വൈരാഗ്യവും ദേഷ്യവുമൊക്കെ ഉള്ളില്‍ ഒതുക്കുന്നവരാണോ നിങ്ങള്‍? ഹൃദയാരോഗ്യത്തെ ഈ ശീലം നേരിട്ട് ബാധിച്ചേക്കാമെന്ന് പുതിയ പഠനം. ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതിന് ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയും പ്രധാന ഘടകമാണെന്ന് ടെക്സാസ് സർവകലാശ ഗവേഷകൻ ആദം ഒറിയോര്‍ഡന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ദേഷ്യം ട്രിഗർ ആവുകയും എന്നാൽ അത് അടിച്ചമർത്തുകയും ചെയ്യുന്നത് ഹൃദയാരോഗ്യം മോശമാക്കുന്നതിലേക്ക് നയിക്കുമെന്നും ഫിസിയോളജി ആന്‍റ് ബിഹേവിയറിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ഉയർന്ന അപകടസാധ്യതയും കോപവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുൻപഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ദേഷ്യത്തോട് ആളുകൾ എങ്ങനെ പ്രതികരിക്കുന്നുവെന്നതിലും കാര്യമുണ്ടെന്ന് ഈ പഠനം വ്യക്തമാക്കുന്നു. നിരന്തരം കോപം ട്രിഗർ ആവുന്നത് എപ്പോഴും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കോപത്തിനെ തുടർന്ന് ഉണ്ടാകുന്ന സമ്മർദ പ്രതികരണങ്ങളാണ് ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നത്.
നിയന്ത്രിത സമ്മർദ പരിശോധനയ്ക്ക് വിധേയരായ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ മിഡ്‌ലൈഫ് ഡെവലപ്‌മെന്റ് ഡാറ്റാസെറ്റില്‍ നിന്നുള്ള 699 പേരാണ് പഠനത്തിന്റെ ഭാഗമായത്. അവരുടെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും പഠനത്തിലുടനീളം പരിശോധിച്ചു. പ്രധനമായും കോപത്തിന്റെ രണ്ട് വശങ്ങളാണ് പരിശോധിച്ചത്. ഒന്ന്- കോപത്തിന്റെ സ്വഭാവം, രണ്ട്- കോപ പ്രതികരണം. ആളുകളെ മൂന്ന് വിഭാഗമായി തിരിച്ചായിരുന്നു പഠനം നടത്തിയത്.
കോപം അടിച്ചമർത്തിയർ
കോപം പ്രകടിപ്പിച്ചവർ
കോപം നിയന്ത്രിച്ചവർ
തുടർന്ന് സ്ട്രെസ് ടാസ്ക്കുകൾ നൽകി. ടാസ്‌ക്കുകൾക്ക് മുമ്പും ശേഷവും പങ്കെടുക്കുന്നവരുടെ സ്ട്രെസ് ലെവലുകൾ ഒന്ന് മുതൽ 10 വരെ സ്‌കെയിലിൽ റേറ്റു ചെയ്‌തു. ഇത് ഓരോ ടാസ്ക്കിനോടുമുള്ള പ്രതികരണമായി അവരിലുണ്ടായ സമ്മർദത്തെ അളക്കാൻ ഇത് സഹായിച്ചു. ടാസ്ക്കുകൾക്കിടയിൽ ഇടയ്ക്കിടെ കോപം അനുഭവപ്പെട്ടവരെ ഉയർന്ന കോപ സ്വഭാവമുള്ളവരായി തരംതിരിച്ചു. എന്നാൽ ഈ കോപം അടിച്ചമർത്തുന്നവരിൽ സമ്മർദം കൂടുതലും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും പ്രതീക്ഷിച്ചതിലും കുറവുമാണ് രേഖപ്പെടുത്തിയത്.
സാധാരണഗതിയിൽ കോപം ബാഹ്യമായി പ്രകടിപ്പിക്കുന്നവർ അല്ലെങ്കിൽ കോപത്തിന്മേൽ പരിമിതമായ നിയന്ത്രണമുള്ളവരിലും ഇത് മൂലമുണ്ടാകുന്ന ഹൃദയപ്രശ്നങ്ങൾ കുറമാണെന്നും പഠനത്തിൽ പറയുന്നു. എന്നാൽ കോപത്തിൻ മേൽ ഉയർന്ന നിയന്ത്രണമുള്ളവരിൽ ഹൃദയാരോഗ്യം മികച്ചതായും കണ്ടെത്തിയതായി പഠനം പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക