പകൽ സമയത്ത് അമിതമായി ഉറങ്ങുകയോ ദൈനംദിന പ്രവർത്തനങ്ങളിൽ ഉന്മേഷം ഇല്ലാതാവുകയോ ചെയ്യുന്നത് പ്രായമായവരിൽ മോട്ടോറിക് കോഗ്നിറ്റീവ് റിസ്ക് (എംസിആർ) എന്ന പ്രീ ഡിമെൻഷ്യ സിൻഡ്രോം വികസിക്കാനുള്ള സാധ്യത വർധിപ്പിച്ചേക്കും. ഇത് ഡിമെൻഷ്യയായി പുരോഗമിക്കാമെന്നും ന്യൂയോർക്കിലെ ആൽബർട്ട് ഐൻസ്റ്റീൻ കോളജ് ഓഫ് മെഡിസിൻ ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഇടയ്ക്കിടെ ഉണ്ടാകുന്ന ഓർമക്കുറവ്, മന്ദഗതിയിലുള്ള നടത്തം തുടങ്ങിയവ എംസിആറിന്റെ ചില ലക്ഷണങ്ങളാണ്. പ്രായമായവർ അമിതമായി പകൽ ഉറങ്ങുന്നത് ഈ ലക്ഷണങ്ങളിലേക്ക് നയിക്കുന്നതായി ഗവേഷകർ പറയുന്നു. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗനിർണയം നേരത്തെ നടത്തുന്നത് സിമെൻഷ്യ വികസിക്കുന്നതിൽ നിന്ന് തടയുന്നതിനും ലഘൂകരിക്കുന്നതിനും സഹായിക്കും.
65ന് മുകളിൽ പ്രായമായ ഡിമെൻഷ്യ ഇല്ലാത്ത 445 ആളുകളെ പഠനത്തിന് വിധേയമാക്കി. പഠനകാലയളവിൽ മൂന്ന് വർഷത്തെ ഇടവേളയിൽ ഒരിക്കൽ അവരുടെ ഓർമകൾ വീണ്ടെടുക്കാനുള്ള കഴിവ്, ഉറക്കരീതികൾ, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തി. അവരുടെ നടത്തത്തിന്റെ വേഗതയും ട്രെഡ്മില്ലുകളുടെ സഹായത്തോടെ മൂന്ന് വർഷം ട്രാക്ക് ചെയ്തു. അമിതമായ പകൽ ഉറക്കവും ദൈനംദിന പ്രവർത്തനങ്ങളിൽ ഉന്മേഷക്കുറവും പ്രകടിപ്പിച്ച 35.5 ശതമാനം ആളുകളിലും എംസിആർ വികസിച്ചതായി ഗവേഷകർ പറയുന്നു.
ചില ആളുകളിൽ അമിതമായി ഉറങ്ങുന്നതും പകൽ സമയത്ത് മന്ദത അനുഭവപ്പെടുന്നതും എംസിആറിൻ്റെ ആദ്യകാല ലക്ഷണങ്ങളാകാമെന്ന് പഠനം സൂചിപ്പിക്കുന്നു. എംസിആർ ഉള്ളവർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത സാധാരണ ആളുകളെക്കാൾ മൂന്നിരട്ടി കൂടുതലാണ്, പ്രത്യേകിച്ച് വാസ്കുലർ ഡിമെൻഷ്യ. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് വാസ്കുലർ ഡിമെൻഷ്യയ്ക്ക് കാരണം. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലായ ന്യൂറോളജിയിൽ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക