാമർശിക്കപ്പെടുകയും 42 ബില്യൺ ആളുകളിലേക്ക് ഇത് എത്തുകയും ചെയ്തതായി പിഎൽഒഎസ് ഡിജിറ്റൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
സോഷ്യൽമീഡിയയിൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളുടെ 60.5 ശതമാനം പോസ്റ്റുകൾക്കും 58.1ശതമാനം റീച്ച് ലഭിച്ചു. ഇതിൽ 29.3 ശതമാനവും മധുര പാനീയങ്ങളുടെ പോസ്റ്ററുകളാണ്. ഇവയ്ക്ക് ഏകദേശം 38 ശതമാനം റീച്ച് നേടാനായെന്നും പഠനത്തിൽ പറയുന്നു. സ്ത്രീകളെക്കാൾ പുരുഷ ഉപയോക്താക്കളാണ് ഈ പോസ്റ്ററുകളിൽ ഉയർന്ന നിരക്കിൽ സമയം ചെലവഴിക്കുന്നത്. സോഷ്യൽമീഡിയ ഉപയോക്താക്കൾ യുവാക്കളായതു കൊണ്ട് തന്നെ ഇത് യുവാക്കളയാണ് കൂടുതൽ ബാധിക്കുക.
ഫാസ്റ്റ് ഫുഡുകളുടെയും പഞ്ചസാര പാനീയങ്ങളുടെയും ഉയർന്ന ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ സോഷ്യൽമീഡിയ ഭക്ഷണ ശീലങ്ങളെ രൂപപ്പെടുത്തുന്നതായി പഠനത്തിൽ പറയുന്നു. ഇത്തരം വിപണനത്തിലേക്കുള്ള യുവാക്കളുടെ സമ്പർക്കം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള പൊതുജനാരോഗ്യ നയങ്ങൾ ആവശ്യമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക