ഇന്ന് ദേശീയ കശുവണ്ടി ദിനം. പായസം മുതല്‍ ഉപ്പുമാവില്‍ വരെ കശുവണ്ടി ഉപയോഗിക്കുന്നവരാണ് നമ്മൾ. ജനങ്ങളുടെ ഈ കശുവണ്ടിയോടുള്ള പ്രിയമാണ് കശുവണ്ടിക്കായി ഒരു ദിനം വേണമെന്ന ആശയത്തിന് പിന്നിലും. ബ്രസീലിലെ ആമസോണ്‍ കാടുകളാണ് കശുമാവിന്റെ സ്വദേശം എന്നാണ് വിശ്വാസം. പിന്നീട് പോർച്ചുഗീസുകാരാണ് കശുവണ്ടിയെ വിവിധ ഭൂഖണ്ഡങ്ങളില്‍ എത്തിച്ചത്. ഇന്ന് ബ്രസീല്‍, വീയറ്റ്‌നാം, ഇന്ത്യ ഉള്‍പ്പെടെ നിരവധി ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ വ്യാപാരടിസ്ഥാനത്തില്‍ കശുവണ്ടി കൃഷി ചെയ്യുന്നുണ്ട്.
ബ്രസീലില്‍ 1558 കാലഘട്ടത്തിലാണ് കശുവണ്ടി കണ്ടെത്തുന്നത്. അവയില്‍ അടങ്ങിയിരിക്കുന്ന അനാകാര്‍ഡിക് ആസിഡ് ത്വക്കിന് അസ്വസ്ഥത ഉണ്ടാക്കുമെന്നതിനാല്‍ അവ കഴിക്കാന്‍ യോഗ്യമല്ലെന്നായിരുന്നു ആദ്യകാലങ്ങളില്‍ യൂറോപ്യര്‍ വിശ്വസിച്ചിരുന്നത്. ഇവ റോസ്റ്റ് ചെയ്യാന്‍ പഠിച്ചതോടെയാണ് കശുവണ്ടിയുടെ രുചി അവർ അറിയുന്നതും കശുവണ്ടിക്ക് യൂറോപ്പിൽ കൂടുതൽ പ്രചാരം ലഭിക്കുന്നതും.
പോർച്ചുഗീസ് ഭാഷയിൽ കശുമാവിന് ‘കാജു’ എന്നാണ് പറയുന്നത്. പരിപ്പ് എന്നതിന് ടുപിയൻ വാക്കായ ‘അകാജു’ വിൽ നിന്നാണ് പോർച്ചുഗീസ് ഈ വാക്ക് സ്വീകരിച്ചത്. കാജു എന്ന വാക്കിൽ നിന്നാണ് ഇംഗ്ലീഷിൽ കാഷ്യു രൂപപ്പെട്ടത്. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതാണ് കശുവണ്ടി. പ്രോട്ടീൻ, ധാതുക്കളായ കോപ്പർ, കാത്സ്യം, മഗ്നീഷ്യം, അയേൺ, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയുടെ കലവറയാണ്. കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ ബി1, വിറ്റാമിൻ ബി2, വിറ്റാമിൻ ബി3, വിറ്റാമിൻ ബി6, ഫോളേറ്റ്, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവ കശുവണ്ടിയിൽ ധാരാളമുണ്ട്. കൂടാതെ ഒമേഗ 9 ഫാറ്റി ആസിഡ് ആയ ഒലെയിക് ആസിഡ് വളരെയധികം അടങ്ങിയിട്ടുണ്ട്.
പോർച്ചുഗീസുകാരുടെ അധിനിവേശ സമയത്താണ് ആദ്യമായി കശുവണ്ടി ഇന്ത്യയിലേക്ക് കപ്പൽ കയറുന്നത്. 1560 കളില്‍ ഗോവയില്‍ പോര്‍ച്ചുഗീസ് മിഷനറിമാർ കൊണ്ടുവന്ന കശുവണ്ടി പിന്നീട് ഇന്ത്യക്കാരുടെ ഇഷ്ട വിഭവമായി. പിന്നീട് തെക്കുകിഴക്കൻ ഏഷ്യയിലേയ്ക്കും പിന്നീട് അഫ്രിക്കയിലേയ്ക്കും ഇത് സഞ്ചരിച്ചു. രാജ്യങ്ങൾ തമ്മിൽ കയറ്റുമതി, ഇറക്കുമതി സജീവമായതോടെ ലോകത്തിന് മുഴുവൻ പ്രിയപ്പെട്ടതായി മാറി. ഗോവയിൽ കശുമാങ്ങ ജ്യൂസിൽ നിന്ന് പ്രത്യേകമായി തയ്യാറാക്കുന്ന മദ്യമാണ് ഫെന്നി. 40 മുതൽ 42 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയതാണ് ഇത്.
1905 നാണ് അമേരിക്കയില്‍ കശുവണ്ടി എത്തുന്നത്. ഇന്നിപ്പോൾ ലോകത്ത് ഉദ്പാദിപ്പിയ്ക്കുന്ന കശുവണ്ടിയുടെ 90 ശതമാനവും ഉപയോഗിക്കുന്നത് അമേരിക്കയാണ്. കശുവണ്ടിയുടെ പുറംതോട് മറ്റ് പല ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നുണ്ട്. പെയിന്റ്, ല്യൂബ്രികന്റ്സ് എന്നിവ തയ്യാറാക്കാൻ ഇത് ഉപയോഗിക്കുന്ന രീതി രണ്ടാംലോക മഹായുദ്ധ കാലം മുതൽ ആരംഭിച്ചിരുന്നു. ഒരു സാധാരണ സ്‌നാക് എന്നതില്‍ ഉപരി ബട്ടര്‍, ചീസ്, എണ്ണ തുടങ്ങിയവയും കശുവണ്ടിയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നുണ്ട്.
കശുവണ്ടിയുടെ ആരോഗ്യഗുണങ്ങൾ
കശുവണ്ടിയിൽ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിക്കും.
മഗ്നീഷ്യം, പൊട്ടാസ്യം, എൽ-അർജിനൈൻ തുടങ്ങിയ ധാതുക്കളും ആരോഗ്യകരമായ അൺസാച്ചുറേറ്റഡ് കൊഴുപ്പുകളും കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്. അവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
കശുവണ്ടിയിൽ അടങ്ങിയ സിങ്കും വിറ്റാമിനുകളും രോഗപ്രതിരോധത്തെ ശക്തിപ്പെടുത്താൻ സഹായിക്കും.
കശുവണ്ടിയിലെ കോപ്പറും കാൽസ്യവും എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും.
കശുവണ്ടിയിൽ അടങ്ങിയിട്ടുള്ള കോപ്പർ മുടിയുടെ നിറം വർധിപ്പിക്കാൻ സഹായിക്കുന്നു. ഫാറ്റി ആസിഡുകൾ മുടിയുടെ തിളക്കവും ആരോഗ്യവും സംരക്ഷിക്കുന്നു.
സിങ്ക് ധാരാളമായി അടങ്ങിയിട്ടുള്ള കശുവണ്ടി പുരുഷന്മാരിൽ ബീജത്തിന്റെ ആരോഗ്യം വർധിപ്പിക്കാനും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക