ആരോഗ്യ കാര്യത്തില്‍ പാലിന് പലപ്പോഴും സൂപ്പര്‍ ഹീറോ പരിവേഷമാണ് നല്‍കാറ്. എല്ലുകള്‍ ബലമുള്ളതാകാനും അവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഒരു ദിവസം പോലും മുടങ്ങാതെ കുട്ടികളെ നമ്മള്‍ നിര്‍ബന്ധിപ്പിച്ച് പാല് കുടിപ്പിക്കാറുണ്ട്. പ്രായഭേദമില്ലാതെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പാലു കുടിക്കുന്നവർ നിരവധിയാണ്. എന്നാല്‍ പാലിലുള്ള ആ വിശ്വാസം തെറ്റാണെന്നാണ് ലണ്ടനിലെ കിങ്സ് കോളജിലെ ജനറ്റിക് എപ്പിഡെമിയോളജി പ്രൊഫസര്‍ ഡോ. ടിം സ്‌പെക്ടര്‍ ചൂണ്ടിക്കാണിക്കുന്നത്.
പാലിനെ ഒരിക്കലും ഒരു ആരോഗ്യകരമായ ഡ്രിങ്ക് ആയി കാണേണ്ടതില്ലെന്നും മുതിര്‍ന്നവര്‍ പാലു കുടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വെല്‍നസ് സ്റ്റെപ്‌സ് എന്ന പോഡ്കാസ്റ്റില്‍ പറയുന്നു. പാലില്‍ അടങ്ങിയ കാല്‍സ്യം എല്ലുകളുടെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നുമാണ് പൊതുവായ ധാരണ എന്നാല്‍ പാലു കുടിക്കുന്നത് വളര്‍ച്ചയെ സഹായിക്കുമെങ്കിലും നിങ്ങളുടെ എല്ലുകളെ ആരോഗ്യമുള്ളതാക്കില്ലെന്ന് അദ്ദേഹം പറയുന്നു.
എല്ലുകള്‍ പൊട്ടാനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുന്നു. പാല് എല്ലുകള്‍ വേഗത്തില്‍ വളരാന്‍ സഹായിക്കും എന്നാല്‍ എല്ലുകളുടെ ആരോഗ്യത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നില്ല. അടുത്തിടെ നടത്തിയ പഠനങ്ങളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചായ, കാപ്പി പോലെ ചെറിയ ആളവില്‍ പാലു കുടിക്കാം എന്നാല്‍ പാലു മാത്രമായി കുടിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
അതേസമയം പാല്‍ ഉല്‍പ്പന്നങ്ങളായ തൈര്, ചീസ് തുടങ്ങിയവ പതിവായി കഴിക്കുന്നത് നല്ലതാണ്. പുളിപ്പിക്കുമ്പോള്‍ മൈക്രോബുകള്‍ വികസിക്കുന്നു ഇത് പാലില്‍ അടങ്ങിയ ലാക്ടോസിനെക്കാളും പ്രോട്ടീനുകളെക്കാളും ആരോഗ്യഗുണങ്ങള്‍ അടങ്ങിയതാണെന്നും അദ്ദേഹം പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക