മഞ്ഞുകാലത്ത് മിക്കയാളുകളും നേരിടുന്ന പ്രശ്നം ചുണ്ടുകൾ വരണ്ടു പൊട്ടുന്നതാണ്. ചുണ്ടിലെ ചര്‍മം ശരീരത്തിലെ മറ്റ് ഭാഗത്തെ ചര്‍മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല. എന്നാൽ ചിലർ നാവ് കൊണ്ട് ചുണ്ട് നനയ്ക്കുന്ന ശീലമുണ്ട്. ഇത് ചുണ്ടുകള്‍ കൂടുതൽ ഉണങ്ങാൻ കാരണമാക്കും.
നമ്മുടെ ചര്‍മത്തിന്‍റെ പിഎച്ച് ലെവല്‍ 4.5 ആണ്. അതേസമയം ഉമിനീരിന്റെ പിഎച്ച് ലെവല്‍ എട്ടിന് മുകളിലാണ്. അതിനാൽ നാവ് കൊണ്ട് ചുണ്ടു നനയ്ക്കുന്നത് താല്‍ക്കാലിക ആശ്വാസമാകുമെങ്കിലും പിന്നീട് ചുണ്ടുകള്‍ വരണ്ടു പോകാൻ കാരണമാകും. ചുണ്ടിലെ നനവ് നിലനിർത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിപൊടിക്കൈകളുണ്ട്.
വെളിച്ചെണ്ണ
ചുണ്ടുകളിലെ മോയ്‌സ്ച്വർ നിലനിർത്താൻ വെളിച്ചെണ്ണ പുരട്ടുന്നത് സഹായിക്കും. ചുണ്ടുകളില്‍ നിന്ന് മൃതകോശങ്ങള്‍ നീക്കി, ചുണ്ടുകളിൽ തൊലി പൊളിഞ്ഞിരിക്കുന്ന അവസ്ഥയും ഒഴിവാക്കും. ദിവസത്തിൽ രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുന്നത് നല്ലതാണ്.
വെള്ളരിക്കാനീര്
ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഏറ്റവും നല്ലതാണ് വെള്ളരിക്കാനീര്. ദിവസവും രാവിലെയും രാത്രിയും ഉറങ്ങുന്നതിനു മുമ്പ് വെള്ളരിക്കാനീരും റോസ് വാട്ടറും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിനു നിറം നൽകാനും വരൾച്ച തടയാനും സഹായിക്കും.
നെയ്യ്
ചുണ്ടിലെ വരൾച്ച മാറ്റാൻ ഉപയോഗിക്കാവുന്ന മറ്റൊന്നാണ് നെയ്യ്. രാത്രി ഉറങ്ങുന്നതിനു മുൻപും അൽപം നെയ്യ് ചുണ്ടിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നതു തടയാൻ സഹായിക്കും.
റോസ് വാട്ടർ
വരണ്ട ചർമം ഒഴിവാക്കാൻ ദിവസവും റോസ് വാട്ടർ ഉപയോഗിക്കാം. ഒലിവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നത് ഇരട്ടിഫലം നൽകും. ഇത് ദിവസവും രണ്ടു നേരം പുരട്ടാം. വരണ്ട് പൊട്ടുന്നത് അകറ്റുക മാത്രമല്ല ചുണ്ടിന് നിറം നൽകാനും റോസ് വാട്ടർ മികച്ചതാണ്.
ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
രാത്രി ഉറങ്ങുന്നതിന് മുമ്പ് ലിപ് ബാം പുരട്ടുക. രാവിലെ ചുണ്ടുകൾ വരണ്ടിരിക്കാതിരിക്കാൻ ഇത് സഹായിക്കും.
രാവിലെ പല്ല് തേച്ചതിന് ശേഷം ചുണ്ടുകളിലെ ഡെഡ് സ്‌കിൻ നീക്കം ചെയ്യാൻ ചുണ്ടുകൾ മൃദുവായി ബ്രഷ് ചെയ്യുന്നത് മൃതകോശങ്ങള്‍ നീക്കാൻ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക