ധാരാളം ഔഷധ ഗുണമുള്ള മഞ്ഞൾ ഔഷധമായും ഭക്ഷണത്തിന് നിറവും രുചിയും കിട്ടുന്നതിനും നമ്മൾ ചേർക്കാറുണ്ട്. ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് കരുതി കറിക്ക് മഞ്ഞൾ കുറച്ച് അധികം ഉപയോഗിച്ചേക്കാം എന്ന് വിചാരിക്കരുത്. അതിനും കണക്കുണ്ട്, അധികമായാൽ മഞ്ഞളും പണി തരും. പ്രതിദിനം 500 മുതൽ 2,000 മില്ലിഗ്രാം വരെ മഞ്ഞൾ ആണ് സാധാരണയായി ശുപാർശ ചെയ്യപ്പെടുന്ന ഡോസ്.
മഞ്ഞൾ പിത്തരസം ഉൽപാദനം വർധിപ്പിക്കാം. ഇത് ആമാശയത്തിലെ ആസിഡിൻ്റെ അളവ് കൂടാൻ കാരണമാകുന്നു. ആയുർവേദം പ്രകാരം അമിത അളവിൽ മഞ്ഞൾ കഴിക്കുന്നത് ദഹനത്തെ കാര്യമായി ഉത്തേജിപ്പിക്കും. എന്നാൽ ആമാശയത്തിലെ ആസിഡിന്റെ അളവു വർധിക്കുന്നത് ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം, ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ മറ്റ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ അവസ്ഥകൾ ഉള്ളവരിൽ ദഹനക്കേട് പതിവാകാൻ കാരണമാകും.
മഞ്ഞളിൽ ഓക്‌സലേറ്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് അമിതമായി കഴിക്കുമ്പോൾ ശരീരത്തിൽ കാൽസ്യവുമായി ചേരുകയും കാൽസ്യം ഓക്സലേറ്റ് രൂപീകരിക്കാനും ഇത് വൃക്കകളിൽ അടിഞ്ഞു കൂടാൻ കാരണമാകും. ഇത് വൃക്കകളുടെ പ്രവർത്തനങ്ങളെ ബാധിക്കാനും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാനും കാരണമാകുന്നു.
മഞ്ഞളിന് ആന്റിഓകോഗുലൻ (രക്തം നേർപ്പിക്കുന്ന) സ്വഭാവമുണ്ട്. അമിതമായ മഞ്ഞൾ കഴിക്കുന്നത് ഇതിന്റെ തോത് വർധിപ്പിക്കാനും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയരായവരിൽ ഇത് കൂടുതൽ സങ്കീർണതകൾ ഉണ്ടാക്കാം.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്താൻ സാധ്യതയുണ്ട്. ജേർണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ മഞ്ഞളിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും അവയുടെ അമിത ഉപയോഗം ഇരുമ്പിന്റെ ആഗിരണത്തെ കുറയ്ക്കുമെന്ന് വ്യക്തമാക്കുന്നു. ഇത് വിളർച്ചയ്ക്ക് കാരണമാകും.
മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ രക്തസമ്മർദം കുറയാനും കാരണമായേക്കാം. കുറഞ്ഞ രക്തസമ്മർദമുള്ളവരിൽ അല്ലെങ്കിൽ ഹൈപ്പർടെൻഷന് മരുന്നു കഴിക്കുന്നവർ മഞ്ഞൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക