

ആഗോളതലത്തിലെ കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത് ഇന്ത്യയിൽ ആണ്. കേരളത്തിൽ അഞ്ചിൽ ഒരാൾ പ്രമേഹ ബാധിതരാണെന്നാണ് വിലയിരുത്തൽ. പ്രമേഹം വരാതെ സൂക്ഷിക്കുകയും വന്നാൽ ശാസ്ത്രീയ മാർഗങ്ങളിലൂടെ അതിനെ നിയന്ത്രിച്ചു നിർത്തുകയുമാണ് പ്രധാനം. ശരിയായ അറിവാണ് ഏതൊരു പ്രതിസന്ധിയും മറികടക്കാനുള്ള ഏറ്റവും മികച്ച മരുന്ന്. പ്രമേഹത്തെക്കുറിച്ചുള്ള ചില മിഥ്യാധാരണകളും യാഥാർഥ്യവും ഇങ്ങനെ
അച്ഛനും അമ്മയ്ക്കും പ്രമേഹമില്ല, പിന്നെ എനിക്കെങ്ങനെ വരാനാണ്!
പ്രമേഹം ഉണ്ടാകാനുള്ള നിരവധി ഘടകങ്ങളിൽ ഒന്ന് മാത്രമാണ് പാരമ്പര്യം. അമിതവണ്ണവും അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമത്തിന്റെ കുറവുമെല്ലാം പ്രമേഹ സാധ്യത വർധിപ്പിക്കുന്നത്. കൃത്യമായ ഇടവേളകളിൽ പ്രമേഹം പരിശോധിക്കുന്നത് അപകട സാധ്യത കുറയ്ക്കും.
ഞാൻ മെലിഞ്ഞിട്ടാ, അതുകൊണ്ട് പ്രമേഹം വരില്ല
അമിതവണ്ണം പ്രമേഹ സാധ്യത വർധിപ്പിക്കുന്ന ഘടകമാണെങ്കിലും മെലിഞ്ഞവർക്ക് പ്രമേഹം വരില്ലെന്നല്ല. ജനിതകമായ ഘടകങ്ങൾ കാരണം ഇൻസുലിൻ ഉൽപാദനം തടസപ്പെട്ടാൽ അതു പ്രമേഹത്തിലേക്കു നയിക്കാം.
പഞ്ചസാര കഴിക്കാത്തതു കൊണ്ട് പ്രമേഹ വരാനുള്ള സാധ്യതയില്ല
പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം വരില്ലെന്നത് ഒരു തെറ്റദ്ധാരണയാണ്. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന അന്നജം വിഘടിച്ചുണ്ടാവുന്ന ഗ്ലൂക്കോസിനെ ശരീരത്തിന് ആവശ്യമായ രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുക എന്നതാണ് ഇൻസുലിൻ എന്ന ഹോർമോണിന്റെ ജോലി. ഇൻസുലിന്റെ ഉൽപാദനത്തിലോ പ്രവർത്തനത്തിലോ ഉള്ള പ്രശ്നം പ്രമേഹത്തിലേക്കു നയിക്കും. പഞ്ചസാര ഒഴിവാക്കിയതു കൊണ്ടു മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് സാരം.
ഒരിക്കൽ ഇൻസുലിൻ തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല
ഇൻസുലിൻ എന്തിനുവേണ്ടി, എപ്പോൾ തുടങ്ങുന്നു എന്നതിനെ ആശ്രയിച്ചാണ് ഇത് തീരുമാനിക്കുക. പ്രമേഹരോഗിയായ ഒരാൾ ഒരു അനുബന്ധ അസുഖത്തിന് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുകയോ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയോ ചെയ്യുമ്പോൾ ഗുളികകൾ മാറ്റി ഇൻസുലിൻ ആക്കാറുണ്ട്. ഇത്തരം രോഗികൾക്ക് ആ ചികിത്സ പൂർണമായി കഴിഞ്ഞാൽ ഇൻസുലിൻ നിർത്തി ഗുളികകൾ ആക്കാവുന്നതാണ്. എന്നാൽ, ഗുളികകളുടെ പരമാവധി ഡോസ് എത്തിയതിനുശേഷം പ്രമേഹം നിയന്ത്രണത്തിലാകാത്തതു കാരണം ഇൻസുലിൻ തുടങ്ങുന്ന ഒരു രോഗിക്ക് പിന്നീട് ഇൻസുലിൻ തുടരേണ്ടി വരാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
